തിരുവനന്തപുരം: പാമ്പാടി നെ്ഹറു കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണുവിന്റെ മരണത്തില്‍ അന്വേഷണം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ മാതാപിതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. പ്രതികള്‍ക്ക് ജാമ്യം കിട്ടിയ സാഹചര്യത്തിലാണ് ജിഷ്ണുവിന്റെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടത്.
കേസില്‍ പൊലീസിന് സാധ്യമായതൊക്കെ ചെയ്യുമെന്ന് ജിഷ്ണുവിന്റെ മാതാപിതാക്കള്‍ക്ക് മുഖ്യമന്ത്രി ഉറപ്പു നല്‍കി. സര്‍ക്കാര്‍ കുടുംബത്തിനൊപ്പമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞതായി ജിഷ്ണുവിന്റെ അമ്മ മഹിജ വ്യക്തമാക്കി.
പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതിനെതിരെ സൂപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയെന്നും അവര്‍ പറഞ്ഞു. കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണവെയായിരുന്നു മഹിജ മുഖ്യമന്ത്രിയുടെ ഉറപ്പിനെ കുറിച്ച് സംസാരിച്ചത്.
കേസിലെ പ്രതിയായ പി.കൃഷ്ണദാസിന് ജാമ്യം ലഭിക്കുകയും മറ്റു പ്രതികളെ ഇനിയും അറസ്റ്റ് ചെയ്യാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ജിഷ്ണുവിന്റെ ബന്ധുക്കള്‍ മുഖ്യമന്ത്രിയെ കണ്ട് അന്വേഷണം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ടത്.
പാമ്പാടിയിലെത്തി കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരേയും ബന്ധുക്കള്‍ കണ്ടിരുന്നു. അന്വേഷണം വേഗത്തിലാക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജിഷ്ണുവിന്റെ കുടുംബത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സെക്രട്ടറിയേറ്റ് പടിക്കലില്‍ പ്രകടനവും നടന്നിരുന്നു.