'ലൂസിഫറിലെ ജിതന്‍ രാംദാസും ചാണ്ടി ഉമ്മനും'; പി.കെ. ഫിറോസ് പുതുപ്പള്ളിയില്‍ നടത്തിയ പ്രസംഗം
Kerala News
'ലൂസിഫറിലെ ജിതന്‍ രാംദാസും ചാണ്ടി ഉമ്മനും'; പി.കെ. ഫിറോസ് പുതുപ്പള്ളിയില്‍ നടത്തിയ പ്രസംഗം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 27th August 2023, 11:57 pm

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനെ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ ലൂസിഫര്‍ എന്ന സിനിമയിലെ ജിതിന്‍ രാംദാസ് എന്ന ടോവിനോ തോമസ് ചെയ്ത കഥാപാത്രത്തോട് ഉപമിച്ച് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്.

സിനിമയിലെ ജിതിന്‍ രാംദാസ് എന്ന കഥാപാത്രത്തിന്റെ അവസാന നിമിഷത്തിലെ പ്രസംഗം എടുത്തുപറഞ്ഞ്, ചാണ്ടി ഉമ്മന് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രചരണ കണ്‍വെന്‍ഷനില്‍ സംസാരിക്കവെയാണ് ഫിറോസ് വ്യത്യസ്തമായ താരതമ്യം നടത്തയത്.
തന്റെ പിതാവിന്റെ സാമീപ്യം ആവശ്യമുള്ള സമയത്ത്, പിതാവിനെ നാടിന് നല്‍കിയ കുട്ടിക്കാലവും കൗമാരവുമുള്ളയാളാണ് ചാണ്ടി ഉമ്മനെന്ന് പി.കെ. ഫിറോസ് പറഞ്ഞു.

പി.കെ. ഫിറോസിന്റെ വാക്കുകള്‍

ലൂസിഫര്‍ എന്ന സിനിമയിലെ ജിതിന്‍ രാംദാസ് എന്ന ടോവിനോയുടെ ഒരു കഥാപാത്രം, സനിമയുടെ അവസാനം പ്രസംഗിക്കുന്ന ഒരു രംഗത്ത് പറയുന്നുണ്ട്. എന്റെ പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ എനിക്കുകൂടെ പങ്കുണ്ട്. എന്താണ് കാരണം എന്ന് സദസിനോട് പറയുമ്പോള്‍, ആ സദസില്‍ നിന്ന് എഴുന്നേറ്റ് ഒരു പെണ്‍കുട്ടി, വൈ എന്ന് ചോദിക്കുന്നുണ്ട്.

അപ്പോള്‍ ആ ചെറുപ്പക്കാരന്‍ പറയുന്നത്, എന്റെ കുട്ടിക്കാലം, കൗമാരക്കാലം എന്റെ അച്ഛന്റെ സാമീപ്യം ഞാന്‍ ആഗ്രഹിച്ചിരുന്നു. അങ്ങനെ വേണമെങ്കില്‍ എനിക്ക് വാശിപിടക്കാമായിരുന്നു. പക്ഷേ നിങ്ങള്‍ക്ക് വേണ്ടി, ഈ നാടിന് വേണ്ടി ഞാന്‍ വാശിപിടിച്ചില്ല. ഞാന്‍ നല്‍കിയത് എന്റെ കുട്ടിക്കാലമാണ്.

അങ്ങനെ കുട്ടിക്കാലം നല്‍കിയ ഒരു നേതാവിന്റെ പേരാണ് ചാണ്ടി ഉമ്മനെന്ന് നമുക്ക് അഭിമാനത്തോടെ പറയാനാകും.