| Saturday, 29th June 2024, 4:28 pm

വര്‍ക്കായില്ലെങ്കില്‍ വന്‍ പണിയായേനെ; ആ തീരുമാനത്തിന് ആസിഫോ ബിജു ചേട്ടനോ കൂടെ നിന്നില്ല: ജിസ് ജോയ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജിസ് ജോയ്‌യുടെ സംവിധാനത്തില്‍ ആസിഫ് അലി – ബിജു മേനോന്‍ എന്നിവര്‍ ഒന്നിച്ച ഇന്‍വസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലര്‍ ചിത്രമായിരുന്നു തലവന്‍. തിയേറ്ററില്‍ മികച്ച പ്രതികരണ നേടിയ സിനിമയില്‍ ഒരു കാമിയോ റോളില്‍ ജാഫര്‍ ഇടുക്കിയും എത്തിയിരുന്നു. അല്ലപ്പന്‍ എന്ന കഥാപാത്രമായാണ് താരമെത്തിയത്. സിനിമയുടെ ഷൂട്ടിങ്ങ് തുടങ്ങിയതിന് ശേഷമുണ്ടായ കഥാപാത്രമായിരുന്നു ഇതെന്ന് പറയുകയാണ് സംവിധായകന്‍ ജിസ് ജോയ്.

ഡയലോഗുകള്‍ എഴുതി വരുമ്പോള്‍ പെട്ടെന്നുണ്ടായ തോന്നലിലാണ് ജാഫറിന്റെ കഥാപാത്രം ഉണ്ടാകുന്നതെന്നും അദ്ദേഹം പറയുന്നു. സിനിമാപ്രാന്തന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജിസ് ജോയ്. അങ്ങനെയൊരു കഥാപാത്രത്തെ കൊണ്ടുവരുന്നത് ഏറെ റിസ്‌ക്കുള്ള കാര്യമായിരുന്നുവെന്നും പാളിയാല്‍ ഒരാളും കൂടെ നില്‍ക്കില്ലായിരുന്നുവെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

‘സിനിമയുടെ ഷൂട്ടിങ്ങ് തുടങ്ങിയതിന് ശേഷം ഉണ്ടായ കഥാപാത്രമായിരുന്നു അത്. സത്യത്തില്‍ ഡയലോഗുകള്‍ എഴുതി വരുമ്പോള്‍ പെട്ടെന്നുണ്ടായ തോന്നലിലാണ് അങ്ങനെ ഒരു കഥാപാത്രം ഉണ്ടാകുന്നത്. കഥ മുന്നോട്ട് പോകുമ്പോള്‍ ആകെ സീരിയസ് മൂഡിലാണ് പോകുന്നത്. സിറ്റുവേഷന്‍ ആകെ സീരിയസായി മുറുകി മുറുകി പോകുകയാണ്. ആ മൂഡൊന്ന് ചെറുതായി ലൂസ് ചെയ്ത ശേഷം സീരിയസ് ആക്കാമെന്ന് കരുതിയാണ് ജാഫറിന്റെ കഥാപാത്രം വന്നത്. ശരിക്കും ഏറെ റിസ്‌ക്കുള്ള കാര്യമായിരുന്നു അത്. അഥവാ വര്‍ക്കായില്ലെങ്കില്‍ വന്‍ പണി ആയേനെ. കാരണം പാളിയാല്‍ പിന്നെ ഒരാളും നമ്മുടെ കൂടെ നില്‍ക്കില്ല.

Also Read: ഗഗനചാരിയിലെ ഏലിയന് വേണ്ടി പി.കെയില്‍ നിന്ന് ആ കാര്യം റെഫറന്‍സാക്കി; പിന്നീടാണ് എന്റെ തെറ്റ് മനസിലായത്: അനാര്‍ക്കലി

ആ കഥാപാത്രത്തെ കുറിച്ച് പറഞ്ഞപ്പോള്‍ ആരും എന്നെ സപ്പോര്‍ട്ട് ചെയ്തിരുന്നില്ല. ആസിഫോ ബിജു ചേട്ടനോ പോലും കൂടെ നിന്നിരുന്നില്ല. അവര്‍ മാത്രമല്ല കൂടെ നില്‍ക്കാതിരുന്നത്, പ്രൊഡ്യൂസര്‍ സൈഡില്‍ നിന്ന് പോലും ആരും സപ്പോര്‍ട്ട് ചെയ്യാന്‍ ഉണ്ടായിരുന്നില്ല. പിന്നെ ആ കഥാപാത്രം ജാഫര്‍ ചെയ്യാന്‍ തയ്യാറല്ലായിരുന്നെങ്കില്‍ ചിലപ്പോള്‍ നമ്മള്‍ അത് വേണ്ടെന്ന് വെച്ചേനെ. ജാഫര്‍ ആ റോള്‍ ചെയ്യാന്‍ തയ്യാറാകുകയും അന്ന് ഷൂട്ടിന് വരികയും ചെയ്തത് കൊണ്ടാണ് അങ്ങനെ ഒരു കഥാപാത്രം തലവനില്‍ ഉണ്ടായത്,’ ജിസ് ജോയ് പറഞ്ഞു.


Content Highlight: Jis Joy Talks About Jaffar Idukki’s Character In Thalavan Movie

We use cookies to give you the best possible experience. Learn more