കൊച്ചി: ചലചിത്ര താരം ജിഷ്ണു രാഘവന്‍ അന്തരിച്ചു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രാവിലെ 8.10ഓട് കൂടിയായിരുന്നു മരണം.
2014 മുതല്‍ ക്യാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്നു. ചികിത്സയ്ക്കായി തന്നെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചതായി മാര്‍ച്ച് 8ന് ജിഷ്ണു ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു. പിതാവ് രാഘവനും ബന്ധുക്കളും മരണ സമയത്ത് അടുത്തുണ്ടായിരുന്നു.
1987 ല്‍ കിളിപ്പാട്ട് എന്ന സിനിമയിലൂടെ ബാലനടനായാണ് മലയാള സിനിമയില്‍ രംഗപ്രവേശനം ചെയ്തത്. നമ്മള്‍ എന്ന കമല്‍ സിനിമയിലൂടെ സജീവമായ ജിഷ്ണു ചൂണ്ട, വലത്തോട്ട് തിരിഞ്ഞാല്‍ നാലാമത്തെ വീട്, ടൂ വീലര്‍, ഫ്രീഡം, നേരറിയാന്‍ സി.ബി.ഐ, പൗരന്‍, പറയാം, ചക്കരമുത്ത്, നിദ്ര, ഓര്‍ഡിനറി എന്നിങ്ങനെ ഇരുപത്തിയഞ്ചോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ട്രാഫിക്കിന്റെ ഹിന്ദി പതിപ്പിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. ചികിത്സയിലിരിക്കെയും ജിഷ്ണു സിനിമകള്‍ ചെയ്തിരുന്നു. ഇപ്പോള്‍ നാല് സിനിമകള്‍ റിലീസ് ചെയ്യാനിരിക്കെയാണ് ജിഷ്ണുവിന്റെ മരണം.
കണ്ണൂര്‍ സ്വദേശിയായ ജിഷ്ണുവിന്റെ പ്രാഥമിക വിദ്യഭ്യാസം മദ്രാസിലായിരുന്നു. മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ കോഴിക്കോട് എന്‍.ഐ.ടിയിലാണ് ജിഷ്ണു പഠനം പൂര്‍ത്തിയാക്കിയത്. രോഗവിവരങ്ങള്‍ നവമാധ്യമങ്ങള്‍ വഴി ആരാധകരെ അറിയിച്ചിരുന്ന ജിഷ്ണു സിനിമാ ലോകത്തേക്ക് തിരിച്ചുവരുമെന്ന് ശുഭപ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.
സാമൂഹിക വിഷയങ്ങളിലടക്കം കൃത്യമായ നിലപാടെടുത്തിരുന്ന ജിഷ്ണു ജൈവ പച്ചക്കറി കൃഷി ഉള്‍പ്പെടെ നിരവധി പദ്ധതികള്‍ക്കും കേരളത്തില്‍ നേതൃത്വം നല്‍കിയിരുന്നു. സോഷ്യല്‍ മീഡിയകളിലെ അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ക്ക് വലിയ പ്രതികരണമാണ് ലഭിച്ചിരുന്നത്.