|

മമ്മൂക്കയെ കൊണ്ട് എന്തിന് അങ്ങനെ പറയിപ്പിച്ചു; അന്ന് എന്റെ ചോദ്യത്തിന് ശ്രീനിയേട്ടന്‍ ചിരിച്ചതേയുള്ളൂ: ജിസ് ജോയ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വലിയ മാധ്യമം എന്ന നിലയില്‍ സിനിമക്ക് സമൂഹത്തില്‍ ഒരു സ്വാധീന ശക്തിയുണ്ടെന്ന് പറയുകയാണ് സംവിധായകന്‍ ജിസ് ജോയ്. കിരീടം എന്ന സിനിമ തന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം സ്ഫടികം സിനിമ ഇവിടുത്തെ എത്ര മാതാപിതാക്കളെയും കുട്ടികളെയും സ്വാധീനിച്ചിട്ടുണ്ടെന്നും ചോദിക്കുന്നു.

സമൂഹത്തില്‍ ഒരു ആക്രമണം ഉണ്ടാകുമ്പോഴാണ് ആളുകള്‍ സിനിമ നെഗറ്റീവായി സ്വാധീനിക്കുന്നില്ലേയെന്ന് ചിന്തിക്കുന്നതെന്നും ജിസ് പറയുന്നു. ക്യൂ സ്റ്റുഡിയോയില്‍ സംസാരിക്കുകയായിരുന്നു ജിസ് ജോയ്. ഒപ്പം താന്‍ ഒരിക്കല്‍ കഥ പറയുമ്പോള്‍ എന്ന സിനിമയെ കുറിച്ച് ശ്രീനിവാസനോട് സംസാരിച്ചതിനെ കുറിച്ചും ജിസ് അഭിമുഖത്തില്‍ പറയുന്നു.

‘സിനിമ സമൂഹത്തെ സ്വാധീനിക്കുന്നുണ്ടോയെന്ന് ചോദിച്ചാല്‍, വലിയ ഒരു മാധ്യമം എന്ന നിലയില്‍ സിനിമക്ക് സ്വാധീന ശക്തിയുണ്ട്. ഞാന്‍ മുമ്പ് സണ്‍ഡേ ഹോളീഡേ എന്ന സിനിമയുടെ സമയത്ത് ശ്രീനിയേട്ടനോട് ഒരിക്കല്‍ അദ്ദേഹത്തിന്റെ കഥ പറയുമ്പോള്‍ എന്ന സിനിമയെ കുറിച്ച് സംസാരിച്ചു.

പലപ്പോഴും എഴുത്തുകാരന്‍ അദ്ദേഹത്തിന്റെ ആദര്‍ശങ്ങളൊക്കെ നായകനെ കൊണ്ട് പറയിപ്പിക്കാറുണ്ട്. അന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചത് ‘ശ്രീനിയേട്ടന്‍ എന്തുകൊണ്ടാണ് കഥ പറയുമ്പോള്‍ എന്ന സിനിമയില്‍ അങ്ങനെ ചെയ്യാതിരുന്നത്?’ എന്നായിരുന്നു.

‘ഒരു കലാസൃഷ്ടിക്കും അത്ര സ്വാധീനം ഇല്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കാരണം മാമ്പഴം പറിച്ച കുട്ടികള്‍ പിന്നെയും തല്ല് വാങ്ങി’ എന്ന ഡയലോഗ് അശോക് രാജ് പറയുന്നുണ്ട്. മമ്മൂക്കയെ പോലെയൊരു ആള് സ്‌റ്റേജില്‍ അങ്ങനെയൊരു വാചകം പറഞ്ഞില്ലെങ്കിലും കുഴപ്പമില്ലായിരുന്നു.

ആ ഡയലോഗ് ആളുകള്‍ ആക്‌സെപ്റ്റ് ചെയ്യുകയും അതിന് ചിരിക്കുകയും ചെയ്തു. ആ കാര്യം ഇപ്പോള്‍ നമ്മള്‍ ചര്‍ച്ച ചെയ്യുന്ന വിഷയത്തിന്റെ നേരെ ഉള്‍ട്ടയാണ്. അതില്‍ ഒരു കലാസൃഷ്ടിയും ആളുകളെ സ്വാധീനിക്കുന്നില്ല എന്നാണ് പറയുന്നത്. അന്ന് എന്റെ ചോദ്യത്തിന് ശ്രീനിയേട്ടന്‍ മറുപടിയൊന്നും പറയാതെ ചിരിച്ചു.

പക്ഷെ എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ എല്ലാ കലാസൃഷ്ടിയും ആളുകളെ സ്വാധീനിക്കും. സിനിമ പ്രത്യേകിച്ചും സ്വാധീനിക്കും. കിരീടം എന്ന സിനിമ എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. സ്ഫടികം എന്ന സിനിമ ഇവിടുത്തെ എത്ര മാതാപിതാക്കളെയും കുട്ടികളെയും സ്വാധീനിച്ചിട്ടുണ്ട്.

പക്ഷെ അതൊന്നും നമ്മള്‍ ചര്‍ച്ചക്കെടുത്തിരുന്നില്ല. പക്ഷെ സമൂഹത്തില്‍ ഒരു ആക്രമണം ഉണ്ടാകുമ്പോഴാണ് നമ്മള്‍ സിനിമ നെഗറ്റീവായി സ്വാധീനിക്കുന്നില്ലേയെന്ന് ചിന്തിക്കുന്നത്. എന്നോട് ചോദിച്ചാല്‍ ഒറ്റവാചകത്തില്‍ പറഞ്ഞാല്‍ സിനിമ സ്വാധീനിക്കുന്നുണ്ട്,’ ജിസ് ജോയ് പറഞ്ഞു.

Content Highlight: Jis Joy Talks About Sreenivasan’s Katha Parayumbol Movie