അതിന് സാധിച്ചില്ലെങ്കില്‍ സിനിമ ഫ്‌ളോപ്പാകുമെന്ന് ദുല്‍ഖര്‍; മറ്റൊരു നടനെ വെക്കാമെന്നും പറഞ്ഞു: ജിസ് ജോയ്
Entertainment
അതിന് സാധിച്ചില്ലെങ്കില്‍ സിനിമ ഫ്‌ളോപ്പാകുമെന്ന് ദുല്‍ഖര്‍; മറ്റൊരു നടനെ വെക്കാമെന്നും പറഞ്ഞു: ജിസ് ജോയ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 10th December 2024, 8:02 pm

ബൈസിക്കിള്‍ തീവ്സ് എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ചയാളാണ് ജിസ് ജോയ്. സംവിധായകന്‍, ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ്, തിരക്കഥാകൃത്ത്, ഗാനരചയിതാവ് എന്നീ സിനിമയുടെ എല്ലാ മേഖലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ അല്ലു അര്‍ജുന് മലയാളത്തില്‍ ഡബ്ബ് ചെയ്യുന്നതിലൂടെയും വലിയ രീതിയില്‍ സ്വീകാര്യത നേടാന്‍ ജിസ് ജോയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ ബൈസിക്കിള്‍ തീവ്സില്‍ നായകനായത് ആസിഫ് അലിയായിരുന്നു. ആ സിനിമയുടെ കഥ പറയാനായി താന്‍ നടന്‍ ദുല്‍ഖര്‍ സല്‍മാനെ കാണാന്‍ പോയതിനെ കുറിച്ച് പറയുകയാണ് ജിസ്.

‘ബൈസിക്കിള്‍ തീവ്‌സിന്റെ കഥ പറയാനായി ഞാന്‍ ദുല്‍ഖര്‍ സല്‍മാനെ കണ്ടു. കഥ കേട്ടപ്പോള്‍ ‘ഞാനൊരു കഥ കേട്ടാല്‍ ഇഷ്ടമായെങ്കില്‍ ഇഷ്ടമായെന്നും ഇല്ലെങ്കില്‍ ഇല്ലായെന്നും അപ്പോള്‍ തന്നെ പറയും. പക്ഷെ ഈ കഥ കേട്ടിട്ട് എനിക്ക് അങ്ങനെ പറയാന്‍ പറ്റുന്നില്ല’ എന്നായിരുന്നു ദുല്‍ഖര്‍ പറഞ്ഞത്.

അത്രയധികം ട്വിസ്റ്റ് ആന്‍ഡ് ടേണ്‍സ് ഉള്ള ഒരു പടമായിരുന്നു ബൈസിക്കിള്‍ തീവ്‌സ്. ‘ഞാന്‍ ഈ സിനിമ നിര്‍മിക്കാം. നമുക്ക് മറ്റൊരു നടനെ വെച്ച് ചെയ്താലോ’യെന്ന് ദുല്‍ഖര്‍ ചോദിച്ചു. അപ്പോള്‍ ഞാന്‍ തിരികെ പറഞ്ഞത് ‘ഞാന്‍ ദുല്‍ഖറിനെ സമീപിച്ചത് ഈ സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടിയാണ്’ എന്നായിരുന്നു.

അതിന് അദ്ദേഹം എന്നോട് വളരെ പ്രാക്ടിക്കലായിട്ട് മറുപടി പറഞ്ഞു. ‘ആദ്യമായി സിനിമ ചെയ്യാന്‍ പോകുന്ന ആളാണ് ചേട്ടന്‍. ഇപ്പോള്‍ വായിച്ച് കേള്‍പ്പിച്ച ട്വിസ്റ്റുകള്‍ വിഷ്വലില്‍ കൊണ്ടുവരാന്‍ ചേട്ടന് പറ്റിയില്ലെങ്കില്‍ സിനിമ ഫ്‌ളോപ്പ് ആവും’ എന്ന് ദുല്‍ഖര്‍ പറഞ്ഞു.

ആ കാരണം കൊണ്ടാണ് ഈ സിനിമ ഞാന്‍ നിര്‍മിക്കാമെന്ന് പറഞ്ഞതെന്നും ദുല്‍ഖര്‍ എന്നോട് പറഞ്ഞു. സത്യത്തില്‍ ദുല്‍ഖറിനെ കണ്ട് എഴുതിയ സിനിമയായിരുന്നില്ല അത്. മറ്റൊരു ആര്‍ട്ടിസ്റ്റിനെ കണ്ട് എഴുതിയതായിരുന്നു.

എന്തായാലും അതിന് ശേഷം ഞാനൊരു കാര്യം തീരുമാനിച്ചു. കഥ എഴുതുമ്പോള്‍ കഥാപാത്രം മാത്രമേ എഴുതുകയുള്ളൂ, കഥ പറയുമ്പോഴും അങ്ങനെയേ പറയുകയുള്ളൂ,’ ജിസ് ജോയ് പറഞ്ഞു.

Content Highlight: Jis Joy Talks About Dulquer Salmaan