| Saturday, 9th June 2018, 10:51 am

പാമ്പാടിയിലെ ജിഷ്ണു പ്രണോയ് സ്മാരക സ്തൂപം പൊളിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാമ്പാടി: പാമ്പാടി സെന്ററില്‍ എ.ഐ.ടി.യു.സി ഓഫീസിന് സമീപം എസ്.എഫ്.ഐ- ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നിര്‍മ്മിച്ച ജിഷ്ണു പ്രണോയ് സ്മാരകം കോടതി നിര്‍ദ്ദേശപ്രകാരം പൊളിച്ചുനീക്കി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇന്നു രാവിലെ കനത്ത പൊലീസ് കാവലിലായിരുന്നു സ്മാരകസ്തൂപം പൊളിച്ചുമാറ്റിയത്.

മാര്‍ച്ച് 24നു വന്ന വിധിയില്‍ മൂന്നാഴ്ചക്കുള്ളില്‍ സ്മാരകം പൊളിച്ചു നീക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു. കാലാവധി ഇന്നത്തോടെ തീരുന്ന സാഹചര്യത്തിലാണ് പി.ഡബ്ല്യു.ഡി സ്മാരകം പൊളിച്ചുനീക്കിയത്.

അഡീഷണല്‍ സബ് മജിസ്‌ട്രേറ്റ് സ്മാരകം പൊളിച്ച് നീക്കാന്‍ നേരത്തെ ഉത്തരവിട്ടിരുന്നു. പൊതുസ്ഥലത്താണ് സ്മാരകം നില്‍ക്കുന്നതെന്നും ഇത് പൊളിച്ച് നീക്കണമെന്നുമായിരുന്നു ഉത്തരവില്‍ പറഞ്ഞിരുന്നത്.


Dont Miss കര്‍ണാടകയില്‍ പ്രതിസന്ധി രൂക്ഷം; മന്ത്രിസ്ഥാനത്തെ ചൊല്ലി 20 ഓളം എം.എല്‍.എമാര്‍ കോണ്‍ഗ്രസ് നതൃത്വത്തിനെതിരെ


ഈ ഉത്തരവ് പഴയന്നൂര്‍ പൊലീസ് നടപ്പാക്കുന്നില്ലെന്നും സ്തൂപം അപകട ഭീഷണിയുണ്ടാക്കുന്നുവെന്നും ആരോപിച്ച് പാമ്പാടി സ്വദേശി കൃഷ്ണന്‍കുട്ടി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ ജിഷ്ണുവിന്റെ പേരില്‍ സ്മാരകം നിര്‍മ്മിച്ചത്. അപ്പോള്‍ തന്നെ
എതിര്‍പ്പുമായി സി.പി.ഐ പ്രാദേശിക നേതൃത്വം രംഗത്ത് വന്നിരുന്നു. എ.ഐ.ടി.യു.സി ഓഫീസിനു അരികിലാണ് സ്മാരകം പണിയുന്നതെന്ന കാരണം പറഞ്ഞായിരുന്നു സി.പി.ഐയുടെ എതിര്‍പ്പ്. എ.ഐ.ടി.യു.സി ഓഫീസിലേക്കുള്ള ശുദ്ധജല വിതരണ പൈപ്പിന് മുകളിലായതിനാല്‍ സ്മാരകം മാറ്റി നിര്‍മ്മിക്കാന്‍ തൊഴിലാളികള്‍ ആവശ്യപ്പെട്ടെങ്കിലും പ്രവര്‍ത്തകര്‍ തയ്യാറായില്ല.

റോഡിന്റെ ടാറിട്ട ഭാഗത്തോട് ചേര്‍ന്നാണ് സ്തൂപം സ്ഥാപിച്ചിരിക്കുന്ന കാരണം ചൂണ്ടിക്കാട്ടി പി.ഡബ്ല്യു.ഡിയുടെ ഭാഗത്തുനിന്നും എതിര്‍പ്പുകളുണ്ടായിരുന്നു. മുന്‍പു വന്ന ഉത്തരവുകളെല്ലാം ക്രമസമാധാനപ്രശ്നം സൃഷ്ടിക്കുമെന്ന ആശങ്കയില്‍ അധികൃതര്‍ നടപ്പിലാക്കാതിരിക്കുകയായിരുന്നു.

നെഹ്‌റു എഞ്ചിനിയറിങ് കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ജനുവരിയിലാണ് സ്മാരകം നിര്‍മിച്ചത്.

We use cookies to give you the best possible experience. Learn more