സിനിമ മാത്രം ശ്വസിക്കുന്ന മറ്റൊരാളെ കണ്ടിട്ടില്ല; ഞങ്ങള്‍ക്ക് അന്ന് ഒന്നും സംസാരിക്കേണ്ടി വന്നില്ല: ജിസ് ജോയ്
Entertainment
സിനിമ മാത്രം ശ്വസിക്കുന്ന മറ്റൊരാളെ കണ്ടിട്ടില്ല; ഞങ്ങള്‍ക്ക് അന്ന് ഒന്നും സംസാരിക്കേണ്ടി വന്നില്ല: ജിസ് ജോയ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 9th July 2024, 5:01 pm

ജിസ് ജോയ്‌യുടെ സംവിധാനത്തില്‍ ആസിഫ് അലിയും ബിജു മേനോനും ഒന്നിച്ച ചിത്രമായിരുന്നു തലവന്‍. മലയാളത്തില്‍ ഈ വര്‍ഷം ഇറങ്ങിയ ഇന്‍വസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലര്‍ സിനിമകളില്‍ മികച്ച അഭിപ്രായം നേടിയ ഒന്നായിരുന്നു ഇത്. ഉലകനായകന്‍ കമല്‍ ഹാസന്‍ തലവന്‍ കാണുകയും സിനിമയുടെ ടീമിനെ ചെന്നൈയില്‍ വെച്ച് നേരിട്ട് കണ്ട് സംസാരിക്കുകയും ചെയ്തിരുന്നു. മോളിവുഡ് മീഡിയ മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ കമല്‍ ഹാസനെ കണ്ടതിനെ കുറിച്ച് പറയുകയാണ് സംവിധായകന്‍ ജിസ് ജോയ്.

‘അദ്ദേഹം നമ്മുടെ തലവന്‍ സിനിമയെ കുറിച്ച് പറയുന്നതിനേക്കാള്‍ കൂടുതല്‍ അന്ന് മൊത്തം മലയാള സിനിമയെ കുറിച്ചാണ് പറഞ്ഞിട്ടുള്ളത്. അതിന്റെ ഭാഗമായാണ് നമ്മുടെ സിനിമയെയും സാര്‍ കണ്ടിട്ടുള്ളത്. മലയാളത്തില്‍ പ്രേമലു, ഭ്രമയുഗം, മഞ്ഞുമ്മല്‍ ബോയ്‌സ് തുടങ്ങിയ സിനിമകളൊക്കെ ഒരു മാസത്തില്‍ റിലീസ് ചെയ്ത സിനിമകളാണ്. ആ മാറ്റത്തെ കുറിച്ചാണ് കമല്‍ സാര്‍ അന്ന് കൂടുതലും പറഞ്ഞത്. പിന്നെ ലോകസിനിമയുടെ കാര്യങ്ങളെ കുറിച്ചും പറഞ്ഞു.

അവിടെ പോയപ്പോള്‍ ഉണ്ടായിരുന്ന ഏറ്റവും വലിയ ടെന്‍ഷന്‍ അദ്ദേഹത്തോട് എന്തിനെ കുറിച്ച് സംസാരിക്കും എന്നതായിരുന്നു. എനിക്ക് പരിചയമില്ലാത്ത ഒരാളോട് ഒരുപാട് നേരമിരുന്ന് സംസാരിക്കാന്‍ ബുദ്ധിമുട്ടാണ്. പ്രത്യേകിച്ച് കമല്‍ സാറിനെ പോലെയുള്ള ഒരാളെ കണ്ടതിന്റെ എക്‌സൈറ്റ്‌മെന്റില്‍ നില്‍ക്കുമ്പോള്‍ എന്താകും സംസാരിക്കുകയെന്ന ടെന്‍ഷന്‍ ഉണ്ടായിരുന്നു. അത് എനിക്ക് മാത്രമല്ല, അന്ന് സാറിനെ കാണാന്‍ അവിടെ വന്ന എല്ലാവര്‍ക്കും ഉണ്ടായിരുന്നു.

പക്ഷെ അവിടെ ചെന്നപ്പോള്‍ നമുക്ക് കാര്യമായി ഒന്നും സംസാരിക്കാന്‍ ഉണ്ടായിരുന്നില്ല. കമല്‍ സാര്‍ തന്നെ സംസാരിക്കാനുള്ള ഓരോ ടോപ്പിക്‌സ് പറയുകയായിരുന്നു. സിനിമയില്‍ ഇത്രയും പാഷനുള്ള ഒരാളെ ഞാന്‍ കണ്ടിട്ടില്ല. അദ്ദേഹം ഉണരുന്നതും ഉറങ്ങുന്നതും സിനിമ കൊണ്ടാണെന്ന് അത്രനാള്‍ നമ്മള്‍ കേട്ടിട്ടേയുള്ളു. ഇങ്ങനെ സിനിമയെ മാത്രം ശ്വസിക്കുന്ന ഒരാളെ ഞാന്‍ വേറെ കണ്ടിട്ടില്ല. ഞങ്ങളെയൊക്കെ അദ്ദേഹം അപ്പോള്‍ പരിചയപ്പെട്ടതേയുള്ളു. എന്നിട്ടും സാര്‍ കുറേസമയം ലോക സിനിമയെ കുറിച്ച് ഞങ്ങളോട് സംസാരിച്ചു.

അന്ന് മഹാരാജ എന്ന സിനിമ അവിടെ ഇറങ്ങിയിരുന്നില്ല. ആ സിനിമ ഇറങ്ങുന്നതിന് മുമ്പാണ് ഞങ്ങള്‍ അവിടേക്ക് പോകുന്നത്. മലയാളത്തില്‍ മാത്രമാണ് ഹിറ്റുകള്‍ ഉണ്ടാകുന്നതെന്ന് സാര്‍ പറഞ്ഞു. മറ്റ് ഇന്‍ഡസ്ട്രിയില്‍ ആറ് മാസമായി ഹിറ്റുകളൊന്നും ഉണ്ടായിട്ടില്ലെന്നും പറഞ്ഞു. അന്ന് മലയാള സിനിമയെ കുറിച്ചാണ് കമല്‍ സാര്‍ കൂടുതലും സംസാരിച്ചത്,’ ജിസ് ജോയ് പറഞ്ഞു.


Content Highlight: Jis Joy Talks About Kamal Haasan’s Movie Passion