സംവിധായകന്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, അഭിനേതാവ് എന്നീ നിലകളില്‍ തന്റെ കഴിവ് തെളിയിച്ചയാളാണ് ജിസ് ജോയ്. തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുന്റെ മൊഴിമാറ്റചിത്രങ്ങളിലൂടെയാണ് ജിസ് ജോയിയുടെ ശബ്ദം മലയാളികള്‍ക്ക് സുപരിചിതമായത്.
സംവിധായകന്‍ സിദ്ദിഖ് സംവിധാനം ചെയ്ത ഒരു സിനിമക്ക് ഡബ്ബ് ചെയ്യാന്‍ വേണ്ടി പോയപ്പോഴുള്ള രസകരമായ അനുഭവം പങ്കുവെക്കുകയാണ് ജിസ് ജോയ്. സിദ്ദിഖിന്റെ ഒരു സിനിമയുടെ ഡബ്ബിങ് ടെസ്റ്റിനായി പോയെന്നും എന്നാല്‍ എത്ര ശ്രമിച്ചിട്ടും വില്ലന്‍ കഥാപാത്രം അവതരിപ്പിച്ച നടന്റെ മീറ്ററില്‍ പിടിക്കാന്‍ കഴിഞ്ഞില്ലെന്നും ജിസ് ജോയ് പറയുന്നു.
എന്തുപറ്റിയെന്ന് സിദ്ദിഖ് വന്ന് ചോദിച്ചപ്പോള്‍ ആ നടന്‍ അങ്ങനെയാണോ അതോ കമല്‍ ഹാസനെ ഇമിറ്റേറ്റ് ചെയ്യുന്നതാണോയെന്ന് താന്‍ ചോദിച്ചെന്നും ജിസ് ജോയ് പറഞ്ഞു. അപ്പോള്‍ ചില കാര്യങ്ങള്‍ കമല്‍ ഹാസന്‍ വരെ ആ നടന്റെ അടുത്തുനിന്നാണ് ശരിയാക്കാറുള്ളതെന്ന് സിദ്ദിഖ് തമാശക്ക് പറഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഫാരി ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജിസ് ജോയ്.
‘സംവിധായകന്‍ സിദ്ദിഖ് ഇക്കയുടെ ഒരു പ്രധാനപ്പെട്ട സിനിമയുടെ ഡബ്ബിങ്ങിന് വോയ്സ് ടെസ്റ്റിനായി എന്നെ വിളിച്ചു. സിനിമയുടെ പേര് ഞാന്‍ പറയുന്നില്ല. എന്റെ വോയിസ് കേള്‍ക്കുമ്പോഴേ അത് അല്ലു അര്‍ജുന്റെ സൗണ്ടാണെന്ന് നിങ്ങള്‍ക്ക് തോന്നും. വെറുതെ ഞാന്‍ അവിടെ വരെ വന്ന് എന്റെയും നിങ്ങളുടെയും സമയം കളയണോ എന്ന് ഞാന്‍ ചോദിച്ചു.
വന്നില്ലേല്‍ വിഷമം ആകും എന്നൊക്കെ സിദ്ദിഖ് ഇക്ക പറഞ്ഞതുകൊണ്ട് ഞാന്‍ പിന്നെ അവിടെ പോയി. വില്ലന്‍ വേഷത്തിന് ഡബ്ബ് ചെയ്യാനാണ് എന്നെ വിളിച്ചത്. അങ്ങനെ മനസില്ലാ മനസോടെ ഡബ്ബിങ്ങിന് പോയിട്ട് എന്തൊക്കെ ചെയ്തിട്ടും എനിക്ക് ആ പ്രധാന വില്ലന്റെ മീറ്റര്‍ പിടിക്കാന്‍ കഴിയുന്നില്ല. അദ്ദേഹം മോശം അഭിനേതാവാണ് എന്നൊന്നും അല്ല ഞാന്‍ പറയുന്നത്. നല്ല നടന്‍ തന്നെയാണ്. അദ്ദേഹത്തിന്റെ താളം മൊത്തത്തില്‍ വേറെ രീതിയിലാണ്.
സ്വന്തമായി ഡബ്ബ് ചെയ്താല്‍ മാത്രമേ അത് ശരിയാകുകയൊള്ളു. പിന്നെ സിദ്ദിഖ് ഇക്ക എന്റെ അടുത്തുവന്ന് എന്തുപറ്റിയെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു, ഇവന്‍ ഇങ്ങനെയാണോ അതോ കമല്‍ ഹാസനെ ഇമിറ്റേറ്റ് ചെയ്യുന്നതാണോ എന്ന്. അപ്പോള്‍ സിദ്ദിഖ് ഇക്ക പറഞ്ഞു, ‘വളരെ ശരിയാണ് ജിസിനെ, ചില കാര്യങ്ങളെല്ലാം കമല്‍ ഹാസന്‍ ഇവനെ നോക്കിയാണ് ശരിയാക്കുന്നത്’ എന്ന്,’ ജിസ് ജോയ് പറയുന്നു.
Content Highlight: Jis Joy Talks About Director Siddique