| Monday, 1st April 2024, 12:41 pm

ബദ്രിനാഥിന്റെ സമയത്ത് ആ സൂപ്പര്‍താരത്തെ കണ്ട് എല്ലാവരും കാലില്‍ വീണു; അദ്ദേഹം എന്റെയടുത്തേക്ക് വന്നതും ഞാന്‍ ഓടി: ജിസ് ജോയ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വി.വി. വിനായക് സംവിധാനം ചെയ്ത് 2011ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ബദ്രിനാഥ്. അല്ലു അര്‍ജുന്‍ നായകനായ ഈ ചിത്രം നിര്‍മിച്ചത് അല്ലു അരവിന്ദായിരുന്നു.

ഒപ്പം തമന്ന ഭാട്ടിയ, പ്രകാശ് രാജ്, കെല്ലി ദോര്‍ജി, ബ്രഹ്‌മാനന്ദം തുടങ്ങിയ നിരവധി താരങ്ങളും ബദ്രിനാഥില്‍ അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിന്റെ മലയാളം വേര്‍ഷനില്‍ അല്ലു അര്‍ജുന്റെ ശബ്ദം ഡബ്ബ് ചെയ്തത് ജിസ് ജോയ് ആയിരുന്നു.

അല്ലു അര്‍ജുന്റെ മിക്ക സിനിമകളിലും ജിസ് ജോയ് തന്നെയായിരുന്നു ശബ്ദം നല്‍കിയിരുന്നത്. ബദ്രിനാഥ് സിനിമയുടെ ഡബ്ബിങ് സമയത്ത് നടന്ന രസകരമായ സംഭവത്തെ കുറിച്ച് പറയുകയാണ് ജിസ് ജോയ്. മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘ബദ്രിനാഥ് എന്ന പടം ഡബ്ബ് ചെയ്യാന്‍ പോയതായിരുന്നു. ആ ഒരേ ഒരു സിനിമയാണ് ഞാനും അല്ലു അര്‍ജുനും പ്രകാശ് രാജും കൂടെ ഒരു മൈക്കില്‍ നിന്ന് ഡബ്ബ് ചെയ്തത്. അതിന്റെ കാരണം, നാല് ദിവസം കഴിഞ്ഞാല്‍ ആ പടം റിലീസായിരുന്നു. ഡബ്ബ് ചെയ്യുന്നത് കറക്ഷന്‍സായിരുന്നു.

അന്ന് സ്റ്റുഡിയോയുടെ പുറത്ത് സിനിമയുടെ ഷൂട്ടിങ് നടക്കുന്നുണ്ട്. ഞാന്‍ ഡബ്ബ് ചെയ്യുന്നതിന്റെ ഇടയില്‍ അല്ലു ഷൂട്ട് ചെയ്ത് വന്നാല്‍ ഞാന്‍ അവിടുന്ന് മാറിക്കൊടുക്കും. പ്രകാശ് രാജ് വരുമ്പോള്‍ ഞങ്ങള്‍ രണ്ടുപേരും മാറിക്കൊടുക്കണം. അത്രയും ടൈറ്റ് ഷെഡ്യൂളായിരുന്നു.

ഇതിനിടയില്‍ ഞാന്‍ ഒരു തവണ സ്റ്റുഡിയോയുടെ പുറത്തേക്ക് പോയി. നല്ല ഭംഗിയുള്ള സ്ഥലമായിരുന്നു അത്. ആ സമയത്താണ് ബ്രഹ്‌മാനന്ദം സാര്‍ അവിടേക്ക് വരുന്നത്. ഇദ്ദേഹം കാറില്‍ വന്നിറങ്ങിയതും യൂണിറ്റില്‍ ഉണ്ടായിരുന്ന ആളുകളൊക്കെ ഓടി ചെന്ന് അദ്ദേഹത്തിന്റെ കാലില്‍ തൊട്ട് വന്ദിച്ചു. എന്റെ മുന്നില്‍ നിന്നവരൊക്കെ അദ്ദേഹത്തിന്റെ കാലില്‍ വീണു.

പത്ത് സെക്കന്റിന്റെ ഉള്ളില്‍ അദ്ദേഹം എന്റെ അടുത്തേക്ക് വരുമെന്ന് എനിക്ക് മനസിലായി. ഞാനാണെങ്കില്‍ ഇന്നുവരെ മാര്‍പാപ്പയുടെ വരെ കാലില്‍ വീണിട്ടില്ല. മാക്‌സിമം മാര്‍പാപ്പയുടെ മോതിരം മുത്തിയിട്ടുണ്ട്. ഞാന്‍ ഉടനെ അവിടുന്ന് ഓടി കളഞ്ഞു,’ ജിസ് ജോസ് പറഞ്ഞു.

Content Highlight: Jis Joy Talks About Brahmanandam

We use cookies to give you the best possible experience. Learn more