ഇന്ത്യ – ബംഗ്ലാദേശ് ടി-20 പരമ്പരയില്‍ അവസരം ലഭിക്കുമെന്ന് ആരാധകര്‍ പ്രതീക്ഷ താരങ്ങളില്‍ ഒരാളായിരുന്നു വിക്കറ്റ് കീപ്പര്‍ ബാറ്ററും പഞ്ചാബ് കിങ്‌സ് സൂപ്പര്‍ താരവുമായ ജിതേഷ് ശര്‍മ. എന്നാല്‍ മൂന്ന് മത്സരത്തിലും ടീം സഞ്ജു സാംസണ് അവസരം നല്‍കിയപ്പോള്‍ ജിതേഷിന് ബെഞ്ചില്‍ തന്നെയിരിക്കേണ്ടി വന്നു.
ആദ്യ മത്സരത്തില്‍ സഞ്ജു മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ചെങ്കിലും രണ്ടാം മത്സരത്തില്‍ മങ്ങി. ഇതോടെ ഹൈദരാബാദ് ടി-20യില്‍ ജിതേഷിന് അവസരമൊരുങ്ങുമെന്നാണ് ആരാധകരും പല ക്രിക്കറ്റ് അനലിസ്റ്റുകളും വിലയിരുത്തിയത്. എന്നാല്‍ അതുണ്ടായില്ല. മൂന്നാം മത്സരത്തില്‍ സെഞ്ച്വറി നേടിയ സഞ്ജു ടീമില്‍ തന്റെ സ്ഥാനം ഉറപ്പിക്കുന്നതായി ആ പ്രകടനത്തെ മാറ്റിയെടുത്തു.
സഞ്ജുവും ജിതേഷും മാത്രമല്ല, റിഷബ് പന്ത്, ധ്രുവ് ജുറെല്‍, ഇഷാന്‍ കിഷന്‍, കെ.എല്‍. രാഹുല്‍ തുടങ്ങി വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് മത്സരാര്‍ത്ഥികളേറെയാണ്. ഇന്ത്യന്‍ ജേഴ്‌സിയില്‍ വിക്കറ്റ് കീപ്പറാകുമെന്ന് പ്രതീക്ഷയുണ്ടെങ്കിലും ആരുമായി മത്സരത്തിനോ താരതമ്യത്തിനോ ഇല്ല എന്നാണ് ജിതേഷിന്റെ നിലപാട്.
‘മറ്റൊരു വിക്കറ്റ് കീപ്പറുമായും താരതമ്യം ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. മികച്ച പ്രകടനം പുറത്തെടുക്കാനും വളരാനുമാണ് എല്ലാ വിക്കറ്റ് കീപ്പര്‍മാരും ആഗ്രഹിക്കുന്നത്. അല്ലാതെ പരസ്പരം താരതമ്യം ചെയ്യുന്നതില്‍ അര്‍ത്ഥമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.
ഓരോരുത്തരും വ്യത്യസ്തമായ ശൈലിയിലാണ് കളിക്കുന്നത്. ഓരോരുത്തരുടെയും രീതിയും റോളുകളും വ്യത്യസ്തമാണ്,’ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ ജിതേഷ് ശര്‍മ പറഞ്ഞു.
ക്യാപ്റ്റനും പരിശീലകനും മികച്ച പിന്തുണയാണ് നല്‍കുന്നതെന്നും ശര്‍മ പറഞ്ഞു.
‘ഇന്ത്യന്‍ ടീമിലെത്തുമ്പോള്‍ മിക്ക താരങ്ങളുടേയും പ്രധാന ആശങ്ക ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ സാധിക്കുമോ എന്നതായിരിക്കും. ഓരോരുത്തര്‍ക്കും ഇത് വ്യത്യസ്തമായ രീതിയിലാവും.
വ്യത്യസ്തമായ രീതിയിലാണ് ഓരോരുത്തരും സമ്മര്‍ദത്തെ കൈകാര്യം ചെയ്യുന്നത്. ചിലര്‍ക്ക് പെട്ടെന്ന് ഇതിനോടൊപ്പം പൊരുത്തപ്പെടാന്‍ സാധിക്കും. എന്നാല്‍ എല്ലാവര്‍ക്കും അങ്ങനെ സാധിക്കണമെന്നില്ല.
ഗൗതം ഗംഭീറും സൂര്യകുമാറും സുരക്ഷിതത്വമാണ് നമുക്ക് നല്‍കുന്നത്. പരിശീലകന്‍ ഇങ്ങനെ പിന്തുണയ്ക്കുമ്പോള്‍ താരങ്ങള്‍ക്ക് സ്വാതന്ത്ര്യത്തോടെ കളിക്കാന്‍ സാധിക്കും.
ഒന്നോ രണ്ടോ മോശം ഇന്നിങ്സുകൊണ്ട് അവനെ വിലയിരുത്താന്‍ ഗംഭീര്‍ തയ്യാറാവില്ല. വേണ്ട പിന്തുണ നല്‍കിയാല്‍ താരങ്ങള്‍ക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുമെന്ന് ഉറച്ചുവിശ്വസിക്കുന്ന പരിശീലകനാണ് അദ്ദേഹം,’ ജിതേഷ് ശര്‍മ കൂട്ടിച്ചേര്‍ത്തു.
Content highlight: Jitesh Sharma about Wicket Keeping