ഒരു പരസ്യ ചിത്രത്തിന്റെ കഥ പറയാനായി മോഹന്‍ലാലിനെ കണ്ടപ്പോള്‍ ഉണ്ടായ അനുഭവം പങ്കുവെക്കുകയാണ് ജിസ് ജോയ്. ഓട്ടോഗ്രാഫിന് വേണ്ടി താന്‍ അദ്ദേഹത്തിന് കിരീടം സിനിമയുടെ പുസ്തകരൂപമായിരുന്നു നല്‍കിയത്. അത് കണ്ട് എന്തുകൊണ്ടാണാണ് ആ പുസ്തകം തെരഞ്ഞെടുത്തതെന്ന് മോഹന്‍ലാല്‍ ചോദിച്ചെന്നും ജിസ് ജോയ് പറയുന്നു. വണ്ടര്‍വാള്‍ മീഡിയ നെറ്റ്വര്‍ക്കിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാന്‍ അന്ന് അദ്ദേഹത്തിന് കിരീടത്തിന്റെ ബുക്ക് കൊടുത്തു. ഇത് എന്താണ് ചെയ്യേണ്ടതെന്ന് ലാലേട്ടന്‍ ചോദിച്ചു. ഞാന്‍ ഇതിനകത്തൊരു ഓട്ടോഗ്രാഫ് തരാമോയെന്ന് ഞാനും ചോദിച്ചു. പിന്നെന്താ മോനേയെന്ന് പറഞ്ഞ് അദ്ദേഹം അത് എന്റെ കയ്യില്‍ നിന്ന് വാങ്ങി.
അതില്‍ അദ്ദേഹം പ്രിയപ്പെട്ട ജിസിന് സ്‌നേഹപ്പൂര്‍വ്വം മോഹന്‍ലാല്‍ എന്നെഴുതി. ഇതാണ് എന്റെ വീട്ടില്‍ കയറുമ്പോള്‍ ആദ്യം തന്നെ ഫ്രെയിം ചെയ്ത് വെച്ചിട്ടുള്ളത്. ആ ബുക്ക് കൊടുത്തപ്പോള്‍ പുള്ളി എന്നോട് ചോദിച്ച ഒരു ചോദ്യമുണ്ട്.
എന്തുകൊണ്ട് കിരീടമെന്നാണ് ചോദിച്ചത്. എന്റെ ജീവിതത്തില്‍ എനിക്ക് കെയര്‍ഫുള്ളായി ജീവിക്കണമെന്നും ഒരു ചെറിയ തെറ്റ് നമ്മുടെ വിധിയെ തന്നെ മാറ്റികളയുമെന്നും ബോധ്യപ്പെടുത്തി തന്ന കഥയാണ് കിരീടമെന്ന് ഞാന്‍ സാറിനോട് മറുപടി പറഞ്ഞു.
സേതുമാധവന്റെ ജീവിതം തിരിഞ്ഞു പോവുന്നത് എം.എല്‍.എയുടെ മകനോട് അയാളുടെ വണ്ടി മാറ്റിയിടാന്‍ പറയുന്ന അച്ഛന്റെ പെരുമാറ്റത്തില്‍ നിന്നാണ്. എം.എല്‍.എയുടെ മകനെന്താ പ്രത്യേക നിയമമുണ്ടോ, വണ്ടി മാറ്റിയിടടാ എന്നാണ് അയാള്‍ പറയുന്നത്.
അച്ഛന്റെ തെറ്റില്‍ നിന്നാണ് സേതുമാധവന്റെ ജീവിതം അയാള്‍ പോലും അറിയാതെ മാറി പോകുന്നത്. പിന്നീട് ആ കുടുംബം ശിഥിലമായി പോവുന്നതെല്ലാം ചെങ്കോലില്ലൊക്കെ നമ്മള്‍ കണ്ടതാണ്. ഞാനെന്ന ഒമ്പതാം ക്ലാസുകാരന്റെ മനസില്‍ അന്ന് ആ സിനിമ കോറിയിട്ടത്, ആളുകളോട് സംസാരിക്കുമ്പോഴും പെരുമാറുമ്പോഴും വളരെ സൂക്ഷിക്കണമെന്നാണ്.
ചെറിയ ഒരു പ്രവര്‍ത്തി ജീവിതം മറ്റൊരു വഴിക്കാക്കി കളയും. ഇതെന്നെ പഠിപ്പിച്ചത് ഈ സിനിമയാണ് സാര്‍ എന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. പുള്ളി ചിരിച്ചുകൊണ്ട് എന്റെ ഷോള്‍ഡറില്‍ ഒന്ന് തട്ടുകയാണ് ചെയ്തത്,’ ജിസ് ജോയ് പറഞ്ഞു.
Content Highlight: Jis Joy Talks About Kireedam Movie