ജൈതാപൂര്‍; ദുരന്തം അരികെ
Opinion
ജൈതാപൂര്‍; ദുരന്തം അരികെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th April 2011, 10:22 pm

 

ഏറെ ഭയപ്പെട്ടതു സംഭവിച്ചിരിക്കുന്നു. മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയിലെ ജൈതാപൂരില്‍ ആണവനിലയം സ്ഥാപിക്കുന്നതിനെതിരെ ഉയര്‍ന്ന ജനരോഷം പോലീസ് വെടിവെപ്പിലും ഒരാളുടെ മരണത്തിലുമാണ് കലാശിച്ചത്. ഇതൊരു സൂചന മാത്രമാണ്. വരാനിരിക്കുന്ന പ്രതിഷേധങ്ങളുടെയും ചെറുത്തുനില്‍പ്പുകളുടെയും അവ സൃഷ്ടിച്ചേക്കാവുന്ന ദുരന്തങ്ങളുടേയും സൂചന.

ജൈതാപൂരിലെ ആണവപാര്‍ക്കുകള്‍

സഹ്യാദ്രി മലനിരകള്‍ കാവല്‍ നില്‍ക്കുന്ന ജൈവ വൈവിധ്യങ്ങളുടെ കലവറയാണ് രത്‌നഗിരി. കൃഷ്ണയുടേയും ഗോദാവരിയുടേയും ഉത്ഭവസ്ഥാനമാണ് സഹ്യാദ്രി. വിവിധയിനം സസ്യജന്തുജാലങ്ങളുടെ ആവാസ കേന്ദ്രം. കൃഷിക്ക് അനുയോജ്യമായ കാലവസ്ഥയുള്ള ഭൂപ്രദേശം. ഇവിടെയാണ് ഫ്രഞ്ച് സര്‍ക്കാറുമായുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ ആറ് സ്‌റ്റേഷനുകള്‍ അടങ്ങുന്ന ആണവനിലയം സ്ഥാപിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്.

മഹാരാഷ്ട്ര സര്‍ക്കാറിന്റെ ഇടപെടല്‍

കഴിഞ്ഞ കുറെ മാസങ്ങളായി ജൈതാപൂരില്‍ ആണവ നിലയം സ്ഥാപിക്കാനുള്ള ചര്‍ച്ച നടക്കുന്നുണ്ടായിരുന്നു. എന്നാല്‍ സംസ്ഥാന രാഷ്ട്രീയത്തിലെ അനിശ്ചിതത്വവും ജനങ്ങളുടെ പ്രക്ഷോഭവും കാരണം നടപടിക്രമങ്ങള്‍ മുന്നോട്ടുപോയില്ല. എന്നാല്‍ ആദര്‍ശ് ഫല്‍റ്റ് വിവാദത്തെ തുടര്‍ന്ന് അശോക് ചവാന്‍ പുറത്തുപോവുകയും പ്രധാനമന്ത്രിയുടെ വിശ്വസ്തനായ പൃഥിരാജ് ചവാന്‍ അധികാരമേറ്റെടുക്കുകയും ചെയ്തതോടെ കാര്യങ്ങള്‍ക്ക് കൂടുതല്‍ ഗതിവേഗം കൈവന്നു.[]

മഹാരാഷ്ട്രയുടെ വികസന മുന്നേറ്റങ്ങള്‍ക്ക് പ്രത്യേകിച്ച് വ്യാവസായ വികസനത്തിന് പ്രാധാന്യം നല്‍കുമെന്നായിരുന്നു ചവാന്‍ പ്രഖ്യാപിച്ചത്. ഏറെക്കാലമായി മുടങ്ങിക്കിടന്ന നവിമുംബൈയിലെ വിമാനത്താവളത്തിന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി നേടി ചവാന്‍ തന്റെ മിടുക്ക് തെളിയിച്ചു. തുടര്‍ന്ന് ജൈതാപൂര്‍ ആണവനിലയം സ്ഥാപിക്കുന്നതിലായി മുഖ്യമന്ത്രിയുടെ ശ്രദ്ധ.

എന്നാല്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ ശക്തമായിരുന്നു ജനങ്ങളുടെ പ്രതിഷേധം. പ്രശ്‌നം ചര്‍ച്ചചെയ്യാനായി വിളിച്ചുചേര്‍ത്ത യോഗംപോലും ജനങ്ങള്‍ ബഹിഷ്‌ക്കരിച്ചു. എന്നാല്‍ ഇതൊരഭിമാനപ്രശ്‌നമായി കണക്കാക്കിയിരുന്ന കേന്ദ്രസര്‍ക്കാറിന്റെ പിന്തുണയോടെ പ്രതിഷേധം അടിച്ചമര്‍ത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്.


നിലയ്ക്കാത്ത ജനരോഷം

ആണവോര്‍ജ്ജത്തെക്കുറിച്ചോ അതിന്റെ സാങ്കേതികത്വത്തെക്കുറിച്ചോ ഒന്നും ജൈതാപൂരിലെ ജനങ്ങള്‍ക്ക് അറിയില്ല. എന്നാല്‍ നിലയം വരുന്നതോടെ എന്നെന്നേക്കുമായി തങ്ങള്‍ കുടിയിറക്കപ്പെടുമെന്നും അതിലുമുപരി ആണവ വികിരണ ദുരന്തം പേറേണ്ടിവരുമെന്നും അവര്‍ക്ക് നന്നായറിയാം. മത്ബന്‍, നിവേലി, മിത്ഗാവനാതെ എന്നീ ഗ്രാമങ്ങളിലെ ജനങ്ങളാണ് പ്രതിഷേധരംഗത്തുള്ളത്.

ജപ്പാനിലെ ഫുക്കുഷിമയിലുണ്ടായ ദുരന്തം അവരുടെ ആശങ്കകള്‍ വര്‍ധിപ്പിച്ചിരിക്കുന്നു. പുനരധിവാസവും ജോലിയും അടക്കമുള്ള സര്‍ക്കാറിന്റെ പാക്കേജുകളെ വിശ്വാസിക്കാന്‍ അവര്‍ക്കാവുന്നില്ല. ജൈതാപൂരില്‍ നിന്നും ഏറെ അകലെയല്ലാതെ സ്ഥിതിചെയ്യുന്ന താരാപൂര്‍ ആണവനിലയവുമായി ബന്ധപ്പെട്ട് തങ്ങളുടെ പൂര്‍വ്വികര്‍ക്ക് നേരിടേണ്ടി വന്ന ദുരന്തം അവരുടെ മുമ്പിലുണ്ട്. അതുകൊണ്ടുതന്നെ സര്‍ക്കാറിന്റെ ഏതൊരു നീക്കത്തെയും ഏറെ ആശങ്കയോടെയാണ് ജനങ്ങള്‍ വീക്ഷിക്കുന്നത്.

ജയറാം രമേഷ് എവിടെപ്പോയി?

യു.പി.എ സര്‍ക്കാറിലെ ഏറ്റവും നീതിമാനായ പരിസ്ഥിതി സ്‌നേഹിയായ ചങ്കൂറ്റമുള്ള മന്ത്രിയായാണ് ജയറാം രമേഷിനെ കണ്ടിരുന്നത്. പരിസ്ഥിതിക്ക് വിനാശം വരുത്തുന്ന വികസനം വേണ്ടെന്ന കാഴ്ച്ചപ്പാടായിരുന്നു അദ്ദേഹത്തിന്റേത്. ഒറീസയിലെ വേദാന്ത കമ്പനിയുടെ ഖനനത്തിനും മഹാരാഷ്ട്രയിലെ ലാവാസാ തടാകനഗര പദ്ധതിക്കും കൂച്ചുവിലങ്ങിട്ട ജയറാം രമേഷിനെ ആവേശത്തോടെയായിരുന്നു പരിസ്ഥിതി സ്‌നേഹികള്‍ കണ്ടിരുന്നത്.

എന്നാല്‍ വളരെ പെട്ടെന്നായിരുന്നു കാര്യങ്ങള്‍ കീഴ്്‌മേല്‍ മറിഞ്ഞത്. നവി മുംബൈയിലെ വിമാനത്താവളത്തിന് അനുമതി നല്‍കിയ ജയറാം രമേഷിന്റെ മന്ത്രാലയം ഏറെ താമസിയാതെ തന്നെ നിബന്ധനകള്‍ക്ക് അനുസൃതമായി ജൈതാപൂരിനും അനുമതി നല്‍കി. രത്‌നഗിരിയിലെ നാല് പഞ്ചായത്തുകളും ഗ്രാമസഭകളും ആണവ പ്ലാന്റിനെതിരെ പ്രമേയം പാസാക്കിയതുപോലും വിസ്മരിച്ചായിരുന്നു ഇത്.

ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയുടെ ഇന്ത്യാ സന്ദര്‍ശനത്തിന് പത്തുദിവസം മാത്രം മുമ്പായിരുന്നു ജൈതാപൂരിന് പരിസ്ഥിതി മന്ത്രാലയത്തിന്റെ ഗ്രീന്‍ സിഗ്‌നല്‍ ലഭിച്ചത്. നയപരവും സാമ്പത്തികവുമായ കാരണങ്ങളാലാണ് അനുമതിയെന്ന് പറഞ്ഞ് ജയറാം രമേഷ് തന്റെ ഭാഗം ക്ലിയറാക്കി.

എന്നാല്‍ പ്രതിഷേധങ്ങളെ തണുപ്പിക്കാന്‍ ഇതിനൊന്നും കഴിഞ്ഞില്ല. വിവിധ രാഷ്ട്രീയ നേതാക്കളും പരിസ്ഥിതി പ്രവര്‍ത്തകരും ജൈതാപൂരിലെ പ്രതിഷേധക്കാര്‍ക്ക് പിന്തുണയുമായി എത്തുകയായിരുന്നു. എ.ബി ബര്‍ദന്‍, മുന്‍ സുപ്രീംകോടതി ജഡ്ജി പി.ബി സാവന്ത്, നാവികസേനാ മുന്‍ മേധാവി എന്‍.രാംദാസ് എന്നിവരെല്ലാം പ്രതിഷേധക്കാര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ക്കും ഉദാരവല്‍ക്കരണത്തിനും കപടമായ അന്താരാഷ്ട്ര കരാറുകള്‍ക്കുമെല്ലാം ജനങ്ങളുടെ ജീവനെക്കാളും വിലയുണ്ടെന്ന് കരുതുന്ന കേന്ദ്രത്തിന്റെ ചെവിയില്‍ പ്രതിഷേധക്കാരുടെ രോദനം എത്തിച്ചേരുമോ എന്നാണ് ഇനി അറിയേണ്ടത്. പൗരന്‍മാരെ മറന്ന് അന്ധമായ വികസന പാതയില്‍ സഞ്ചരിച്ചാല്‍ ഫുക്കുഷിമയിലുണ്ടായതിനേക്കാളും വലിയ ദുരന്തമായിരിക്കും ജൈതാപൂരിലുണ്ടാവുക.