| Saturday, 12th August 2023, 2:35 pm

ആ ഹോളിവുഡ് കഥാപാത്രത്തിന്റെ റെഫറൻസാണ് ലാലേട്ടന് കൊടുത്തിരിക്കുന്നത്: ജിഷാദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ ജയിലർ മുന്നേറുകയാണ്. മലയാളത്തിന്റെ അഭിമാനങ്ങളായി ചിത്രത്തിൽ മോഹൻലാലും വിനായകനും തകർപ്പൻ അഭിനയം കാഴ്ചവെക്കുകയാണ്. ചിത്രത്തിൽ ഏതാനും മിനിറ്റുകൾ മാത്രമുള്ള മോഹൻലാൽ ലുക്കുകൊണ്ടും അഭിനയംകൊണ്ടും പ്രേക്ഷകരെ അത്ഭുതപ്പെടുത്തി. ചിത്രത്തിൽ മോഹൻലാലിനായി കോസ്റ്റ്യൂം ഡിസൈൻ ചെയ്തിരിക്കുന്ന ജിഷാദ് ജയിലർ എന്ന ചിത്രത്തിനായി പ്രവർത്തിച്ചപ്പോഴുള്ള അനുഭവങ്ങൾ പങ്കുവെക്കുകയാണ്.

ജയിലറിലെ കോസ്‌റ്റ്യൂമിൽ തനിക്കിഷ്ടമുള്ളത് പരീക്ഷിക്കാനുള്ള സ്വാതന്ത്ര്യം മോഹൻലാൽ കൊടുത്തിട്ടുണ്ടായിരുന്നെന്ന് ജിഷാദ് പറഞ്ഞു. എങ്ങനെയുള്ള ആക്‌സസറീസ് ആണ് വേണ്ടതെന്നും ഏതു തരത്തിലുള്ള തുണിയാണ് വേണ്ടതെന്നും മോഹൻലാൽ ഒരു ഊഹം തന്നിരുന്നെന്നും പാച്ചോ ഹെരേര എന്ന ഡോണിന്റെ ലുക്കാണ് താൻ മോഹൻ ലാലിന് നൽകിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ലാലേട്ടൻ എന്നോട് സിനിമയിലെ അദ്ദേഹത്തിന്റെ കഥാപാത്രം എങ്ങനെയുള്ളതാണെന്ന് പറഞ്ഞു. ലാലേട്ടൻ എപ്പോഴും ഒരു മിനിമല് ആയിട്ടുള്ള സ്റ്റൈൽ തെരഞ്ഞെടുക്കുന്ന ആളാണ്. ഡ്രെസ്സിന്റെ സ്റ്റൈലിനെക്കാൾ കംഫർട്ടാണ് പ്രധാനം.

ലാലേട്ടൻ എപ്പോഴും പറയുന്നത് കംഫർട്ട് ആണ് ഫസ്റ്റ് പിന്നെയാണ് സ്റ്റൈൽ എന്ന്. പക്ഷെ ഇവിടെ സാർ എന്നോട് ആ കഥാപാത്രത്തെ ഉൾക്കൊണ്ടുകൊണ്ടാണ് സംസാരിച്ചത്. പുള്ളി എന്നെ ശരിക്കും അഴിച്ചുവിടുകയായിരുന്നു. എനിക്കെല്ലാം വിട്ടുതന്നു.

സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന ആക്സസറീസും ഡ്രെസ്സിന്റെ മെറ്റീരിയലും ലാലേട്ടൻ പറഞ്ഞുതരികയായിരുന്നു. നല്ല സിൽക്ക് ഷർട്ട് വേണമെന്ന് സാർ പറഞ്ഞു.

നെൽസൺ സാറിന്റെ അസിസ്റ്റന്റ് പ്രണവ് എന്നോട് പറഞ്ഞിരുന്നു 1970 മുതൽ തൊണ്ണൂറ് വരെയുള്ള സ്റ്റൈൽ ആണ് വേണ്ടതെന്ന്. പിന്നെ ഒരു ഡോൺ ലുക്ക് വേണമെന്നും. പാബ്ലോ എസ്കോബാർ മൂവീസിലെ ലുക്ക് മതിയെന്ന് അവർ ഒരു ഐഡിയ തന്നു. അവർ പറഞ്ഞ കഥാപത്രത്തേക്കാൾ സ്റ്റൈലിഷ് ആയ അതേ സീരീസിലെ ഒരു ഡോൺ ആയ പാച്ചോ ഹെരേര എന്ന ആളുടെ അറ്റയറിന്റെ റെഫറൻസ് എടുത്തിട്ട് അതിനെ ഒന്നുകൂടി മോഡിഫൈ ചെയ്തിട്ടാണ് ലാലേട്ടന് ആ ലുക്ക് നൽകിയത്,’ ജിഷാദ് പറഞ്ഞു.

Content Highlights: Jishad on Mohanlal’s costume in Jailer

We use cookies to give you the best possible experience. Learn more