തിരുവനന്തപുരം: ഡി.ജി.പി ഓഫീസിനു മുന്നില്‍ നടത്തുന്ന സമരത്തിന് ശേഷം തങ്ങളുടെ ഫോണ്‍ പൊലീസ് ചോര്‍ത്തുന്നുവെന്ന പരാതിയുമായി ജിഷ്ണുവിന്റെ ബന്ധുക്കള്‍. മാതൃഭൂമി ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഡി.ജി.പി ഓഫീസിനു മുന്നില്‍ ഗീഡാലോചന നടന്നോ എന്നറിയാനാണ് ഫോണ്‍ ചോര്‍ത്തുന്നത്. ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്താണ് ഈ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ജിഷ്ണുവിന് നീതി വേണമെന്ന് ആവശ്യപ്പെട്ടുള്ള സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നവരെ പൊലീസ് നിരീക്ഷിക്കുന്നുണ്ട്.
സംശയമുള്ളവരുടെ മുഴുവന്‍ ഫോണ്‍വിളികളുടെ വിശദാംശങ്ങള്‍ പൊലീസ് പരിശോധിച്ചെങ്കിലും ഷാജഹാനും തോക്ക് സ്വാമിയും ജിഷ്ണുവിന്റെ ബന്ധുക്കളെ വിളിച്ചതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നും “മാതൃഭൂമി” റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേ സമയം ഐ.സി.യുവില്‍ കഴിയുന്ന മഹിജയുടെ നില ആശങ്കാജനകമായി തന്നെ തുടരുകയാണ്. ജ്യൂസ് കുടിക്കുന്നുണ്ടെന്ന് ഇന്നലെ മെഡിക്കല്‍ ബുള്ളറ്റിന്‍ ഇറക്കിയതിനെ തുടര്‍ന്ന് ഡ്രിപ്പും മരുന്നും ഇവര്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്നാണ് ഇന്നലെ ഐ.സി.യുവിലേക്ക് മാറ്റിയത്.
ജിഷ്ണുവിന്റെ സഹോദരി അവിഷ്ണ വളയത്തെ വീട്ടില്‍ നിരാഹാരം തുടരുകയാണ്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അവിഷ്ണയെ ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തടഞ്ഞു. മെഡിക്കല്‍ സംഘം ആംബുലന്‍സ് സഹിതം സ്ഥലത്തുണ്ട്.
മകന്റെ മരണത്തില്‍ തങ്ങള്‍ക്ക് നീതി ലഭിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ നല്‍കിയ ധനസഹായം തിരിച്ച് നല്‍കുമെന്ന് ജിഷ്ണുവിന്റെ അച്ഛന്‍ അശോകന്‍ നേരത്തേ പറഞ്ഞിരുന്നു. 10 ലക്ഷം രൂപയാണ് ജിഷ്ണുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ നല്‍കിയ ധനസഹായം. 10 അല്ല, 20 ലക്ഷം രൂപ സര്‍ക്കാറിന് തിരിച്ച് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.