ഡബ്ബിങ് ആര്‍ടിസ്റ്റ്, സംവിധായകന്‍ എന്നീ നിലകളിലെല്ലാം മലയാളികള്‍ക്ക് സുപരിചിതനായ കലാകാരനാണ് ജിസ് ജോയ്. മലയാളത്തിലേക്ക് മൊഴിമാറ്റിയെത്തുന്ന അല്ലു അര്‍ജുന്‍ സിനിമകളില്‍ അല്ലു അര്‍ജുന് ശബ്ദം നല്‍കിയതിലൂടെയും ജിസ്‌ജോയ് മലയാളികള്‍ക്ക് സുപരിചിതനാണ്.
പിന്നീട് ബൈസിക്കിള്‍ തീവ്‌സ്, സണ്‍ഡെ ഹോളിഡെ, വിജയ് സൂപ്പറും പൗര്‍ണമിയും, മോഹന്‍കുമാര്‍ ഫാന്‍സ്, ഇന്നലെ വരെ, തലവന്‍ തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്യുകയും ചെയ്തു ജിസ്‌ജോയ്. അദ്ദേഹം സംവിധാനം ചെയ്ത രണ്ട് സിനിമകള്‍ക്ക് വേണ്ടി പാട്ടെഴുതിയതിലൂടെ ഗാനരചയിതാവായും ജിസ്‌ജോയ് അദ്ദേഹത്തിന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്.
നടന്‍ ജയസൂര്യയോടൊപ്പം മിമിക്രി അവതരിപ്പിച്ചും ഡബ്ബിങ് ചെയ്തുമാണ് ജിസ്‌ജോയ് കലാമേഖലയിലേക്ക് പ്രവേശിക്കുന്നത്. അക്കാലത്ത് നടി കാവ്യാമാധവനെ പരിചയപ്പെട്ടതിനെ കുറിച്ചും അവരുമായി പിന്നീട് സഹോദരതുല്യമായി സൗഹൃദം പങ്കിട്ടതിനെ കുറിച്ചും സംസാരിക്കുകയാണ് ജിസ്‌ജോയ്. സഫാരി ടിവിയുടെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് ജിസ്‌ജോസ് തന്റെ സിനിമ അനുഭവങ്ങളെ കുറിച്ചും സൗഹൃദങ്ങളെ കുറിച്ചും തുറന്നു പറഞ്ഞിരിക്കുന്നത്.
ഊമപ്പെണ്ണിന് ഉരിയാടപ്പയ്യനെന്ന സിനിമക്ക് വേണ്ടി സൈന്‍ ലാംഗ്വേജ് പഠിക്കാന്‍ വേണ്ടി ജയസൂര്യക്കൊപ്പം യാത്ര ചെയ്തിരുന്നെന്നും അക്കാലത്താണ് കാവ്യമാധവനെ പരിചയപ്പെടുന്നതെന്നും ജിസ്‌ജോയ് പറയുന്നു.
‘കാവ്യ(കാവ്യ മാധവന്‍) നമുക്ക് എല്ലാം പ്രിയപ്പെട്ട നടിയാണ്. കാവ്യയെ അടുത്ത് കാണുക എന്നത് തന്നെ ഞങ്ങളുടെയൊക്കെ വലിയ ആഗ്രമായിരുന്നു. അപ്പോഴാണ് കാവ്യ ഞങ്ങളെ വിളിച്ച് പറയുന്നത്, നിങ്ങള്‍ പഠിക്കാന്‍ പോകുമ്പോള്‍(സൈന്‍ ലാംഗ്വേജ്) എന്നെയും കൂടെ കൊണ്ട് പോകണമെന്ന്.
അങ്ങനെയാണ് ഞാനും ജയസൂര്യയും ആദ്യമായി കാവ്യ മാധവന്റെ വീട്ടിലേക്ക് ചെല്ലുന്നത്. അവിടെ ഒരു താരത്തിന്റെ വീടാണെന്നോ, ഞങ്ങള്‍ പുതിയ ആളുകളാണെന്നോ എന്ന തരത്തിലുള്ള യാതൊരു പ്രശ്‌നങ്ങളുമുണ്ടായിരുന്നില്ല. വളരെ അടുത്ത സുഹൃത്തുക്കളെ പോലെയും പിന്നീടത് സഹോദരങ്ങളെ പോലെയുമായി. അങ്ങനെ കാവ്യയുമായൊത്ത് ഈ ഭാഷ പഠിക്കാന്‍ പോയ ഒത്തിരി കഥകളുണ്ട്.
അതിനോടൊപ്പം തന്നെ ഒരു പ്രശസ്തമായ മാസികയില്‍ കാവ്യമാധവന്‍ ‘കാവ്യമാധവന്‍ സ്പീക്കിങ്’ എന്ന ഒരു പംക്തി കൈകാര്യം ചെയ്യുന്നുണ്ടായിരുന്നു. കുറെ ചോദ്യങ്ങള്‍ കവ്യാമാധവനോട് പ്രേക്ഷകര്‍ ചോദിക്കും. അതിനൊക്കെ തമാശയിലൂടെ മറുപടി നല്‍കണം. ഒരു ദിവസം കാവ്യ ജയസൂര്യയെ വിളിച്ച് പറഞ്ഞു, ‘ജയേട്ടാ… ഒന്ന് വീടുവരെ വരണം, ഇങ്ങനെയൊരു പരിപാടിക്ക് ഞാന്‍ കമ്മിറ്റ് ചെയ്തിട്ടുണ്ട്, ആളുകള്‍ക്ക് രസകരമായ മറുപടി നല്‍കണം’.
അങ്ങനെ കാവ്യമാധവന്‍ സ്പീക്കിങ് എന്ന പംക്തിയില്‍ മറുപടി നല്‍കിക്കൊണ്ടിരുന്നത് ഞാനും ജയസൂര്യയുമായിരുന്നു. ഞങ്ങളത് ഒത്തിരി ആസ്വദിക്കുകയും അതിലൂടെ കാവ്യയുമായും ആ കുടുംബവുമായുമുള്ള ഞങ്ങളുടെ സൗഹൃദം വളരെ ഊഷ്മളമാവുകയും ചെയ്തു,’ ജിസ്‌ജോയ് പറഞ്ഞു.
CONTENT HIGHLIGHTS: JIS JOY talks about Kavya madhavan and Jayasurya