തിരുവനന്തപുരം: മകന്റെ മരണത്തില്‍ തങ്ങള്‍ക്ക് നീതി ലഭിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ നല്‍കിയ ധനസഹായം തിരിച്ച് നല്‍കുമെന്ന് ജിഷ്ണുവിന്റെ അച്ഛന്‍ അശോകന്‍ പറഞ്ഞു. 10 ലക്ഷം രൂപയാണ് ജിഷ്ണുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ നല്‍കിയ ധനസഹായം. 10 അല്ല, 20 ലക്ഷം രൂപ സര്‍ക്കാറിന് തിരിച്ച് നല്‍കുമെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു.
മന്ത്രി ടി.പി രാമകൃഷ്ണനാണ് പണം നല്‍കിയത്. അദ്ദേഹത്തിന്റെ കയ്യില്‍ തന്നെ പണം തിരിച്ച് കൊടുക്കും. തന്റെ കയ്യില്‍ പണമില്ലെങ്കില്‍ വസ്തു വിറ്റിട്ടാണെങ്കിലും പണം നല്‍കും. തങ്ങള്‍ക്ക് നീതിയാണ് വേണ്ടത്. മകന് പകരമാകില്ല സര്‍ക്കാര്‍ നല്‍കിയ പണം. വിശ്വസിക്കുന്ന പാര്‍ട്ടി തന്നെ വിഷമിപ്പിക്കുന്നതില്‍ വളരെ വേദനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം ഐ.സി.യുവില്‍ കഴിയുന്ന മഹിജയുടെ നില ആശങ്കാജനകമായി തന്നെ തുടരുകയാണ്. ജ്യൂസ് കുടിക്കുന്നുണ്ടെന്ന് ഇന്നലെ മെഡിക്കല്‍ ബുള്ളറ്റിന്‍ ഇറക്കിയതിനെ തുടര്‍ന്ന് ഡ്രിപ്പും മരുന്നും ഇവര്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്നാണ് ഇന്നലെ ഐ.സി.യുവിലേക്ക് മാറ്റിയത്.
അതേസമയംജിഷ്ണുവിന്റെ സഹോദരി അവിഷ്ണ വളയത്തെ വീട്ടില്‍ നിരാഹാരം തുടരുകയാണ്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അവിഷ്ണയെ ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തടഞ്ഞു. മെഡിക്കല്‍ സംഘം ആംബുലന്‍സ് സഹിതം സ്ഥലത്തുണ്ട്.