ആസിഫ് അലി – ബിജു മേനോന്‍ എന്നിവരെ നായകന്മാരാക്കി ജിസ് ജോയ് ഒരുക്കിയ ഏറ്റവും പുതിയ ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ചിത്രമായിരുന്നു തലവന്‍. ബൈസിക്കിള്‍ തീവ്സ്, സണ്‍ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്‍ണമിയും, ഇന്നലെ വരെ എന്നീ സിനിമകള്‍ക്ക് ശേഷം ആസിഫ് അലിയും ജിസ് ജോയ്‌യും ഒന്നിച്ച ചിത്രമായിരുന്നു ഇത്.
സിനിമയില്‍ മിയ ജോര്‍ജ്, അനുശ്രീ, ദിലീഷ് പോത്തന്‍, കോട്ടയം നസീര്‍, ശങ്കര്‍ രാമകൃഷ്ണന്‍, ജോജി കെ. ജോണ്‍, സംവിധായകന്‍ രഞ്ജിത്ത്, ജാഫര്‍ ഇടുക്കി, ടെസ, ദിനേശ്, അനുരൂപ്, നന്ദന്‍ ഉണ്ണി, ബിലാസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
തലവനില്‍ മിയ എത്തിയത് സുനിത എന്ന കഥാപാത്രമായിട്ടായിരുന്നു. മിയ ഈ സിനിമയില്‍ അഭിനയിക്കും മുമ്പ് തന്നോട് എങ്ങനെയാണ് നടക്കേണ്ടതെന്ന് ചോദിച്ചതിനെ കുറിച്ച് പറയുകയാണ് സംവിധായകന്‍ ജിസ് ജോയ്. ജാങ്കോ സ്‌പേസ് ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മിയയുടെ ഒരു ഫ്രണ്ട് ഡോക്ടറാണ്. ആ ഡോക്ടറിനെ വിളിച്ചിട്ട് കാലിന് വയ്യാത്ത ഒരാള്‍ എങ്ങനെയാണ് നടക്കുകയെന്നും പെരുമാറുന്നതെന്നും ചോദിച്ചു. മിയയുടെ ക്യാരക്ടര്‍ തുടങ്ങും മുമ്പ് എന്നെ വിളിച്ചിരുന്നു. എന്നിട്ട് രണ്ടുമൂന്ന് ടൈപ്പ് നടത്തം കാണിച്ചു തരാമെന്ന് പറഞ്ഞു.
ഇങ്ങനെ നടക്കണോ അതോ അങ്ങനെ നടക്കണോ അതോ കുറച്ചു കൂടെയിങ്ങനെ ആകണോ എന്നൊക്കെ ചോദിച്ചു. പൊതുവെ ഇങ്ങനെയൊന്നും ആരും ചെയ്യാറില്ല. ടേക്കില്‍ കാണിക്കുമെന്നേയുള്ളൂ. ആ ക്യാരക്ടര്‍ ചെയ്യുമ്പോള്‍ മിയക്ക് തന്നെ ടെന്‍ഷനായിരുന്നു.
ഒരു കഥാപാത്രം ചെയ്യുന്നത് സീനിയര്‍ ആയിക്കോട്ടെ ജൂനിയറായിക്കോട്ടെ അല്ലെങ്കില്‍ പുതിയ ആളായിക്കോട്ടെ, എന്റെ പ്രോസസെന്ന് പറയുന്നത് വളരെ സിമ്പിളാണ്. സീനിലേക്ക് കയറുന്നത് ഞാന്‍ ആരെയും അറിയിക്കില്ല. സംസാരിച്ചിരിക്കുന്ന കൂട്ടത്തിലാണ് സീന്‍ നടക്കുക.
ഇനി എടുക്കാന്‍ പോകുന്നത് വമ്പന്‍ സീനാണെന്ന് പറഞ്ഞിട്ടല്ല ഷൂട്ട് തുടങ്ങുന്നത്. അതുകൊണ്ട് മിയയുടെ അടുത്തേക്ക് പോകുകയോ എങ്ങനെയാണ് ചെയ്യാന്‍ പോകുന്നതെന്ന് ചോദിക്കുകയോ ചെയ്തില്ല. ആ കഥാപാത്രത്തെ കുറിച്ച് പറയുക മാത്രമാണ് ചെയ്തത്. അതുകൊണ്ടാകും മിയക്ക് ടെന്‍ഷനായത്.
അവള്‍ എന്റെയടുത്ത് വന്നിട്ട് ഒരു സെക്കന്റൊന്ന് വരാമോയെന്ന് ചോദിച്ചു. കാര്യം ചോദിച്ചപ്പോള്‍ ‘ഞാന്‍ രണ്ടുമൂന്ന് തരം നടത്തങ്ങള്‍ കാണിക്കാം. അതില്‍ ഏതാണ് വേണ്ടതെന്ന് പറഞ്ഞാല്‍ ഞാന്‍ അത് കോപ്പി ചെയ്യാ’മെന്നു പറഞ്ഞു. അങ്ങനെ മിയ തന്നെയാണ് ആ സിനിമയിലെ നടത്തം സെറ്റ് ചെയ്തത്,’ ജിസ് ജോയ് പറഞ്ഞു.
Content Highlight: Jis Joy Talks About Miya George