| Wednesday, 16th October 2024, 7:57 am

മാനേജ്‌മെന്റ് സഞ്ജുവിനെ പിന്തുണയ്ക്കുന്നത് കാണുമ്പോള്‍ ഏറെ സന്തോഷം: വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ

സ്പോര്‍ട്സ് ഡെസ്‌ക്

ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം മത്സരത്തില്‍ തിളങ്ങിയാണ് സഞ്ജു സാംസണ്‍ തനിക്കെതിരെ ഉയര്‍ന്നുവന്ന വിമര്‍ശനങ്ങളുടെ മുനയൊടിച്ചത്. നേരിട്ട 40ാം പന്തില്‍ നൂറടിച്ച മലയാളി ടി-20യില്‍ ഇന്ത്യക്കായി സെഞ്ച്വറി നേടുന്ന ആദ്യ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന നേട്ടവും വേഗത്തില്‍ ഈ നേട്ടത്തിലെത്തുന്ന രണ്ടാമത് താരം എന്ന നേട്ടവും സ്വന്തമാക്കിയിരുന്നു. 35 പന്തില്‍ സെഞ്ച്വറി നേടിയ രോഹിത് ശര്‍മയാണ് ഈ പട്ടികയിലെ ഒന്നാമന്‍.

പരമ്പരയിലെ ആദ്യ മത്സരത്തില്‍ മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ച സഞ്ജുവിന് എന്നാല്‍ രണ്ടാം മത്സരത്തില്‍ തിളങ്ങാന്‍ സാധിച്ചിരുന്നില്ല. ഏഴ് പന്തില്‍ പത്ത് റണ്‍സ് നേടി താരം പുറത്തായി. ഇതോടെ ആകാശ് ചോപ്രയടക്കമുള്ളവര്‍ സഞ്ജുവിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. മൂന്നാം മത്സരത്തില്‍ താരം കളിക്കില്ല എന്ന് പോലും അവര്‍ വിലയിരുത്തി.

എന്നാല്‍ ക്യാപ്റ്റന്റെയും കോച്ചിന്റെയും പരിപൂര്‍ണ പിന്തുണ സഞ്ജുവിന് ലഭിച്ചു. മൂന്നാം മത്സരത്തിലും ഇന്ത്യ സഞ്ജുവിന് അവസരം നല്‍കി. ആ വിശ്വാസം താരം കാക്കുകയും ചെയ്തു.

ഒരു ഇടവേളക്ക് ശേഷം സ്‌ക്വാഡിന്റെ ഭാഗമായ ജിതേഷ് ശര്‍മക്ക് വീണ്ടും ഗ്ലൗസ് അണിയാനുള്ള അവസരമൊരുങ്ങും എന്ന് കരുതിയെങ്കിലും അതുണ്ടായില്ല. ഇപ്പോള്‍ തിരിച്ചുവരവിനെ കുറിച്ചും സഞ്ജുവിനെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് വിദര്‍ഭ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കൂടിയായ ജിതേഷ് ശര്‍മ.

സഞ്ജുവിന് ലഭിക്കുന്ന പിന്തുണയില്‍ ഏറെ സന്തോഷം

സഞ്ജുവിന് ലഭിക്കുന്ന പിന്തുണയില്‍ ഏറെ സന്തോഷമുണ്ടെന്നാണ് ജിതേഷ് പറയുന്നത്. ഈ രീതി ഭാവിയിലും മാനേജ്‌മെന്റ് പിന്തുടരുമെന്നാണ് കരുതുന്നതെന്നും താരം പറയുന്നു.

ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വാക്കുകള്‍.

‘ആദ്യ രണ്ട് മത്സരത്തിലും സഞ്ജുവിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല. എന്നാല്‍ അവന്‍ വളരെ ശക്തമായി തന്നെ തിരിച്ചുവരുമെന്ന് എനിക്ക് അറിയാമായിരുന്നു.

കാരണം അവന്‍ എത്രത്തോളം കഠിനമായി പരിശ്രമിക്കുന്നു എന്ന് ഞാന്‍ നേരിട്ട് കണ്ടതാണ്. കഴിഞ്ഞ ഐ.പി.എല്ലിലും വളരെ മികച്ച പ്രകടനമാണ് അദ്ദേഹം പുറത്തെടുത്തത്.

മാനേജ്‌മെന്റ് സഞ്ജുവിന് പിന്തുണ നല്‍കുകയും വീണ്ടും അവസരങ്ങള്‍ ലഭിക്കുകയും ചെയ്യുന്നതും ഏറെ സന്തോഷം നല്‍കുന്ന കാര്യമാണ്. ഭാവിയില്‍, ഞങ്ങളുടെ സമയങ്ങളിലും ഇതേ പിന്തുണ തന്നെ ലഭിക്കുമെന്ന് തന്നെയാണ് കരുതുന്നത്,’ ജിതേഷ് ശര്‍മ പറയുന്നു.

ടി-20യില്‍ ഇന്ത്യയുടെ ഭാവി താരമായി വളര്‍ന്നുവരാന്‍ പൊട്ടെന്‍ഷ്യലുള്ള താരമാണ് ജിതേഷ് ശര്‍മ. ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ സഞ്ജുവിനൊപ്പം ഗ്ലൗമാനായി ഇന്ത്യ പരിഗണിക്കുന്ന താരങ്ങളില്‍ ഒരാളുമാണ് പഞ്ചാബ് കിങ്‌സ് വിക്കറ്റ് കീപ്പര്‍.

സഞ്ജുവിന് മുമ്പില്‍ ഇനിയെന്ത്?

ഇന്ത്യ-ബംഗ്ലാദേശ് ടി-20 പരമ്പരക്ക് ശേഷം കേരള രഞ്ജി സ്‌ക്വാഡില്‍ തിരിച്ചെത്തിയിരിക്കുകയാണ് സഞ്ജു. പഞ്ചാബിനെതിരെ നടന്ന ആദ്യ മത്സരത്തില്‍ സഞ്ജു കേരളത്തിനൊപ്പമുണ്ടായിരുന്നില്ല. തിരുവനന്തപുരത്ത് നടന്ന ത്രില്ലര്‍ പോരാട്ടത്തില്‍ കേരളം എട്ട് വിക്കറ്റിന് വിജയിച്ചിരുന്നു.

ഇന്ത്യക്കായി റെഡ് ബോള്‍ ഫോര്‍മാറ്റില്‍ അരങ്ങേറ്റം കുറിക്കണമെന്ന് സ്വപ്‌നം കാണുന്ന സഞ്ജുവിന് രഞ്ജി ട്രോഫി നിര്‍ണായകമാണ്. ആദ്യ മത്സരം കളിച്ചില്ലെങ്കിലും രണ്ടാം മത്സരത്തില്‍ ക്യാപ്റ്റനായി തന്നെ സഞ്ജു ടീമിന്റെ ഭാഗമാകും.

ഒക്ടോബര്‍ 18നാണ് രഞ്ജി ട്രോഫി എലീറ്റ് ഗ്രൂപ്പ് സി-യില്‍ കേരളത്തിന്റെ അടുത്ത മത്സരം. കെ.എസ്.സി.എ ഗ്രൗണ്ടാണ് വേദി. ഹോം ടീമായ കര്‍ണാടകയെയാണ് കേരളത്തിന് നേരിടാനുള്ളത്.

Content highlight: Jitesh Sharma about Sanju Samson

Video Stories

We use cookies to give you the best possible experience. Learn more