മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകനാണ് ജിസ് ജോയ്. അദ്ദേഹത്തിന്റെ സംവിധാനത്തില്‍ എത്തിയ ഏറ്റവും പുതിയ സിനിമയായിരുന്നു തലവന്‍. ആസിഫ് അലിയും ബിജു മേനോനും ഒന്നിച്ച ചിത്രത്തിന് പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. തലവന്റെ ഭാഗമായി ആസിഫ് അലിയും ജിസ് ജോയ്യും ഉള്‍പ്പെടെയുള്ള തലവന്റെ ടീം ഉലകനായകന് കമല്‍ ഹാസനെ നേരിട്ട് കണ്ടിരുന്നു.
മോളിവുഡ് മീഡിയ മൂവീസിന് നല്കിയ അഭിമുഖത്തില്‍ ആ അനുഭവം പങ്കുവെക്കുകയാണ് ജിസ് ജോയ്. ആസിഫ് അലി അഭിനയിച്ച ഒരു സിനിമ തനിക്ക് റീമേക്ക് ചെയ്യാന്‍ ആഗ്രഹം ഉണ്ടായിരുന്നുവെന്ന് കമല്‍ ഹാസന് പറഞ്ഞതായി സംവിധായകന് വെളിപ്പെടുത്തി. ബോബിയും സഞ്ജയും തിരക്കഥ എഴുതി മനു അശോകന്റെ സംവിധാനത്തില്‍ 2019ല്‍ പുറത്തിറങ്ങിയ സിനിമയായിരുന്നു ഉയരെ. ഈ സിനിമയെ കുറിച്ചായിരുന്നു കമല്‍ ഹാസന് പറഞ്ഞിരുന്നതെന്ന് ജിസ് ജോയ് കൂട്ടിച്ചേര്‍ത്തു.
‘തലവനില്‍ ആസിഫ് ബിജു ചേട്ടനോടൊപ്പം പിടിച്ച് നിന്ന് അഭിനയിച്ചിട്ടുണ്ട്. അത് നമ്മള് മാത്രമല്ല, പ്രേക്ഷകരും പറയുന്നുണ്ട്. കമല്‍ ഹാസന് സാറിനെ കാണാന്‍ പോയപ്പോള്‍ അദ്ദേഹവും ഈ കാര്യം പറഞ്ഞിട്ടുണ്ട്. അപ്പോഴാണ് ഞങ്ങള്‍ ഒരു കാര്യം അറിഞ്ഞത്, അദ്ദേഹത്തിന് ആസിഫിന്റെ ഉയരെ എന്ന സിനിമ വളരെ ഇഷ്ടമായിരുന്നു. ട്രാഫിക്ക് എന്ന സിനിമ മുതല്‍ ബോബിയുടെയും സഞ്ജയ്യുടെയും എഴുത്ത് കമല്‍ സാറിന് ഒരുപാട് ഇഷ്ടമാണെന്നും പറഞ്ഞു. ബോബിയും സഞ്ജയ്യുമായി കമല്‍ സാര്‍ നിരന്തരമായി കോണ്ടാക്റ്റില് ഉണ്ടെന്നും അന്ന് അറിഞ്ഞു.
അവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും കമല്‍ സാറിനെ വിളിക്കാനുള്ള അടുപ്പമുണ്ട്. അവര്‍ എന്നും സംസാരിക്കുന്ന ആളുകളാണ്. അവരുടെ സിനിമകള്‍ കമല്‍ സാര്‍ സ്ഥിരമായി ശ്രദ്ധിക്കാറുണ്ടെന്ന് അന്ന് അദ്ദേഹം ഞങ്ങളോട് പറഞ്ഞു. അങ്ങനെയാണ് കമല്‍ സാര്‍ ഉയരെ ശ്രദ്ധിക്കുന്നത്. അദ്ദേഹത്തിന് റീമേക്ക് ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നു. സാറിന് അഭിനയിക്കാന്‍ വേണ്ടിയല്ല, പ്രൊഡ്യൂസ് ചെയ്യാന്‍ താത്പര്യമുണ്ടായിരുന്ന സിനിമയായിരുന്നു അതെന്ന് പറഞ്ഞു. അദ്ദേഹം ഇനിയത് ചെയ്യുമോയെന്ന് എനിക്ക് അറിയില്ല,’ ജിസ് ജോയ് പറഞ്ഞു.
Content Highlight: Jis Joy Talks About Uyare And Kamal Haasan Movie