| Sunday, 5th June 2016, 9:52 am

ജിഷ വധക്കേസ്: 24 മണിക്കൂര്‍ കൊണ്ട് പ്രതിയെ പിടിക്കാനാകില്ല; കേസന്വേഷണം മാജിക്കല്ലെന്ന് ഡി.ജി.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്


പെരുമ്പാവൂര്‍:  കേസന്വേഷണം മാജിക്കല്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസന്വേഷണം മുന്നോട്ട് പോകുക. എല്ലാ കേസിലും 24 മണിക്കൂര്‍ കൊണ്ട് പ്രതിയെ പിടിക്കാന്‍ കഴിയില്ല. ചില കേസുകളില്‍ ഒരു വര്‍ഷം വരെ വേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. പെരുമ്പാവൂരില്‍ ജിഷയുടെ വീട്ടില്‍ പരിശോധന നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഡി.ജി.പി. കേസ് സംബന്ധിച്ച വിവരങ്ങള്‍ ഇപ്പോള്‍ പുറത്ത് പറയാനാകില്ലെന്നും ഡി.ജി.പി പറഞ്ഞു.

രാവിലെ എട്ടോടെ രണ്ട് പൊലീസുകാര്‍ക്കൊപ്പം സ്വകാര്യ വാഹനത്തിലാണ് ഡി.ജി.പി കനാല്‍ കരയിലെ ജിഷയുടെ വീട്ടിലെത്തിയത്. വീടും പരിസരവും പരിശോധിച്ച ഡി.ജി.പി ഇന്ന് ജിഷയുടെ മാതാവിനെയും സന്ദര്‍ശിക്കും. അമ്മയില്‍ നിന്ന് മൊഴിയെടുത്തേക്കുമെന്നും സൂചനയുണ്ട്. അയല്‍വാസികളില്‍ നിന്ന് നേരിട്ട് മൊഴിയെടുക്കുന്ന ഡി.ജി.പി അന്വേഷണ സംഘാംഗങ്ങളുമായി അന്വേഷണ പുരോഗതി ചര്‍ച്ച ചെയ്യും.

ഇന്നലെ കൊച്ചിയില്‍ മുതിര്‍ന്ന  അന്വേഷണ ഉദ്യോഗസ്ഥരുമായി  ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ചര്‍ച്ച നടത്തിയിരുന്നു. രേഖാചിത്രവുമായി സാമ്യമുള്ളവരെ ഡി.എന്‍.എ പരിശോധനക്ക് വിധേയമാക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.  തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ വെച്ചാണ് പരിശോധന.

We use cookies to give you the best possible experience. Learn more