2017ല്‍ അപര്‍ണ ബാലമുരളി – ആസിഫ് അലി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജിസ് ജോയ് ഒരുക്കിയ ചിത്രമാണ് സണ്‍ഡേ ഹോളിഡേ. ദീപക് ദേവ് സംഗീതം ഒരുക്കിയ ചിത്രത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു പാട്ടായിരുന്നു ‘ഒരു നോക്കു കാണുവാന്‍ കാത്തിരുന്നവള്‍’.
ഇതിന് വരികള്‍ എഴുതിയത് സംവിധായകനായ ജിസ് ജോയ് തന്നെയായിരുന്നു. സിനിമയില്‍ ഇപ്പോഴും ആളുകള്‍ തങ്ങളെ അഭിനന്ദിക്കുന്ന ഒരു പാട്ടാണ് അതെന്നും എന്നാല്‍ ഷൂട്ടിന് മുമ്പ് അതിന്റെ വരികള്‍ എഴുതിയിരുന്നില്ലെന്നും പറയുകയാണ് ജിസ്.
‘ഡയറക്ടര്‍ തന്നെ പാട്ട് എഴുതുന്നതാണ് ഏറ്റവും നല്ലത്. കാരണം ആ കഥയില്‍ എന്താണ് നടക്കുന്നതെന്ന് ഡയറക്ടര്‍ക്ക് അറിയാവുന്നതില്‍ കൂടുതല്‍ ക്ലാരിറ്റിയില്‍ മറ്റാര്‍ക്കും അറിയില്ല. നായകനും നായികയും തമ്മില്‍ ഇപ്പോള്‍ എന്താണ് അവസ്ഥയെന്ന് സംവിധായകന് മാത്രമേ വ്യക്തമായി അറിയുകയുള്ളൂ.
ആ സിനിമയില്‍ നമ്മളെ സപ്പോര്‍ട്ട് ചെയ്യാനായി നില്‍ക്കുന്ന ബാക്കിയുള്ളവര്‍ക്ക് ആ കഥയെ പറ്റി ഏതാണ്ട് അറിയാമെന്നേയുള്ളൂ. ആര്‍ട്ട് ഡയറക്ടര്‍ക്കും ക്യാമറാമാനുമൊക്കെ കുറച്ചേ കഥയെ പറ്റി അറിയുകയുള്ളൂ. സംവിധായകനോളം ആര്‍ക്കും കഥ അറിയാനാവില്ല.
സണ്‍ഡേ ഹോളിഡേ സിനിമയില്‍ ഇപ്പോഴും ആളുകള്‍ നമ്മളെ അഭിനന്ദിക്കുന്ന ഒരു പാട്ടാണ് ‘ഒരു നോക്കു കാണുവാന്‍ കാത്തിരുന്നവള്‍ മിഴിയകന്ന് പോയോ’ എന്നുള്ളത്. അത് ഷൂട്ടിന് മുമ്പ് എഴുതിയിരുന്നില്ല. അങ്ങനെ എഴുതേണ്ട ആവശ്യമില്ലല്ലോ. കാരണം പാട്ടിന്റെ സീനില്‍ ലിപ് സിങ്ക് ഉണ്ടായിരുന്നില്ല. വിഷ്വല്‍സിലൂടെയാണ് സീന്‍ പോകുന്നത്.
എന്റെ മനസില്‍ സീനും സിറ്റുവേഷനും എന്താണെന്നുള്ളതിന്റെ മൊത്തം ഐഡിയയും ഉണ്ടായിരുന്നു. അത് അവരെ കൊണ്ട് അഭിനയിപ്പിച്ച ശേഷം വരികള്‍ എഴുതുകയായിരുന്നു. സിനിമയുടെ ഷൂട്ട് കഴിഞ്ഞിട്ടാണ് എഴുതുന്നത്. ഷൂട്ട് ചെയ്യുന്ന സമയത്ത് ട്യൂണ്‍ പോലും ഉണ്ടായിരുന്നില്ല,’ ജിസ് ജോയ് പറഞ്ഞു.
ആസിഫ് അലിയുടെയും ജിസ് ജോയിയുടെയും മികച്ച സിനിമകളില്‍ ഒന്നാണ് സണ്‍ഡേ ഹോളിഡേ. ഇന്നും പലരുടെയും പ്രിയപ്പെട്ട ചിത്രങ്ങളില്‍ ഒന്നാണ് ഇത്. ആസിഫിന്റെ കരിയറില്‍ ഏറ്റവും റിപ്പീറ്റ് വാല്യൂ ഉള്ള ചിത്രങ്ങളിലൊന്നു കൂടെയാണ് സണ്‍ഡേ ഹോളിഡേ.
ആസിഫിനും അപര്‍ണക്കും പുറമെ ശ്രീനിവാസന്‍, ലാല്‍ ജോസ്, ആശ ശരത്, സിദ്ദിഖ്, ശ്രുതി രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ള മികച്ച താരനിര തന്നെയുണ്ടായിരുന്നു.
Content Highlight: Jis Joy Talks About Song In Sunday Holiday