ചുരുങ്ങിയ കാലം കൊണ്ട് വളരെ കുറഞ്ഞ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യനായ സംവിധായകനാണ് ജിസ് ജോയ്. ഇന്ന് മലയാള സിനിമയിലെ മുന്‍നിര സംവിധായകരില്‍ ഒരാളാവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ബൈസിക്കിള്‍ തീവ്‌സ് എന്ന സിനിമയിലൂടെയാണ് ജിസ് ജോയ് സംവിധായകനാകുന്നത്. ആറ് സിനിമകളാണ് ഇതുവരെ ജിസ് ജോയ്‌യുടെ സംവിധാനത്തില്‍ എത്തിയിട്ടുള്ളത്.
ബൈസിക്കിള്‍ തീവ്‌സ്, സണ്‍ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്‍ണമിയും, മോഹന്‍ കുമാര്‍ ഫാന്‍സ്, ഇന്നലെ വരെ, തലവന്‍ എന്നിവയാണ് ആ സിനിമകള്‍. അതില്‍ മോഹന്‍ കുമാര്‍ ഫാന്‍സ് ഒഴികെയുള്ള സിനിമകളിലെല്ലാം നായകനായത് ആസിഫ് അലിയായിരുന്നു. ഇപ്പോള്‍ തനിക്ക് ഏറ്റവും ഇഷ്ടമുള്ള ആസിഫ് അലി ചിത്രത്തെ കുറിച്ച് പറയുകയാണ് ജിസ് ജോയ്. മോളിവുഡ് മീഡിയ മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ആസിഫിനെ ഞാന്‍ ഏറ്റവും ആദ്യം ശ്രദ്ധിക്കുന്ന സിനിമ ഋതുവാണ്. ഇപ്പോഴും ഋതു അവന്റെ സിനിമകളില്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒന്നാണ്. പക്ഷെ ‘കെട്ട്യോളാണ് എന്റെ മാലാഖ’ അവന്റെ വളരെ മികച്ച സിനിമയാണ്. ഏത് രീതിയിലും അതിനെ മികച്ചതാണെന്ന് പറയാന്‍ സാധിക്കും. ആസിഫിന്റെ ചുറ്റിനും കുറേ വലിയ നടന്മാരെ വെച്ച് സിനിമയെടുത്ത ശേഷം ഹിറ്റടിക്കാന്‍ എളുപ്പമാണ്. എന്നുവെച്ചാല്‍ ഹിറ്റടിക്കാന്‍ വലിയ ബുദ്ധിമുട്ട് ഉണ്ടാവില്ല. പക്ഷെ ഈ സിനിമയില്‍ അന്ന് ഉണ്ടായിരുന്നത് ആസിഫ് അലിയും ബേസില്‍ ജോസഫുമൊക്കെയാണ്.
അന്ന് ബേസിലിനെ അധികമാര്‍ക്കും അറിയില്ല. അവനാണെങ്കില്‍ ആ സിനിമയില്‍ ചെറിയ വേഷമാണ് ചെയ്തത്. പിന്നെയുള്ളത് ജാഫര്‍ ഇടുക്കിയാണ്. ഇവരെയൊക്കെയാണ് നമ്മുക്ക് അറിയാവുന്നത്. ബാക്കിയൊക്കെ പുതിയ ആളുകളാണ്. എന്നിട്ടും ആ സിനിമ വളരെ എന്റര്‍ടൈനായിട്ട് അവര് പറഞ്ഞു എന്നതിലാണ് കാര്യം. വളരെ അടിപൊളിയാണ് അത്. സ്ലീവാച്ചന്‍ എന്ന ആസിഫിന്റെ കഥാപാത്രത്തിന് ആ വര്‍ഷത്തെ സ്‌റ്റേറ്റ് അവാര്‍ഡ് നമ്മള്‍ പ്രതീക്ഷിച്ചിരുന്നു. ആസിഫ് അല്ല, ഞങ്ങള്‍ എല്ലാവരും അങ്ങനെയൊരു അവാര്‍ഡ് പ്രതീക്ഷിച്ചു. അവന്‍ ആ വര്‍ഷം അവാര്‍ഡ് അര്‍ഹിക്കുന്നുണ്ടായിരുന്നു,’ ജിസ് ജോയ് പറഞ്ഞു.
Content Highlight: Jis Joy Talks About Kettyolaanu Ente Malakha