| Thursday, 21st March 2024, 8:36 pm

പഞ്ചാബും ക്യാപ്റ്റനെ മാറ്റിയോ? ആരാധകർ ആദ്യമൊന്ന് ഞെട്ടി! പിന്നെ കാര്യം പിടികിട്ടി; സംഭവം ഇങ്ങനെ

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്ന ഐ.പി.എല്‍ ആരംഭിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളൂ. ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മത്സരമാണ് നടക്കുക.

ഐ.പി.എല്ലിന് മുന്നോടിയായി ടൂര്‍ണമെന്റില്‍ കളിക്കുന്ന എല്ലാ ടീമുകളുടെയും ക്യാപ്റ്റന്മാരെ ഉള്‍കൊള്ളിച്ചുകൊണ്ടുള്ള ഫോട്ടോഷൂട്ട് നടന്നിരുന്നു. ഫോട്ടോയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എം.എസ്. ധോണിക്ക് പകരം ഋതുരാജ് ഗെയ്ഗ്വാദ് ആയിരുന്നു ഉണ്ടായിരുന്നത്.

ഈ ഫോട്ടോയില്‍ ധോണി ഇല്ലാതിരുന്നതിന് പിന്നാലെയാണ് ആരാധകര്‍ ധോണി ചെന്നൈയുടെ ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നുവെന്ന വിവരം അറിയുന്നത്. ഇതിനുശേഷമായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ സ്ഥാനം ധോണി മാറിയത് ഔദ്യോഗികമായി അറിയിച്ചത്.

എന്നാല്‍ ഫോട്ടോയില്‍ പഞ്ചാബ് കിങ്‌സിന്റെ നായകന്‍ ശിഖര്‍ ധവാന് പകരം ജിതേഷ് ശര്‍മയായിരുന്നു ഉണ്ടായിരുന്നത്. ഇതിന് പിന്നാലെ ധവാനു പകരം പഞ്ചാബിന്റെ പുതിയ ക്യാപ്റ്റനായി ജിതേഷ് ശര്‍മയെ നിയമിച്ചുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

എന്നാല്‍ യഥാര്‍ത്ഥ വസ്തുത എന്താണെന്ന് പിന്നീട് പുറത്തുവരികയായിരുന്നു. പഞ്ചാബ് കിങ്‌സിന്റെ പുതിയ വൈസ് ക്യാപ്റ്റനായി ജിതേഷ് ശര്‍മയെ നിയമിച്ചുവെന്ന വാര്‍ത്തയാണ് ഐ.പി.എല്ലിന്റെ ഓഫീഷ്യല്‍ പേജിലൂടെ പുറത്തുവന്നത്.

പഞ്ചാബ് നായകന്‍ ശിഖര്‍ ധവാന് ഫോട്ടോഷൂട്ടില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. അതുകൊണ്ടാണ് പഞ്ചാബിന്റെ പുതിയ വൈസ് ക്യാപ്റ്റനായ ജിതേഷ് ശര്‍മ പഞ്ചാബിനെ പ്രതിനിധീകരിച്ചുകൊണ്ട് ഫോട്ടോ ഷൂട്ടില്‍ പങ്കെടുത്തത്.

2022ലാണ് ജിതേഷ് പഞ്ചാബ് ടീമിന്റെ ഭാഗമാകുന്നത്. പഞ്ചാബിനായി 26 മത്സരങ്ങളില്‍ നിന്നും 543 റണ്‍ ആണ് ഈ വലംകയ്യന്‍ ബാറ്റര്‍ അടിച്ചെടുത്തത്. കഴിഞ്ഞ സീസണില്‍ 14 മത്സരങ്ങളില്‍ നിന്നും 309 റണ്‍സും താരം നേടിയിരുന്നു. പഞ്ചാബിനായി നടത്തിയ ഈ മിന്നും പ്രകടനങ്ങള്‍ക്ക് പിന്നാലെ താരം ഇന്ത്യന്‍ ടീം ജേഴ്‌സി അണിഞ്ഞു.

2023ല്‍ നടന്ന ഏഷ്യന്‍ ഗെയിംസിലാണ് താരം ആദ്യമായി ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചത്. ഇന്ത്യക്കായി ഒമ്പത് ടി-20 മത്സരങ്ങളില്‍ ഏഴ് ഇന്നിങ്‌സില്‍ നിന്നും 100 റണ്‍സാണ് താരം നേടിയത്.

അവസാന ഓവറുകളില്‍ വന്ന് തകര്‍ത്തടിക്കാനുള്ള കഴിവാണ് ജിതേഷിനെ വ്യത്യസ്തനാക്കുന്നത്. പുതിയ സീസണില്‍ പഞ്ചാബിന്റെ വൈസ് ക്യാപ്റ്റന്‍ റോളില്‍ മിന്നും പ്രകടനം നടത്തിക്കൊണ്ട് ജൂണില്‍ നടക്കുന്ന ടി-20 ലോകകപ്പില്‍ ഇടം നേടാനാവും ജിതേഷ് ലക്ഷ്യം വെക്കുക.

അതേസമയം മാര്‍ച്ച് 23ന് ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെയാണ് പഞ്ചാബിന്റെ ആദ്യ മത്സരം. മഹാരാജ യാദവിന്ദ്ര സിങ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി.

Content Highlight: Jithesh Sharma is the new vice captain of Punjab Kings

We use cookies to give you the best possible experience. Learn more