നിലപാടുകളില്‍ നിന്ന് കടകംമറിഞ്ഞ് വാര്‍ത്തയെഴുതുകയെന്നത് അസ്ഥിത്വം പണയം വെക്കുന്നതിന് തുല്യം; മാധ്യമത്തില്‍ നിന്ന് രാജി
Kerala News
നിലപാടുകളില്‍ നിന്ന് കടകംമറിഞ്ഞ് വാര്‍ത്തയെഴുതുകയെന്നത് അസ്ഥിത്വം പണയം വെക്കുന്നതിന് തുല്യം; മാധ്യമത്തില്‍ നിന്ന് രാജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 5th November 2023, 4:27 pm

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തക എലിസബത്ത് മാധ്യമ ദിനപത്രത്തില്‍ നിന്ന് രാജിവെച്ചു. മാനേജ്‌മെന്റിന്റെ നിലപാടുകളില്‍ എതിര്‍പ്പ് അറിയിച്ചുകൊണ്ടാണ് 14 വര്‍ഷം ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്ന് എലിസബത്ത് രാജി വെച്ചത്. നിലപാടുകളില്‍ നിന്ന് കടകംമറിഞ്ഞ് വാര്‍ത്തയെഴുതുകയെന്നത് അസ്ഥിത്വം പണയം വെക്കുന്നതിന് തുല്യമാണെന്ന് ജിഷ പറഞ്ഞു.

14 വര്‍ഷത്തെ മാധ്യമത്തിലെ സേവനം 2023ല്‍ എത്തി നില്‍ക്കുമ്പോള്‍ അടുത്ത കാലങ്ങളിലായി തനിക്ക് ആത്മാഭിമാന ക്ഷതം നേരിടേണ്ടി വന്നിട്ടുണ്ടെന്നും ജിഷ വ്യക്തമാക്കി. 18 വര്‍ഷം മുന്‍പ് താന്‍ ശബ്ദമില്ലാത്തവരുടെ ശബ്ദമാകണമെന്നും അനീതിക്കെതിരെ പ്രതികരിക്കണമെന്നുള്ള ആഗ്രഹത്തോടെയാണ് മാധ്യമ പ്രവര്‍ത്തനത്തിലേക്ക് കടന്ന് വന്നതെന്നും ജിഷ പറഞ്ഞു. എന്നാല്‍ തന്റെ ആഗ്രഹങ്ങള്‍ തുടരുന്നതിനുള്ള ഒരു ഇടമല്ലാതെയായി മാധ്യമം മാറിയെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ജിഷ എലിസബത്ത് രാജിവെച്ചത്.

സമയത്തിന് കൂലിയില്ലെങ്കിലും, കൂലിയെന്ന് തരുമെന്ന് പറയുന്നില്ലെങ്കിലും അതിനേക്കാള്‍ ബുദ്ധിമുട്ടായിട്ട് തനിക്ക് തോന്നുന്നത് സ്ഥാപനത്തില്‍ സ്വതന്ത്രമായി നിലപാടുകള്‍ എടുക്കാനും പ്രവര്‍ത്തിക്കാനും കഴിയാത്തതാണെന്നും ജിഷ പറഞ്ഞു.

കേരളീയം 2023ന്റെ വേദിയില്‍ പെണ്‍കാലങ്ങളെന്ന എക്സ്ബിഷനില്‍ ‘ഉറക്കെ സംസാരിക്കുന്ന സ്ത്രീകള്‍’ എന്ന സെക്ഷനില്‍ തന്റെ മുഖവും പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്ന ഒരു വീഡിയോ ജിഷ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. സജിത മഠത്തിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ എക്‌സിബിഷന്‍ കേരളത്തിലെ സ്ത്രീകളുടെ ചരിത്രവും അതിജീവനവും പോരാട്ടവും തുറന്ന് കാണിക്കുന്ന ഒരു വേദിയാണെന്ന് ജിഷ ചൂണ്ടിക്കാട്ടി. കൂലി ചോദിക്കുന്നതല്ല തരാതിരിക്കുന്നതാണ് തെറ്റെന്ന് പറഞ്ഞുകൊണ്ടുള്ള ഒരു പോസ്റ്ററും ജിഷ പങ്കുവെച്ചിരുന്നു.

ഉറക്കെ സംസാരിക്കുന്ന സ്ത്രീയെന്ന പദവി ലഭിക്കണമെങ്കില്‍ അത്രമാത്രം ജീവിതത്തോട് പോരാടണമെന്നും ത്യാഗങ്ങള്‍ അനുഭവിക്കണമെന്നും, ആ പദവി ലഭിച്ച തനിക്ക് മാധ്യമത്തില്‍ തന്റെ നിലപാടുകള്‍ വ്യക്തമാക്കാനുള്ള സാഹചര്യം ഇല്ലാതായിരിക്കുന്നുവെന്ന് ജിഷ പറഞ്ഞു.

മുന്‍ കാലങ്ങളില്‍ ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം കൊടുക്കാത്തതിന്റെ പേരില്‍ സ്ഥാപനത്തിനെതിരെ ജീവനക്കാരുടെ യൂണിയനും ജിഷ എലിസബത്തും സമരം നടത്തുകയും, കൂടാതെ പ്രൂഫ് റീഡര്‍മാരെ പിരിച്ചുവിട്ട സ്ഥാപന നടപടിക്കെതിരെ ശക്തമായ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു.

Content Highlight: Jisha Elizabeth resigned from the Madhyamam Daily