|

എന്റെ ഹൃദയത്തോട് അടുത്തു നില്‍ക്കുന്ന ചിത്രം; പക്ഷെ തിയേറ്ററില്‍ ഓടിയില്ല, പലരും ഇന്നും കണ്ടിട്ടില്ല: ജിസ് ജോയ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കുറഞ്ഞ സിനിമകളിലൂടെ തന്നെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകനാണ് ജിസ് ജോയ്. അദ്ദേഹത്തിന്റെ സംവിധാനത്തില്‍ എത്തിയ സണ്‍ഡേ ഹോളിഡേ, വിജയ് സൂപ്പര്‍ പൗര്‍ണമിയും എന്നീ സിനിമകളുടെ ആരാധകരാണ് മിക്ക സിനിമാപ്രേമികളും. എന്നാല്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമയെ കുറിച്ച് പറയുകയാണ് ജിസ് ജോയ്.

കൊവിഡ് കാരണം തന്റെ മോഹന്‍ കുമാര്‍ ഫാന്‍സ് എന്ന സിനിമ തിയേറ്ററില്‍ വലിയ രീതിയില്‍ ഓടിയില്ലെന്നും എന്നാല്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമ അതാണെന്നും സംവിധായകന്‍ പറയുന്നു. മോളിവുഡ് മീഡിയ മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജിസ് ജോയ്. മോഹന്‍ കുമാര്‍ ഫാന്‍സ് തന്റെ ഹൃദയത്തോട് അടുത്തു നില്‍ക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

‘എന്റെ മോഹന്‍ കുമാര്‍ ഫാന്‍സ് എന്ന സിനിമ തിയേറ്ററില്‍ വലിയ രീതിയില്‍ ഓടാത്ത ഒരു സിനിമയാണ്. ആ സിനിമ റിലീസായി രണ്ട് ആഴ്ച്ചയോ മറ്റോ ആയപ്പോഴാണ് കൊവിഡ് വരുന്നത്. അങ്ങനെയാണ് ആ സിനിമ തിയേറ്ററില്‍ അത്ര ഓടാതെ പോയത്. പക്ഷെ എനിക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമയാണ് മോഹന്‍ കുമാര്‍ ഫാന്‍സ്.

ആളുകള്‍ എവിടെ പോയാലും സണ്‍ഡേ ഹോളിഡേയുടെ ഡയറക്ടര്‍ എന്നാണ് എന്നെ കുറിച്ച് പറയുന്നത്. ആ സിനിമയെ കുറിച്ചും വിജയ് സൂപ്പറിനെ കുറിച്ചുമാണ് പലരും സംസാരിക്കുന്നത്. അതൊക്കെ എന്റെ തന്നെ സിനിമകളാണ്. പക്ഷെ മോഹന്‍ കുമാര്‍ ഫാന്‍സ് എന്ന സിനിമ എന്റെ ഹൃദയത്തോട് അടുത്തു നില്‍ക്കുന്നതാണ്.

സിദ്ദീഖ് ഇക്ക ആ ചിത്രത്തില്‍ ഉഗ്രന്‍ റോളാണ് ചെയ്തിരിക്കുന്നത്. ഒരുപാട് പേരെ പ്രതിനിധാനം ചെയ്യാന്‍ ആ മോഹന്‍ കുമാര്‍ ഫാന്‍സിലൂടെ എനിക്ക് സാധിച്ചു. ഞാന്‍ ഇപ്പോള്‍ പറയുന്നത് കേള്‍ക്കുന്ന ആളുകളില്‍ പലരും ആ സിനിമ കണ്ടിട്ടുണ്ടാകില്ല,’ ജിസ് ജോയ് പറഞ്ഞു.

Content Highlight: Jis Joy Talks About Mohan Kumar Fans Movie

Video Stories