ജിസ് ജോയ്യുടെ സംവിധാനത്തില്‍ ആസിഫ് അലി – ബിജു മേനോന്‍ എന്നിവര്‍ ഒന്നിച്ച ഇന്‍വസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലര്‍ ചിത്രമായിരുന്നു തലവന്‍. ഈ വര്‍ഷമെത്തിയ ചിത്രം തിയേറ്ററില്‍ മികച്ച പ്രതികരണമായിരുന്നു നേടിയത്. ബൈസിക്കിള്‍ തീവ്‌സ്, സണ്‍ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്‍ണമിയും, ഇന്നലെ വരെ എന്നീ സിനിമകള്‍ക്ക് ശേഷം ആസിഫ് അലിയും ജിസ് ജോയ്യും ഒന്നിച്ച ചിത്രമെന്ന പ്രത്യേകതയും തലവന് ഉണ്ടായിരുന്നു.
ഈ സിനിമ കമല്‍ ഹാസന്‍ കാണുകയും ചെന്നൈയില്‍ വെച്ച് തലവന്റെ ടീമിനെ അദ്ദേഹം നേരിട്ട് കണ്ട് സംസാരിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ സിനിമാപ്രാന്തന് നല്‍കിയ അഭിമുഖത്തില്‍ കമല്‍ ഹാസനെ കണ്ട അനുഭവം പറയുകയാണ് ജിസ് ജോയ്.
‘ഞങ്ങളോട് അന്ന് അവിടെ അഞ്ചരയ്ക്ക് എത്താനാണ് പറഞ്ഞത്. ഞങ്ങള്‍ കൃത്യം അഞ്ച് മണിക്ക് അവിടെ എത്തി കാപ്പി കുടിയൊക്കെ കഴിഞ്ഞ് അദ്ദേഹത്തിന്റെ മാനേജറോട് സംസാരിച്ചു. സമയം അഞ്ചേ ഇരുപത്തിയഞ്ചൊക്കെ ആയതോടെ ഞങ്ങള്‍ക്ക് ടെന്‍ഷനായി തുടങ്ങിയിരുന്നു. ഞാന്‍ ഇരുന്നതിന്റെ തൊട്ടുപുറകില്‍ നിന്നായിരുന്നു അദ്ദേഹം വരുന്നത്.
ആസിഫിന്റെയും മറ്റുള്ളവരുടെയും മുഖത്തേക്ക് നോക്കി ഇരിക്കുകയാണ് ഞാന്‍. അദ്ദേഹം വരുമ്പോള്‍ ഇവരുടെ മുഖത്ത് അത് കാണാന്‍ കഴിയുമല്ലോയെന്ന് കരുതി. കൃത്യം അഞ്ചേ മുപ്പത്തിരണ്ടൊക്കെ ആയപ്പോയേക്കും ആസിഫ് ഉള്‍പ്പെടെയുള്ളവര്‍ എന്റെ പിന്നിലേക്ക് നോക്കാന്‍ തുടങ്ങി. എല്ലാവരും അറിയാതെ എഴുന്നേറ്റു നിന്നു. സാര്‍ ഒരു ഡാര്‍ക്ക് ബ്ലൂ ടീ ഷര്‍ട്ട് ഇട്ടിട്ടായിരുന്നു വന്നത്.
ഞാന്‍ എഴുന്നേറ്റ് തിരിഞ്ഞു നോക്കുമ്പോള്‍ ഒരു തൊപ്പിയൊക്കെ ഇട്ട് വരുന്ന കമല്‍ സാറിനെയാണ് കണ്ടത്. അത് വല്ലാത്ത ഒരു മൊമന്റായിരുന്നു. ഇന്ത്യന്‍ എന്ന സിനിമ ആദ്യമായി കാണുമ്പോള്‍ ഞാന്‍ അന്ന് പത്താം ക്ലാസിലോ മറ്റോ പഠിക്കുന്ന കുട്ടിയാണ്. ഇപ്പോള്‍ ഇന്ത്യന്‍2 റിലീസാകാന്‍ പോകുകയാണ്. അപ്പോഴേക്കും ആ കുട്ടി ഇദ്ദേഹത്തിന്റെ അടുത്ത് ഒരു കസേരയിട്ട് ഇരിക്കുകയാണ്. ഞാന്‍ അവിടെ വെച്ച് സാറിനോട് ഈ കാര്യം പറഞ്ഞിരുന്നു,’ ജിസ് ജോയ് പറഞ്ഞു.
Content Highlight: Jis Joy Talks About Kamal Haasan And Indian Movie