Entertainment
ടര്‍ബോ ജോസിനായി എന്റെ സിനിമയുടെ റിലീസ് മാറ്റിവെച്ചേനെ; അത് മമ്മൂക്കയോടുള്ള ആരാധനയും ബഹുമാനവും പേടിയുമാണ്: ജിസ് ജോയ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 May 15, 03:05 pm
Wednesday, 15th May 2024, 8:35 pm

സിനിമാപ്രേമികള്‍ ഇപ്പോള്‍ ഏറെ ആവേശത്തില്‍ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ടര്‍ബോ. ഭ്രമയുഗത്തിന് ശേഷം മമ്മൂട്ടി നായകനാകുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് വൈശാഖാണ്. മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥയൊരുക്കിയ ചിത്രത്തില്‍ ടര്‍ബോ ജോസ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്.

ടര്‍ബോ ആദ്യം റിലീസ് ചെയ്യാനിരുന്നത് ജൂണ്‍ 13നായിരുന്നു. എന്നാല്‍ പിന്നീട് ചിത്രത്തിന്റെ റിലീസ് മെയ് 23ലേക്ക് മാറ്റിയിരുന്നു. ഈ മമ്മൂട്ടി ചിത്രം തിയേറ്ററില്‍ എത്തുന്നതിന്റെ തൊട്ടടുത്ത ദിവസം തിയേറ്ററില്‍ എത്തുന്ന സിനിമയാണ് തലവന്‍.

ജിസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബിജു മേനോന്‍ – ആസിഫ് അലി എന്നിവരാണ് ഒന്നിക്കുന്നത്. രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പൊലീസ് ഓഫീസര്‍മാരുടെ ഇടയിലുണ്ടാകുന്ന പ്രശ്നങ്ങളാണ് സിനിമ പറയുന്നത്.

വെക്കേഷന്‍ കഴിയാന്‍ ഒരു ആഴ്ച കൂടെ ഉണ്ടായിരുന്നെങ്കില്‍ തങ്ങള്‍ തലവന്റെ റിലീസ് മാറ്റി ഒരാഴ്ച കഴിഞ്ഞാക്കിയേനെ എന്ന് പറയുകയാണ് ജിസ് ജോയ്. തലവന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന പ്രസ്മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടര്‍ബോയെ ഒരു എതിരാളിയായി കാണുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് ഇത് പറഞ്ഞത്.

‘വെക്കേഷന്‍ തീരാന്‍ ഒരു ആഴ്ച കൂടെ ഉണ്ടായിരുന്നെങ്കില്‍ പോലും ഞങ്ങള്‍ റിലീസ് ഒരാഴ്ച കഴിഞ്ഞുള്ള ഏതെങ്കിലും ദിവസത്തിലേക്ക് മാറ്റി വെച്ചേനെ. അത് മമ്മൂക്കയെന്ന് പറയുന്ന ആളോടുള്ള ആരാധനയും ഞങ്ങളുടെ റെസ്പെക്റ്റും പേടിയുമാണ്. അറിയാലോ, കൂടുതല്‍ ഒന്നും പറയണ്ടല്ലോ,’ ജിസ് ജോയ് പറഞ്ഞു.

അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെയും ലണ്ടന്‍ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ അരുണ്‍ നാരായണ്‍, സിജോ സെബാസ്റ്റ്യന്‍ എന്നിവരാണ് തലവന്‍ നിര്‍മിക്കുന്നത്. ടര്‍ബോയുടെ സംവിധായകന്‍ വൈശാഖായത് കൊണ്ട് അദ്ദേഹം സിനിമ പോസ്റ്റ്പോണ്ട് ചെയ്യുമായിരിക്കും എന്ന പ്രതീക്ഷയിലായിരുന്നു തങ്ങള്‍ എന്നാണ് നിര്‍മാതാക്കളില്‍ ഒരാളായ അരുണ്‍ നാരായണ്‍ പറഞ്ഞത്.

‘വൈശാഖനല്ലേ, പോസ്റ്റ്‌പോണ്ട് ചെയ്യാനല്ലേ ചാന്‍സുള്ളൂവെന്നാണ് ഞങ്ങളുടെ മനസില്‍ ഉണ്ടായിരുന്നത്. ഇത്രയും വലിയ സിനിമ, മമ്മൂട്ടി കമ്പനിയുടെ അഞ്ചാമത്തെ സിനിമയെന്നൊക്കെ പറയുമ്പോള്‍ ഡേറ്റ് കുറച്ചുകൂടെയൊക്കെ തള്ളുമായിരിക്കുമെന്ന് കരുതി,’ അരുണ്‍ നാരായണ്‍ പറഞ്ഞു.

Content Highlight: Jis Joy Talks About Turbo And Thalavan Movie Release Date