അവസാന ശ്വാസം വരെ നിതീഷിനൊപ്പം; ബി.ജെ.പി സഖ്യ സാധ്യത തള്ളി ജിതന്‍ റാം മാഞ്ജി
national news
അവസാന ശ്വാസം വരെ നിതീഷിനൊപ്പം; ബി.ജെ.പി സഖ്യ സാധ്യത തള്ളി ജിതന്‍ റാം മാഞ്ജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 14th April 2023, 8:33 am

പട്‌ന: ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബി.ജെ.പിയിലേക്ക് കൂടുമാറുമെന്ന അഭ്യൂഹങ്ങളെ തള്ളി ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച നോതാവുമായ ജിതന്‍ റാം മാഞ്ജി.

ബീഹാറില്‍ നിതീഷ് കുമാര്‍ സര്‍ക്കാരിന്റെ സഖ്യകക്ഷിയായ മാഞ്ജി കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച ബി.ജെ.പി പാളയത്തിലേക്ക് അടുക്കുമെന്ന തരത്തില്‍ വാര്‍ത്തകളും പുറത്ത് വന്നിരുന്നു. ഇതിനിടയിലാണ് വാര്‍ത്തകളെ തള്ളി മാഞ്ജി തന്നെ രംഗത്തെത്തിയിരിക്കുന്നത്.

തന്റെ അവസാന ശ്വാസം വരെ നിതീഷ് കുമാറിനോടൊപ്പം നില്‍ക്കുമെന്നും ചെറു പാര്‍ട്ടികളെ ഇല്ലാതാക്കുന്ന ബി.ജെ.പി സമീപനത്തോട് എങ്ങനെയാണ് സന്ധി ചെയ്യാനാവുകയെന്നും അദ്ദേഹം പറഞ്ഞതായി സിയാസത് റിപ്പോര്‍ട്ട് ചെയ്തു.

‘ എന്‍.ഡി.എയോടൊപ്പം യാതൊരു തരത്തിലും സഹകരിക്കില്ല. നിതീഷ് കുമാറിനൊപ്പം അവസാന ശ്വാസം വരെ അണിനിരക്കുമെന്ന് ശപഥം എടുത്തയാളാണ് ഞാന്‍. രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാനുള്ള എല്ലാ കഴിവും പ്രാപ്തിയുമുള്ള ആളാണ് നിതീഷ് കുമാര്‍.

പ്രതിപക്ഷ ഐക്യത്തിനായി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്ന അദ്ദേഹത്തിനോടൊപ്പമാണ് ഞാന്‍ നില്‍ക്കുന്നത്. രാജ്യത്തെ ചെറുപാര്‍ട്ടികളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പി പോലൊരു സംഘടനയോട് എങ്ങനെയാണ് ഞങ്ങള്‍ക്ക് സഹകരിക്കാനാവുക. ഞങ്ങള്‍ ബീഹാറില്‍ നിന്നുള്ള ചെറിയ പാര്‍ട്ടിയാണ്,’ ജിതന്‍ റാം മാഞ്ജി പറഞ്ഞു.

സഖ്യസാധ്യതകളെ തള്ളിയ മാഞ്ജി ഇന്ത്യയുടെ പര്‍വ്വത മനുഷ്യന്‍ ദശരഥ് മാഞ്ജിക്ക് ഭാരത രത്‌ന നല്‍കണമെന്ന് താന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടെന്നും പറഞ്ഞു. കൂട്ടത്തില്‍ ബീഹാറിലെ ഗയ ജില്ലയിലെ ആര്‍മി ക്യാമ്പിലുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ അമിത് ഷായോട് ആവശ്യപ്പെട്ടെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

‘ഇന്ത്യയുടെ മൗണ്ടന്‍ മാന്‍ ദശരഥ് മാഞ്ജിക്ക് ഭാരത രത്‌ന നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഞാന്‍ അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തിയത്. കൂട്ടത്തില്‍ ഗയയിലെ ബരാചട്ടി ആര്‍മി ഫയറിങ് റേയ്ഞ്ചില്‍ നടന്ന വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടാനുമാണ് ഞാന്‍ കേന്ദ്രമന്ത്രിയെ സന്ദര്‍ശിച്ചത്,’ അദ്ദേഹം പറഞ്ഞു.

നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ മഹാഘട്ബന്ദന്‍ സര്‍ക്കാരില്‍ നാല് സീറ്റുകള്‍ മാത്രമാണ് ജിതന്‍ റാം മാഞ്ജിയുടെ പാര്‍ട്ടിക്കുള്ളത്. അതുകൊണ്ട് തന്നെ ചെറുപാര്‍ട്ടികളെ സഖ്യത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ഐക്യ സര്‍ക്കാരിനെ തകര്‍ക്കാനുള്ള ബി.ജെ.പി ശ്രമങ്ങള്‍ നടക്കുന്നതായും വാര്‍ത്തകളുണ്ടായിരുന്നു.

ഇതിന് മുമ്പ് ബീഹാറിലെ പ്രമുഖ ദളിത് നേതാവായ മാഞ്ജിയെ ബി.ജെ.പി നോട്ടമിട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ തന്നെ നേരിട്ട് മുന്നറിയിപ്പും നല്‍കിയിരുന്നു. പൂര്‍ണയില്‍ നടന്ന സമ്മേളനത്തിലായിരുന്നു നിതീഷ് കുമാറിന്റെ പരാമര്‍ശം.

അതേസമയം രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തിനായി നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസും ആര്‍.ജെ.ഡിയും ദല്‍ഹിയില്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

Content Highlight: jithan ram manji denies bjp alliance