കുറഞ്ഞ സിനിമകളിലൂടെ തന്നെ മലയാളികള്‍ക്ക് ഏറെ പരിചിതനായ സംവിധായകനാണ് ജിസ് ജോയ്. സംവിധാനത്തിന് പുറമെ ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, ഗാനരചയിതാവ് എന്ന രീതിയിലും കഴിവ് തെളിയിച്ച വ്യക്തിയാണ് ജിസ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് താനും ജയസൂര്യയും ഇന്ദ്രജിത്ത് സുകുമാരനും ഒരുമിച്ചിരിക്കുമ്പോള്‍ ഒരു കൈ നോട്ടക്കാരി വന്നപ്പോള്‍ ഉണ്ടായ അനുഭവം പങ്കുവെക്കുകയാണ് ജിസ് ജോയ്.
‘ഒരിക്കല്‍ ഒരു കൈനോട്ടക്കാരിയായ സ്ത്രീ വന്നു. ഞങ്ങളാണെങ്കില്‍ എന്നാല്‍ ഒന്ന് കൈ നോക്കികളയാമെന്ന് കരുതി. ആദ്യം ജയസൂര്യയുടെ കൈ കാണിച്ചു കൊടുത്തു. അവര് ജയസൂര്യയുടെ മുഖത്തേക്ക് നോക്കി. ‘നിങ്ങള്‍ കലകാരനാണ്, കലാരംഗത്ത് വലിയ ആളാകും’ എന്ന് പറഞ്ഞു.
ജയസൂര്യയ്ക്ക് അന്ന് ഒരു കലാകാരന്റെ ലുക്കുണ്ടായിരുന്നു. ചിലപ്പോള്‍ ആ സ്ത്രീ അങ്ങനെ മനസിലാക്കിയതാകാം. അത് കഴിഞ്ഞ് അവര്‍ ഇന്ദ്രജിത്തിന്റെ കൈ ആയിരുന്നു നോക്കിയത്. ആ സമയത്ത് അവര് പറഞ്ഞത് ‘നിങ്ങളും കലാകാരനാണ്. ഒരു ഗായകനാണ്’ എന്നൊക്കെയായിരുന്നു.
അപ്പോള്‍ ഞങ്ങള്‍ ‘കുറേ കേട്ടിട്ടുണ്ട്’ എന്ന മട്ടില്‍ അവരെ നോക്കിയിരുന്നു. പിന്നീട് ആ സ്ത്രീ ഇന്ദ്രജിത്തിന്റെ മുഖത്തേക്ക് നോക്കി വേറെയും കാര്യങ്ങള്‍ പറഞ്ഞു. ‘കുഞ്ഞിന്റെ അച്ഛന്‍ രാജ്യം ഭരിക്കേണ്ട ആളാണ്. ഒത്തിരി പ്രജകള്‍ ഉണ്ടായ ഒരാളാണ്. ആ പ്രജകളെ ഭരിക്കേണ്ട ആളാണ്. അത്രയും പേര്‍ ആരാധിക്കേണ്ട ആളാണ്’ എന്നൊക്കെ പറഞ്ഞു.
പിന്നെ ആ സ്ത്രീ ‘ആരാണ് മോന്റെ അച്ഛന്‍’ എന്ന് ചോദിച്ചു. അത് കേട്ടതും ഇന്ദ്രജിത്തിന്റെ കണ്ണുകള്‍ നിറഞ്ഞു. ‘എന്റെ അച്ഛന്‍ സിനിമ നടന്‍ ആയിരുന്നു. സുകുമാരന്‍. അച്ഛന്‍ മരിച്ചിട്ട് രണ്ടു വര്‍ഷമായി’ എന്ന് അവന്‍ മറുപടി നല്‍കി.
എനിക്ക് അത് ഇന്നും അത്ഭുതമാണ്. കാരണം എന്തുകൊണ്ടാകും അവര് ആ ഡയലോഗ് എന്നോടോ ജയസൂര്യയോടോ പറയാതിരുന്നത്. കൃത്യമായി ഇന്ദ്രജിത്തിന്റെ കയ്യില്‍ പിടിച്ചിട്ട് അവന്റെ മുഖത്ത് നോക്കി തന്നെയത് പറഞ്ഞു,’ ജിസ് ജോയ് പറയുന്നു.
Content Highlight: Jis Joy Talks About Indrajith Sukumaran