Daily News
ഗുരുതരാവസ്ഥയിലെന്ന് മാദ്ധ്യമങ്ങള്‍ പ്രചരിപ്പിച്ച ജിഷ്ണു 10മിനിറ്റിന് മുമ്പ് ഫേസ്ബുക്കില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Nov 26, 09:52 am
Wednesday, 26th November 2014, 3:22 pm

jishnuതിരുവനന്തപുരം: ഗുരുതരാവസ്ഥയില്‍ കിംസ് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് മാദ്ധ്യമങ്ങള്‍ പ്രചരിപ്പിച്ച നടന്‍ ജിഷ്ണു ഫേസ്ബുക്കില്‍. അത്യാസന്ന നിലയിലെന്ന റിപ്പോര്‍ട്ടിനൊപ്പം പ്രചരിക്കുന്ന ചിത്രം താന്‍ ജനുവരിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ സമയത്തുളളതാണെന്ന പോസ്റ്റുമായാണ് ഫേസ്ബുക്കില്‍ ജിഷ്ണു പ്രത്യക്ഷപ്പെട്ടത്.

ആശുപത്രി സ്റ്റാഫോ മറ്റാരെങ്കിലുമോ ദുരുദ്ദേശത്തോടെ പ്രചരിപ്പിച്ച ചിത്രമാവാം ഇതെന്നും ജിഷ്ണു പോസ്റ്റില്‍ പറയുന്നു. ഭീകരമായ ഈ ചിത്രം പ്രചരിപ്പിച്ച ആശയക്കുഴപ്പം സൃഷ്ടിച്ചതില്‍ സങ്കടമുണ്ട്. താനിപ്പോഴും ചികിത്സയിലാണെന്നും അതേസമയം എത്രയും പെട്ടെന്ന് തിരിച്ചെത്തുമെന്നും ജിഷ്ണു പോസ്റ്റില്‍ പറയുന്നു.

കാന്‍സറില്‍ നിന്നും പൂര്‍ണ്ണമായും മുക്തനാവാത്ത ജിഷ്ണു ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണെന്നാണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. രോഗം കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിച്ചതോടെ വീണ്ടും ചികിത്സയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫേസ്ബുക്കിലൂടെയും വാട്‌സ്ആപ്പിലൂടെയും മറ്റും ഈ വാര്‍ത്ത വളരെയധികം പ്രചരിച്ചിരുന്നു.

അതേസമയം, താനിപ്പോള്‍ ജിഷ്ണുവിനൊപ്പമാണെന്ന കമന്റുമായി ഫേസ്ബുക്കില്‍ ചലച്ചിത്രപ്രവര്‍ത്തകനായ രാജേഷ് നായര്‍ രംഗത്തുവന്നിട്ടുണ്ട്. തങ്ങളിരുവരും ജിഷ്ണു രാഘവന്റെ വീട്ടിലാണുള്ളതെന്നും ഒരു തിരക്കഥയെക്കുറിച്ച് ചര്‍ച്ച ചെയ്യുകയാണെന്നുമാണ് രാജേഷ് പോസ്റ്റ് ചെയ്തത്.