| Friday, 27th December 2019, 9:18 am

പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഉവൈസിയുടെ റാലിക്ക് ജിതന്‍ റാം മാഞ്ജിയുടെ പിന്തുണ; ബിഹാറില്‍ മൂന്നാം മുന്നണിക്കു സാധ്യത?

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: പൗരത്വ ഭേദഗതി നിയമത്തിനും എന്‍.ആര്‍.സി, എന്‍.പി.ആര്‍ എന്നിവയ്ക്കും എതിരെ ബിഹാറില്‍ എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി സംഘടിപ്പിക്കുന്ന റാലിക്കു പിന്തുണയുമായി ജിതന്‍ റാം മാഞ്ജിയും. മുസ്‌ലിം സ്വാധീന പ്രദേശമായ കിഷന്‍ഗഞ്ചില്‍ ഡിസംബര്‍ 29-നു നടത്താനിരിക്കുന്ന റാലിക്കാണ് മഞ്ജിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (എച്ച്.എ.എം) പിന്തുണ പ്രഖ്യാപിച്ചത്.

മാത്രമല്ല, മാഞ്ജി ഉവൈസിക്കൊപ്പം വേദി പങ്കിടുമെന്നും എ.ഐ.എം.ഐ.എം വൃത്തങ്ങളെ ഉദ്ധരിച്ച് ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം മാഞ്ജിയുടെ തീരുമാനം പ്രതിപക്ഷത്തിനു കനത്ത തിരിച്ചടിയായിട്ടുണ്ട്. ആര്‍.ജെ.ഡി-കോണ്‍ഗ്രസ് സഖ്യത്തിന്റെ ഭാഗമായ എച്ച്.എ.എം ഒരു മൂന്നാം മുന്നണിക്കു വേണ്ടി ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഉവൈസിയുമായുള്ള കൂടിച്ചേരല്‍ എന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ നിരീക്ഷിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ മൂന്നാം മുന്നണിയുമായി ഈ റാലിക്കു ബന്ധമില്ലെന്നാണ് എച്ച്.എ.എം വക്താവ് ഡാനിഷ് റിസ്‌വാന്റെ പ്രതികരണം. പക്ഷേ രാഷ്ട്രീയത്തില്‍ സാധ്യതകള്‍ എപ്പോഴും ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. അടുത്തവര്‍ഷമാണ് ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.

അതേസമയം ബിഹാറില്‍ ജെ.ഡി.യു-ബി.ജെ.പി ബന്ധത്തില്‍ അസ്വാരസ്യങ്ങള്‍ ഉയരുന്നതായാണ് റിപ്പോര്‍ട്ട്. ഇടഞ്ഞുനില്‍ക്കുന്ന ഭരണകക്ഷിയായ ജെ.ഡി.യുവുമായി സമവായത്തിലെത്താന്‍ ബി.ജെ.പിക്കായിട്ടില്ല. നിതീഷ് കുമാറിനെപ്പോലൊരു നേതാവിനെ പിണക്കി ബി.ജെ.പിക്കവിടെ ഒറ്റയ്ക്കു ഭരണം പിടിക്കുവാനും സാധ്യമല്ല.

എന്‍.ആര്‍.സിയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് ജെ.ഡി.യു എന്നതും ബി.ജെ.പിക്കു തലവേദനയാണ്.

പലതരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പലപ്പോഴായി ജെ.ഡി.യു-ബി.ജെ.പി സഖ്യത്തില്‍ വന്നിരുന്നെങ്കിലും ആദ്യമായാണ് ജെ.ഡി.യു നേതാക്കള്‍ പരസ്യമായി ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പാര്‍ട്ടി വൈസ് പ്രസിഡന്റ് പ്രശാന്ത് കിഷോര്‍, മുതിര്‍ന്ന നേതാവ് പവന്‍ വര്‍മ, വക്താവ് കെ.സി ത്യാഗി എന്നിവര്‍ ഇതിനോടകം തന്നെ എന്‍.ആര്‍.സിയില്‍ പടവാളെടുത്തുകഴിഞ്ഞു. ബി.ജെ.പി സഖ്യകക്ഷികളെ കുറച്ചുകൂടി ഉള്‍ക്കൊള്ളണമെന്നാണ് ത്യാഗി പറയുന്നത്. പരസ്പരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം പറയുന്നു.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഹിത ചര്‍ച്ചകളില്‍ ബി.ജെ.പി വെച്ച ഫോര്‍മുല ജെ.ഡി.യു അംഗീകരിച്ചിരുന്നില്ല. ഒടുവില്‍ ജെ.ഡി.യുവിന്റെ നിര്‍ബന്ധത്തിന് അവര്‍ക്കു വഴങ്ങേണ്ടിവന്നു.

എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പിലും മഹാരാഷ്ട്രയില്‍ ശിവസേനയുമായി ഉണ്ടായതുപോലൊരു പ്രശ്നം ബിഹാറിലും ജെ.ഡി.യു തള്ളിക്കളയുന്നില്ല.

ബിഹാറിലെ ബി.ജെ.പിയുടെ നേതാക്കള്‍ക്കാകട്ടെ, നിതീഷ് കുമാറിനെ മാറ്റി പകരം ഒരു ബി.ജെ.പി നേതാവിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആഗ്രഹവുമുണ്ട്. പലവട്ടം പരസ്യമായി അവരിത് ആവശ്യപ്പെട്ടതുമാണ്. ഇതു തുടര്‍ന്നാല്‍ ഒരിക്കല്‍ക്കൂടി ബിഹാര്‍ രാഷ്ട്രീയം കലങ്ങിമറിയുന്നത് കാണേണ്ടിവരും.

We use cookies to give you the best possible experience. Learn more