ഒരഭിനേതാവ് എപ്പോഴാണ് വിജയിയെന്ന് വിശേഷിപ്പിക്കപ്പെടുന്നത് എന്ന് ഞാന്‍ ചിലപ്പോഴൊക്കെ ചിന്തിക്കാറുണ്ട്. തൊണ്ണൂറുകളില്‍ നിരന്തരം ക്വാളിറ്റി എന്റര്‍ടെയിനറുകള്‍ തന്നു കൊണ്ടിരുന്നപ്പോള്‍ മോഹന്‍ലാലും, ഓരോ ബോക്‌സ് ഓഫീസ് തകര്‍ച്ചയില്‍ നിന്നും ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേറ്റു കൊണ്ടിരുന്ന മമ്മൂട്ടിയും എനിക്ക് വിജയികളുടെ ഛായകളുള്ളവരാണ്. പിന്നീട് കുറേ കഴിഞ്ഞപ്പോള്‍ സിനിമയുടെ വിജയപരാജയങ്ങള്‍ക്കപ്പുറം അഭിനേതാവിന്റെ പ്രകടനത്തെ വിലയിരുത്താന്‍ സാധിക്കുന്ന ഒരു ഘട്ടത്തിലെത്തിയപ്പോള്‍ എന്നെ സംബന്ധിച്ചിടത്തോളം ഭരത് ഗോപിയും തിലകനുമൊക്കെ സര്‍വവിജയികളുടെ നിരയിലേറി.
25 കൊല്ലം മുമ്പ് തൊടുപുഴ ശ്രീകൃഷ്ണയില്‍ നിന്ന് അനിയത്തിപ്രാവ് കാണുമ്പോള്‍ എന്നിലെ പതിനഞ്ചുകാരനും മറ്റു പലരെയും പോലെ കുഞ്ചാക്കോ ബോബന്‍ കാല്‍പനികതയുടെ എപ്പിടോമായ യവനദേവനായിരുന്നു. പ്രണയത്തിന്റെ വേദനഛവികള്‍ ആ ചോക്ലേറ്റ് മുഖത്ത് വരുത്തിയിരുന്ന വിങ്ങലുകളില്‍ എന്റെ എത്രയോ പ്രണയസന്ധ്യകള്‍ വിളര്‍ത്തസ്തമിച്ചു. നക്ഷത്രത്താരാട്ടിലും, മയില്‍പീലിക്കാവിലും, പ്രേം പൂജാരിയിലുമൊക്കെ ഞാനയാളുടെ ശരീരഭാഷയില്‍ എന്റെ പ്രണയസങ്കല്‍പങ്ങളെ സാക്ഷാത്കരിച്ചു. നിറത്തില്‍ ശാലിനി തന്റെ സന്ദേഹങ്ങള്‍ അയാളോടു പറയുന്ന സന്ധ്യയില്‍ അയാള്‍ക്കൊപ്പം എന്റെയുടലും നിര്‍ലജ്ജം ഏതോ അഴലില്‍ തളര്‍ന്നുപോയി.
പിന്നീടങ്ങോട്ട് തിരിച്ചിറക്കത്തിന്റെ നാളുകളായിരുന്നു. റൊമാന്റിക് നായകനില്‍ നിന്നും തിരിഞ്ഞു നടക്കാന്‍ തുടങ്ങിയപ്പോഴൊക്കെ മലയാളി അയാളെ നിര്‍ദയം തഴഞ്ഞു. 2002ല്‍ സ്വപ്നക്കൂടില്‍ അന്നത്തെ ടീനേജ് സെന്‍സേഷനായ പൃഥ്വിരാജിനൊപ്പം അഭിനയിക്കുമ്പോള്‍ അയാള്‍ക്കു പുറകില്‍ എന്നോ കഴിഞ്ഞ കാലം പോലെ കാല്‍പനികത നിശ്ചലമായി നിന്നു. അനിയത്തിപ്രാവില്‍ നിന്നും സ്വപ്നക്കൂടിലേക്കുള്ള അഞ്ച് വര്‍ഷങ്ങള്‍ അതിലേറെക്കാലത്തിന്റെ പ്രതീതിയുണര്‍ത്തിയിരുന്നു.
തൊട്ടതൊക്കെയും പിഴയ്ക്കുന്ന കാലമായിരുന്നു ചാക്കോച്ചനെ കാത്തിരുന്നത്. ഒരു തരത്തിലും കരിയറിനെയോ ബോക്‌സ് ഓഫീസിനെയോ സ്വാധീനിക്കാത്ത ഒട്ടേറെ കഥാപാത്രങ്ങള്‍ അയാളില്‍ നിന്നും പിറന്നു വീണു. പതുക്കെ മറ്റൊരു ശങ്കറിനെ അനുസ്മരിപ്പിക്കുമാറ്, ചാക്കോച്ചന്‍ വിസ്മൃതിയിലേക്ക് മറയാന്‍ തുടങ്ങുകയായിരുന്നു.
അപ്പോഴാണ് 2011ല്‍ രാജേഷ് പിള്ളയും ബോബി-സഞ്ജയ് ടീമും ചേര്‍ന്ന് ഡോ.ഏബിള്‍ തര്യന്‍ എന്ന കഥാപാത്രവുമായി ചാക്കോച്ചനെ സമീപിക്കുന്നത്. ടിപ്പിക്കല്‍ ബോബി-സഞ്ജയ് ഗ്രേ ഷേഡ് പേറിയിരുന്ന ഏബിള്‍ ചാക്കോച്ചനെ സംബന്ധിച്ചിടത്തോളം ഒരു റിഡംപ്ഷന്റെ തുടക്കമാവുകയായിരുന്നു. അന്നുവരെ അയാളില്‍ കണ്ടുശീലിച്ച ഭാവങ്ങളെ കുടഞ്ഞു കളയുന്ന അനുഭവമായിരുന്നു ഏബിള്‍. മലയാളസിനിമയില്‍ എല്ലാ അര്‍ത്ഥത്തിലും ട്രെന്‍ഡ് സെറ്ററായി മാറിയ ട്രാഫിക് ചാക്കോച്ചന് ശരിക്കുമൊരു കരിയര്‍ ഡിഫൈനിങ്ങ് സിനിമയായിരുന്നു.
ബോക്‌സ് ഓഫീസ് ഹിറ്റായ സീനിയേഴ്‌സിലും, പരാജയമായ റേസിലും ഗ്രേ ഷേഡുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ അയാള്‍ മടിച്ചില്ല. അതിനിടക്കും മല്ലുസിംഗും, ഓര്‍ഡിനറിയും പോലുള്ള സിനിമകള്‍ ഡെലിവര്‍ ചെയ്യാനും ചാക്കോച്ചന് കഴിയുന്നുണ്ടായിരുന്നു. ഗോഡ് ഫോര്‍ സെയിലിലും വിശുദ്ധനിലും കൊന്തയും പൂണൂലിലും അഭിനയിക്കുമ്പോള്‍ തന്നെ അതിനിടയില്‍ റോമന്‍സും 3 ഡോട്ട്‌സും അവതരിപ്പിക്കാനും അയാള്‍ മറന്നില്ല.
ഹൗ ഓള്‍ഡ് ആര്‍ യൂ പോലെയുള്ള സ്ത്രീപക്ഷ സിനിമകളുടെയും ചിറകൊടിഞ്ഞ കിനാക്കള്‍ പോലെയുള്ള പരീക്ഷണസിനിമകളുടെയും ഭാഗമാകാന്‍ അയാളുടെ നായകപരിവേഷം തടസമായതേയില്ല. ട്രാഫിക്കിനു ശേഷം 5 വര്‍ഷങ്ങള്‍ക്കു ശേഷമാണ് രാജേഷ് പിള്ള മെല്‍വിന്‍ ഫിലിപ്പെന്ന വെല്ലുവിളിയുയര്‍ത്തുന്ന കഥാപാത്രവുമായി, വേട്ടയ്ക്കു വേണ്ടി ചാക്കോച്ചനെ സമീപിക്കുന്നത്. പ്രതിഭാസ്പര്‍ശത്താല്‍ തന്നേക്കാള്‍ മുന്‍തൂക്കമുണ്ടെന്ന് വിലയിരുത്തപ്പെടുന്ന മഞ്ജുവാര്യരുടെയും ഇന്ദ്രജിത്തിന്റെയും മുന്നില്‍ അവരെ അക്ഷരാര്‍ത്ഥത്തില്‍ നിഷ്പ്രഭരാക്കുകയായിരുന്നു ചാക്കോച്ചന്‍.
ഇന്നും മെല്‍വിനും അയാളുടെ നിഗൂഢതയൊളിപ്പിച്ച ആ ചിരിയും എനിക്കൊരു പ്രഹേളികയാണ്. ടേക്ക് ഓഫ്, രാമന്റെ ഏദന്‍ തോട്ടം തുടങ്ങി ചാക്കോച്ചന്‍ ഭാഗമായ വേറിട്ട ചിത്രങ്ങള്‍ നിരവധിയായിരുന്നു അക്കാലത്ത്. 2019 ല്‍ അള്ളു രാമേന്ദ്രനു ശേഷം ചാക്കോച്ചന്റെ കരിയറിലെ ഏറ്റവും എക്‌സൈറ്റിംഗായ ഫേസ് ആരംഭിക്കുകയാണ്. വൈറസും അഞ്ചാം പാതിരയും നായാട്ടും നിഴലും ഭീമന്റെ വഴിയും ഇപ്പോള്‍ പടയുമൊക്കെ തന്റെ കംഫേര്‍ട്ട് സോണില്‍ നിന്നും പ്രകാശവര്‍ഷങ്ങള്‍ അകലെയുള്ള കുഞ്ചാക്കോ കഥാപാത്രങ്ങളാണ്.
യാതൊരു തരത്തിലും പ്രവചിക്കാന്‍ കഴിയാത്ത തരത്തിലുള്ള പ്രൊജക്ടുകളുടെ ഭാഗമാണയാളിപ്പോള്‍. മോളിവുഡിലെ ഏറ്റവും വെഴ്‌സറ്റൈലായ അപ് കമിംഗ് ഫിലിമോഗ്രഫിയും ഒരുപക്ഷേ അയാളുടേതായിരിക്കണം. ഒറ്റ്, ന്നാ താന്‍ കേസ് കൊട്, എന്താടാ സജി, പത്മിനി, അയാള്‍ തുറന്നിടുന്ന ജാലകങ്ങള്‍ക്കകത്തെ കാഴ്ചകള്‍ ഒരു തരത്തിലും പ്രവചിക്കാനാകാത്ത വിധം വ്യത്യസ്തമാണ്. കരിയറിന്റെ ഘട്ടത്തില്‍ വ്യത്യസ്തമായ ഒന്നിന്റെയും ഭാഗമാകാന്‍ കഴിയാതെ തളര്‍ന്നു നിന്ന ഒരാള്‍ ഇതിലും ഗംഭീരമായി തിരിച്ചുവന്ന കഥകള്‍ മലയാളസിനിമയില്‍ത്തന്നെ അധികമുണ്ടാകില്ല.
ബോക്‌സ് ഓഫീസില്‍ എന്ത് ഇംപാക്ട് ഉണ്ടാക്കുന്നു എന്നതിനപ്പുറം നിരന്തരം തന്റെ സ്‌കോപ്പ് ഓഫ് ഫീല്‍ഡിനെ പരമാവധി എക്സ്റ്റന്‍ഡ് ചെയ്യുന്ന കുഞ്ചാക്കോ ബോബന്‍ എന്ന അഭിനേതാവിനെ വിജയി എന്നു തന്നെ വിശേഷിപ്പിക്കാനാഗ്രഹിക്കുന്നു. അനിയത്തിപ്രാവിലെ സുധിയില്‍ നിന്നും ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലെ രാജീവനിലേക്ക് അയാളുടെ ശരീരഭാഷ നടന്നു കയറിയ പാതയും ദൂരവും എന്നെ അത്രമേല്‍ ആവേശഭരിതനാക്കുന്നുണ്ട്.
Content Highlights: Jithesh Mangalath writes about Kunchacko Boban