കെട്ട്യോളാണ് എന്റെ മാലാഖ വിജയിച്ചാലും അവര്‍ക്ക് ആസിഫിനെ ആലോചിക്കുമ്പോള്‍ മനസില്‍ വരിക മറ്റൊരു തരത്തിലാണ്: ജിസ് ജോയ്
Entertainment
കെട്ട്യോളാണ് എന്റെ മാലാഖ വിജയിച്ചാലും അവര്‍ക്ക് ആസിഫിനെ ആലോചിക്കുമ്പോള്‍ മനസില്‍ വരിക മറ്റൊരു തരത്തിലാണ്: ജിസ് ജോയ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 10th June 2024, 4:08 pm

ആസിഫ് അലിയെയും ബിജു മേനോനെയും നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്ത ചിത്രമാണ് തലവന്‍. ഇരുവരും പൊലീസ് വേഷത്തില്‍ എത്തിയ ചിത്രത്തിലെ ആസിഫിന്റെ കാര്‍ത്തിക് എന്ന കഥാപാത്രം ഏറെ പ്രശംസ അര്‍ഹിക്കുന്നതായിരുന്നു.

തലവനില്‍ ബിജു മേനോനൊപ്പം ആസിഫിനെ കൊണ്ടുവന്നപ്പോള്‍ താന്‍ നേരിട്ട ചലഞ്ചിനെ കുറിച്ച് പറയുകയാണ് സംവിധായകന്‍ ജിസ് ജോയ്. ആസിഫ് അലിയെ ഒരു മെച്ചുവേര്‍ഡ്മാന്‍ ആക്കണമെന്നതായിരുന്നു താന്‍ നേരിട്ട ചലഞ്ചെന്നും ആസിഫിനോട് പോലും അത് പറഞ്ഞില്ലെന്നും അദ്ദേഹം പറയുന്നു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജിസ് ജോയ്.

‘ആസിഫിനെ ഒരു മെച്ചുവേര്‍ഡ്മാന്‍ ആക്കണം എന്നതായിരുന്നു ഞാന്‍ ആദ്യം അണ്ടര്‍ലൈന്‍ ചെയ്ത കാര്യം. അത് ഞാന്‍ ആരോടും പറഞ്ഞിരുന്നില്ല. ആസിഫിനോട് പോലും പറഞ്ഞില്ല. എല്ലാവരുടെയും ഉള്ളില്‍ അടുത്ത വീട്ടിലെ പയ്യനാണ് ആസിഫ് അലി.

അവന്‍ ഉയരെ, കെട്ട്യോളാണ് എന്റെ മാലാഖ ഉള്‍പെടെയുള്ള നല്ല സിനിമകള്‍ ഒരുപാട് ചെയ്തിട്ടുണ്ട്. കെട്ട്യോളാണ് എന്റെ മാലാഖ വിജയിച്ചു നില്‍ക്കുമ്പോഴും ആളുകള്‍ രണ്ടുമാസം കഴിഞ്ഞ് കണ്ണടച്ച് ആസിഫിനെ കുറിച്ച് ആലോചിക്കുമ്പോള്‍ മനസില്‍ വരിക സോള്‍ട്ട് എന്‍ പെപ്പറിലൊക്കെ കണ്ട പയ്യനാണ്. അത് ഞാന്‍ ശരിക്കും ഒരു ചലഞ്ചായി ഏറ്റെടുത്തിരുന്നു.

ബിജു മേനോന്‍ എന്ന നടന് ഏത് കഥാപാത്രവും അഭിനയിക്കുമ്പോള്‍ അത് ശ്രമകരമായി തോന്നില്ല. അദ്ദേഹത്തിന്റെ സ്‌റ്റൈലും ബോഡി ലാഗ്വേജുമൊക്കെ വെച്ചിട്ട് എതിരെയുള്ള ആര്‍ട്ടിസ്റ്റിന് പിടിച്ച് നില്‍ക്കാന്‍ പറ്റുകയെന്ന് പറയുന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്.

ബിജു ചേട്ടന്റെ കൂടെ ആസിഫ് നില്‍ക്കുന്നത് എനിക്ക് ചലഞ്ച് തന്നെയായിരുന്നു. ഈ കഥാപാത്രങ്ങള്‍ തമ്മില്‍ ഒരു പരിധിവരെ ഈഗോ ക്ലാഷുണ്ട്. പിന്നെ പരസ്പരം കട്ടയ്ക്ക് നില്‍ക്കുകയും വേണം. അത് എങ്ങനെ വരുമെന്ന ആശങ്കയുണ്ടായിരുന്നു. അത് ആസിഫ് ഞങ്ങള്‍ ആഗ്രഹിച്ചതിനേക്കാള്‍ മനോഹരമായി ചെയ്തിട്ടുണ്ട്.

ആ കാര്യം എല്ലാവര്‍ക്കും മനസിലാകുകയും ചെയ്തു. എല്ലാ കമന്റുകളിലും ആസിഫ് അലി ഗംഭീരമാണെന്ന് പറയുന്നുണ്ട്. ബിജു ചേട്ടനെ കുറിച്ച് അങ്ങനെ പറയേണ്ട ആവശ്യമില്ല. ദാസേട്ടന്‍ നന്നായി പാടിയെന്നും മമ്മൂക്ക നന്നായി അഭിനയിച്ചുവെന്നും പറയുന്നത് പോലെയാണ് അത്,’ ജിസ് ജോയ് പറഞ്ഞു.


Content Highlight: Jis Joy Talks About The Challenge He Faced While Making Thalavan With Asif Ali