| Monday, 30th September 2019, 4:34 pm

"ജിഷ്ണുവിന്റെ മരണത്തിന് പിന്നില്‍ കൃഷ്ണദാസ് തന്നെ"; സി.ബി.ഐ കുറ്റപത്രം തള്ളി ജിഷ്ണുവിന്റെ അമ്മ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ തെളിവില്ലായെന്ന സി.ബി.ഐ കുറ്റപത്രം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ. നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസ് അറിയാതെ കോളേജില്‍ ഒന്നും നടക്കില്ലെന്നും മരണത്തിന് പിന്നില്‍ കൃഷ്ണദാസ് തന്നെയാണെന്നും മഹിജ ആരോപിച്ചു.

‘നെഹ്‌റു കോളെജില്‍ കൃഷ്ണദാസ് അറിയാതെ ഒരില പോലും അനങ്ങില്ലെന്നാണ് എന്റെ വിശ്വാസം. കോപ്പിയടിക്കാതെ തന്നെ ജിഷ്ണു കോപ്പിയടിച്ചുവെന്ന് കള്ളകഥകള്‍ ഉണ്ടാക്കി മര്‍ദിച്ചിട്ടുണ്ട്. ഇതിന്റെ പിന്നില്‍ കൃഷ്ണദാസ് തന്നെയാണെന്നാണ് വിശ്വസിക്കുന്നത്. സി.ബി.ഐ പറയുന്ന തെളിവില്ലയെന്ന വാദം അംഗീകരിക്കാന്‍ കഴിയില്ല. അതിന് ശേഷവും ഒരുപാട് സംഭവങ്ങള്‍ നടന്നിട്ടുണ്ട്. ഷഹീല്‍ഷൗക്കത്തിന്റെ കേസ് ഉണ്ടായിട്ടുണ്ട്. ഇന്ന് എന്റെ മകന്‍ ജീവിച്ചിരിപ്പില്ലാത്ത കാരണമാണ് പിന്നിലെ സത്യം പുറത്ത് വരാത്തത്. അതേ സമയം ഷഹീര്‍ ഷൗക്കത്ത ഇന്ന് ജീവിച്ചിരിക്കുന്നത് കൊണ്ടാണ് മര്‍ദനത്തിന്റെ കഥകളെല്ലാം പുറത്ത് വരുന്നത്. കേസില്‍ സി.സി.ടി.വി ക്യാമറകളടക്കം തെളിവുകള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. പിന്നെ കോളെജില്‍ വെച്ചിട്ട് തന്നെയാണ് ജിഷ്ണുന്റെ സുഹൃത്തുക്കളുടെ മൊഴി എടുത്തിട്ടുള്ളത്.’ മഹിജ പറഞ്ഞു.

കൃഷ്ണദാസിനെതിരെ തെളിവില്ലെന്നാണ് സി.ബി.ഐയുടെ കുറ്റപത്രത്തില്‍ പറയുന്നത്. ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്തതാണെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്.

നെഹ്റു കോളേജിലെ രണ്ട് പേര്‍ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയിട്ടുണ്ട്. വൈസ് പ്രിന്‍സിപ്പാള്‍ എന്‍.ശക്തിവേല്‍, ഇന്‍വിജിലേറ്റര്‍ പ്രവീണ്‍ എന്നിവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി.

We use cookies to give you the best possible experience. Learn more