മലയാളികള്‍ ഏറെ ആഘോഷിക്കുന്ന അന്യഭാഷാ നടനാണ് അല്ലു അര്‍ജുന്‍. ആര്യ മുതല്‍ക്ക് ഇങ്ങോട്ട് അല്ലു നായകനായ എല്ലാ ചിത്രങ്ങളും മലയാളത്തില്‍ ഡബ്ബ് ചെയ്ത് പ്രദര്‍ശിപ്പിച്ചിരുന്നു. ആരാധകര്‍ സ്നേഹത്തോടെ മല്ലു അര്‍ജുന്‍ എന്ന് വിളിക്കുന്ന താരത്തിന്റെ ഏറ്റവും പുതിയ ചിത്രം പുഷ്പ 2 പ്രദര്‍ശനത്തിനൊരുങ്ങുകയാണ്. 2021ല്‍ റിലീസായ ആദ്യഭാഗത്തിന്റെ തുടര്‍ച്ചയാണ് പുഷ്പ 2.
അല്ലു അര്‍ജുന്റെ ആര്യ മുതല്‍ അദ്ദേഹത്തിന് മലയാളത്തില്‍ ഡബ്ബ് ചെയ്യുന്നത് സംവിധായകന്‍ ജിസ് ജോയ് ആണ്. അല്ലു അര്‍ജുന്‍ എങ്ങനെ മല്ലു അര്‍ജുന്‍ ആയെന്ന് പറയുകയാണ് ജിസ് ജോയ്. ഒരു മാര്‍ക്കറ്റും ഇല്ലാതിരുന്ന അല്ലു അര്‍ജുനെ മല്ലു അര്‍ജുനാക്കിയത് നിര്‍മാതാവ് ഖാദര്‍ ഹസന്‍ ആണെന്ന് ജിസ് ജോയ് പറഞ്ഞു. മൈല്‍ സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അല്ലു അര്‍ജുന്‍ മല്ലു അര്‍ജുന്‍ ആയതിന് പിന്നില്‍ ഒരു കഥയുണ്ട്. ഒരു മാര്‍ക്കറ്റും ഇല്ലാതിരുന്ന അല്ലു അര്‍ജുനെ ഇവിടെ കൊണ്ട് വന്ന് മല്ലു അര്‍ജുന്‍ ആക്കി മാറ്റിയത് ഖാദര്‍ ഹസന്‍ എന്ന നിര്‍മാതാവിന്റെ വിഷന്‍ മാത്രമാണ്. അദ്ദേഹം രാജസേനന്‍ സാറിന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. നക്ഷത്ര കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി എന്ന ചിത്രത്തിന്റെ നിര്‍മാതാവായിരുന്നു. തിരുവനന്തപുരത്ത് ബിസിനസുകാരനാണ്.
അദ്ദേഹം ഹൈദരാബാദിലോ മറ്റോ വെച്ച് അല്ലു അര്‍ജുന്റെ ആര്യ എന്ന സിനിമ കണ്ടപ്പോള്‍ എന്തോ ഒരു സ്പാര്‍ക്ക് അടിച്ചിട്ടാണ് ചിത്രം ഇവിടെ കേരളത്തില്‍ കൊണ്ടുവരുന്നത്. അപ്പോഴും അല്ലു ആദ്യം അഭിനയിച്ച സിനിമ ആര്യ അല്ല. പലരുടെയും വിചാരം അല്ലു ആദ്യം അഭിനയിച്ച സിനിമ ആര്യയാണ് എന്നാണ്. അല്ലു ആദ്യം അഭിനയിക്കുന്നത് മറ്റേതോ പടമാണ്.
ആര്യ അല്ലു അര്‍ജുന്റെ രണ്ടാമത്തെയോ മൂന്നാമത്തെയോ സിനിമയാണ്. പക്ഷെ കേരളത്തില്‍ റിലീസ് ചെയ്യുന്ന ആദ്യത്തെ സിനിമ ആര്യയാണ്. ഗംഗോത്രി ആണെന്ന് തോന്നുന്നു ആള് ആദ്യം അഭിനയിച്ച ചിത്രം. ആ സിനിമ പിന്നീട് സിംഹകുട്ടി എന്ന പേരില്‍ മലയാളത്തില്‍ ഡബ്ബ് ചെയ്ത് ഇറക്കിയിട്ടുണ്ടായിരുന്നു,’ ജിസ് ജോയി പറയുന്നു.
Content Highlight: Jis Joy Talks About How Allu Arjun Becomes Mallu Arjun