| Friday, 11th October 2019, 12:16 am

'അധ്യാപകരുടെ പങ്ക് തെളിഞ്ഞു, ഇനിയും നടപടി വൈകിക്കുന്നതെന്തിന്?'; അന്വേഷണക്കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നടപടി സ്വീകരിക്കാത്തതിനെതിരെ ജിഷ്ണു പ്രണോയ് കേസില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജിഷ്ണു പ്രണോയിയുടെ മരണത്തെത്തുടര്‍ന്ന് നടന്ന സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെ മാനേജ്‌മെന്റ് പരീക്ഷയില്‍ തോല്‍പിച്ചെന്ന് അന്വേഷണക്കമ്മീഷന്‍ റിപ്പോര്‍ട്ട് വന്നിട്ടും നടപടിയെടുക്കാതെ ആരോഗ്യ സര്‍വ്വകലാശാല. വിദ്യാര്‍ത്ഥികളെ തോല്‍പിച്ചത് ബോധപൂര്‍വ്വം മാര്‍ക്ക് തിരുത്തിയാണെന്നും അകാരണമായി മാര്‍ക്കില്‍ കുറവുവരുത്തിയെന്നും വ്യക്തമാക്കി രണ്ടുമാസം മുമ്പാണ് അന്വേഷണ കമ്മീഷണ്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്റേണല്‍ അധ്യാപകരായ ശ്രീകാന്ത്, അനൂപ് സെബാസ്റ്റ്യന്‍, സുധാകര്‍ എന്നിവര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ജിഷ്ണു പ്രണോയിയുടെ മരണത്തെത്തുടര്‍ന്ന് നടന്ന വിദ്യാര്‍ത്ഥി സമരങ്ങളില്‍ പങ്കെടുത്തതും നേതൃത്വം നല്‍കിയതും കാരണം മാനേജ്‌മെന്റിന് ഈ വിദ്യാര്‍ത്ഥികളോട് ശത്രുതാപരമായ മനോഭാവമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

വിദ്യാര്‍ത്ഥികളെ തോല്‍പിക്കുന്നതില്‍ ബോധപൂര്‍വമായി ഇന്റേണല്‍ അധ്യാപകരെ മാനേജ്‌മെന്റ് ഉപയോഗിച്ചു. പരീക്ഷാ ചുമതലയുണ്ടായിരുന്ന അസിസ്റ്റന്റുമാര്‍ക്ക് തോല്‍പിച്ചതില്‍ പങ്കില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ റിപ്പോര്‍ട്ടില്‍ പേരെടുത്ത് പറയുന്ന അധ്യാപകര്‍ക്കെതിരെപ്പോലും നടപടി സ്വീകരിക്കാന്‍ സര്ഡവ്വകലാശാല തയ്യാറാവുന്നില്ലെന്ന് മാനേജ്‌മെന്റിന്റെ പ്രതികാര നീക്കത്തിന് ഇരയായ വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.

‘അന്വേഷണ കമ്മീഷന്‍ തെളിവുകള്‍ സഹിതം റിപ്പോര്‍ട്ട് ഇന്ന് ചര്‍ച്ചയ്ക്ക് എടുത്തിട്ടും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ സെനറ്റില്‍ ശുപാര്‍ശയുണ്ടായില്ല. നെഹ്റു ഗ്രൂപ്പിന്റെ മുന്‍ ചെയര്‍മാന്‍ പി കൃഷ്ണദാസ് സെനറ്റംഗമാണ്. കൃഷണദാസ് മറ്റ് അംഗങ്ങളെ സ്വാധീനിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്‌തെന്നാണ് ഞങ്ങള്‍ കരുതുന്നത്. ഞങ്ങളോട് അനുഭാവപൂര്‍വ്വം ഇടപെട്ടിരുന്ന അംഗങ്ങള്‍ പോലും ഇന്ന് മൗനം പാലിക്കുകയാണ് ചെയ്തത്’, സമരത്തില്‍ പങ്കെടുത്തിരുന്ന വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ പ്രവര്‍ത്തകനുമായ അതുല്‍ ജോസ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

കോപ്പിയടിച്ചു എന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികളെ രണ്ടുവര്‍ഷത്തേക്കാണ് ഡീബാര്‍ ചെയ്തത്. അതിനേക്കാള്‍ എത്രയോ വലിയ ക്രൈമാണ് ഈ അധ്യാപകര്‍ ചെയ്തിരിക്കുന്നത്. അവരെ തല്‍സ്ഥാനത്തുനിന്നും രണ്ടുവര്‍ഷത്തേക്കെങ്കിലും ഡീബാര്‍ ചെയ്യണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. കാരണം, അന്ന് സമരത്തിനിറങ്ങിയ ജൂനിയറായ പല വിദ്യാര്‍ത്ഥികളെയും അവര്‍ നോട്ടമിട്ട് വച്ചിട്ടുണ്ട്. ഈ അധ്യാപകര്‍ തുടര്‍ന്നാല്‍ അവരുടെ ഭാവിയും അവതാളത്തിലാവാന്‍ സാധ്യതയുണ്ട്’, അതുല്‍ കൂട്ടിച്ചേര്‍ത്തു.

സമരത്തിന് ശേഷം നടത്തിയ പ്രാക്ടിക്കല്‍ പരീക്ഷകളിലെല്ലാം മാനേജ്‌മെന്റ് ഇവരെ തോല്‍പിക്കുകയായിരുന്നു. വിവരാവകാശം വഴി പരീക്ഷാപേപ്പറിന്റെ പകര്‍പ്പ് എടുത്തപ്പോഴാണ് ഇത് മനസിലായതെന്നും എക്സ്റ്റേണല്‍ അധ്യാപകര്‍ നോക്കി പാസാക്കിയ മാര്‍ക്ക് വെട്ടിത്തിരുത്തിയായിരുന്നു നടപടിയെന്നും അതുല്‍ പറയുന്നു.

‘ഞങ്ങളുടെ ജീവിതത്തിലെ രണ്ട് വര്‍ഷമാണ് നഷ്ടമായത്. മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് ഈ അനുഭവമുണ്ടാവരുതെന്ന് മാത്രമാണ് ഇപ്പോഴത്തെ ആഗ്രഹം’, അതുല്‍ പറഞ്ഞു. രണ്ടുകൊല്ലം പിന്നാലെ നടന്നിട്ടാണ് അടിയന്തര പ്രമേയം അവതരിപ്പിക്കാനും അന്വേഷണക്കമ്മീഷനെ നിയമിക്കാനും
സര്‍വ്വകലാശാല തയ്യാറായതെന്നും ഇനി നടപടിയെടുക്കാന്‍ എന്തിനാണ് കാലതാമസമെന്നും ഇവര്‍ ചോദിക്കുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more