| Thursday, 16th February 2017, 7:25 pm

ജിഷ്ണുവിന്റെ മരണം; വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ നിന്നും ഇടിമുറിയില്‍ നിന്നും രക്തക്കറകള്‍ കണ്ടെത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശ്ശൂര്‍: പാമ്പാടി നെഹ്‌റു കോളേജ് വൈസ് പ്രിന്‍സിപ്പലിന്റെ മുറിയിലും ഇടിമുറിയിലും രക്തക്കറ കണ്ടെത്തി. ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് ഇന്നു നടത്തിയ ഫോറന്‍സിക് പരിശോധനയിലാണ് രക്തക്കറ കണ്ടെത്തിയത്. കോളേജില്‍ ജിഷ്ണു മരിച്ചു കിടന്ന ഹോസ്റ്റല്‍ മുറിയില്‍ നിന്നും രക്തക്കറകള്‍ കണ്ടെത്തിയിട്ടുണ്ട്.


Also read പളനിസ്വാമിയുടെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ പനീര്‍ശെല്‍വത്തിന്റെ വീടിന് കല്ലേറ് 


കണ്ടെത്തിയ രക്തക്കറകള്‍ ജിഷണുവിന്റെത് തന്നെയാണോ എന്നുറപ്പിക്കുന്നതിനായി പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു. നാളെ കോളേജ് തുറക്കാനിരിക്കേയാണ് ഇന്ന് വീണ്ടും കോളേജില്‍ ഫോറന്‍സിക് പരിശോധന നടത്തിയത്.

ജിഷ്ണുവിന്റെ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുടെ ചിത്രങ്ങള്‍ നേരത്തേ പുറത്ത് വന്നിരുന്നു. കോളേജിലെ ഇടിമുറിയില്‍ നിന്നും ജിഷ്ണുവിന് മര്‍ദ്ദനേറ്റിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഈ മുറിയില്‍ കണ്ടെത്തിയ രക്തകറ ജിഷ്ണുവിന്റേതാണോ എന്നത് ഫോറന്‍സിക് പരിശോധനയിലൂടെ മാത്രമെ വ്യക്തമാവുകയുള്ളു.

ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.സ്. അച്യുതാനന്ദന്‍ ഇന്ന് ജിഷ്ണുവിന്റെ വീട് സന്ദര്‍ശിച്ചിരുന്നു. വിദ്യാര്‍ത്ഥിയുടെ മരണത്തിന് ഉത്തരവാദികളെന്ന് പോലീസ് കണ്ടെത്തി ഒന്നാം പ്രതിയാക്കിയ കോളേജ് മേധാവി കൃഷ്ണദാസിനേയും കൂട്ടരെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് വി.എസ് വീട് സന്ദര്‍ശന ശേഷം ആവശ്യപ്പെട്ടിരുന്നു. കോളേജ് എന്ന പേരില്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പാണ് പ്രസ്തുത കോളേജില്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് തോന്നിക്കുന്ന വിവരങ്ങളാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വെളിപ്പെടുത്തിയിട്ടുള്ളതെന്നും വി.എസ് പറഞ്ഞു.

We use cookies to give you the best possible experience. Learn more