| Sunday, 8th December 2024, 12:05 pm

അന്ന് ഞാന്‍ പ്രഭാസിന് ശബ്ദം നല്‍കി; ആ അന്യഭാഷാ നടന്മാരുടെ കരിയറിന്റെ തുടക്കം ഞാന്‍ കണ്ടിട്ടുണ്ട്: ജിസ് ജോയ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അന്യഭാഷാ നടനാണ് അല്ലു അര്‍ജുന്‍. 2004ല്‍ ഇറങ്ങിയ ആര്യ മുതല്‍ക്ക് ഇങ്ങോട്ട് അല്ലു നായകനായ എല്ലാ ചിത്രങ്ങളും മലയാളത്തില്‍ ഡബ്ബ് ചെയ്ത് പ്രദര്‍ശിപ്പിച്ചിരുന്നു. ആര്യ മുതല്‍ എല്ലാ ചിത്രത്തിലും നടന് ശബ്ദം നല്‍കിയത് സംവിധായകനായ ജിസ് ജോയ് ആയിരുന്നു.

ഇപ്പോള്‍ അല്ലു അര്‍ജുന്‍ നായകനായി എത്തിയ പുഷ്പ 2 എന്ന സിനിമക്കും ഡബ്ബ് ചെയ്തത് ജിസ് തന്നെയാണ്. പുഷ്പ 2 കൂടെ ചേര്‍ത്ത് അല്ലു അര്‍ജുന്റെ 20 സിനിമകള്‍ക്ക് ശബ്ദം കൊടുത്തിട്ടുണ്ടെന്ന് തോന്നുന്നുവെന്ന് പറയുകയാണ് ജിസ് ജോയ്.

അതിന്റെ ഇടയില്‍ 2005ല്‍ പുറത്തിറങ്ങിയ ചത്രപതി എന്ന സിനിമയില്‍ താന്‍ പ്രഭാസിന് ശബ്ദം നല്‍കിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം രവി തേജ ഉള്‍പ്പെടെയുള്ള കുറേ ആളുകള്‍ക്ക് താന്‍ ഡബ്ബ് ചെയ്തിട്ടുണ്ടെന്നും ജിസ് കൂട്ടിച്ചേര്‍ത്തു. മൂവി വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇപ്പോള്‍ പുഷ്പ 2 കൂടെ ചേര്‍ത്ത് അല്ലു അര്‍ജുന്റെ 20 സിനിമകള്‍ക്ക് ശബ്ദം കൊടുത്തിട്ടുണ്ടെന്ന് തോന്നുന്നു. അതിന്റെ ഇടയില്‍ ചത്രപതിയില്‍ പ്രഭാസിന് ശബ്ദം നല്‍കിയിരുന്നു. അത്തരത്തില്‍ കുറേ ആളുകള്‍ക്ക് ഞാന്‍ ശബ്ദം നല്‍കിയിട്ടുണ്ട്. രവി തേജക്കുമൊക്കെ ഞാന്‍ ഡബ്ബ് ചെയ്തിരുന്നു.

ഇത് നമ്മളുടെ തൊഴില്‍ മേഖലയല്ലേ. അപ്പോള്‍ പിന്നെ ആര്‍ക്കാണ് ശബ്ദം കൊടുക്കേണ്ടതെന്നൊന്നും നമ്മള്‍ നോക്കില്ലല്ലോ. പക്ഷെ സന്തോഷമുള്ള ഒരു കാര്യമുണ്ട്. നമ്മള്‍ ഇവരുടെയൊക്കെ കരിയറിന്റെ തുടക്കത്തില്‍ തന്നെ ഇവരെ കണ്ടിട്ടുണ്ട്.

ഇവര്‍ ചെയ്ത് വന്ന പടങ്ങളുടെ ഫോര്‍മാറ്റ് എന്തായിരുന്നുവെന്നും എങ്ങനെയായിരുന്നുവെന്നും മനസിലാക്കാന്‍ സാധിച്ചിരുന്നു. അത് സന്തോഷമുള്ള കാര്യം തന്നെയാണ്. അതുകൊണ്ട് ഡബ്ബിങ് തിയേറ്ററിലെ ചെറിയ ഇന്‍സിഡന്‍സ് പോലും ഞാന്‍ ഓര്‍ത്തുവെക്കാറുണ്ട്,’ ജിസ് ജോയ് പറയുന്നു.

Content Highlight: Jis Joy Talks About Prabhas’s Chatrapathi Movie

Video Stories

We use cookies to give you the best possible experience. Learn more