Entertainment
അന്ന് സോഷ്യല്‍ മീഡിയ ഇല്ലാത്തത് കാരണം ചര്‍ച്ചയായില്ല; അത് ട്വിസ്റ്റിന്‍ മേല്‍ ട്വിസ്റ്റുള്ള സിനിമ: ജിസ് ജോയ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jun 10, 02:35 am
Monday, 10th June 2024, 8:05 am

തനിക്ക് ആളുകളെ സന്തോഷിപ്പിക്കുന്ന സിനിമ ചെയ്യാന്‍ ഇഷ്ടമാണെന്ന് പറയുകയാണ് സംവിധായകന്‍ ജിസ് ജോയ്. അവ തൃപ്തിപ്പെടുത്തുന്ന സിനിമയാകണമെന്നും അദ്ദേഹം പറയുന്നു. ഏത് തരം ഴോണറാണെങ്കിലും അതിനോട് നൂറ് ശതമാനവും നീതി പുലര്‍ത്തുന്ന സിനിമ ചെയ്യാനാണ് തനിക്ക് താത്പര്യമെന്നും ജിസ് ജോയ് കൂട്ടിച്ചേര്‍ത്തു.

പണ്ടുമുതലേ ത്രില്ലര്‍ സിനിമകളോട് വലിയ താത്പര്യമുണ്ടായിരുന്നുവെന്നും അതിന് ഉദാഹരണമാണ് ബൈസിക്കിള്‍ തീവ്‌സെന്നും സംവിധായകന്‍ പറഞ്ഞു. തന്റെ ഏറ്റവും പുതിയ ചിത്രമായ തലവന്റെ ഭാഗമായി മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജിസ് ജോയ്.

‘എനിക്ക് ആളുകളെ സന്തോഷിപ്പിക്കുന്ന സിനിമ ചെയ്യാന്‍ ഇഷ്ടമാണ്. അവരെ തൃപ്തിപ്പെടുത്തുന്ന സിനിമയാകണം അത്. സന്തോഷിപ്പിക്കുക എന്നത് കൊണ്ട് തൃപ്തിപ്പെടുത്തുക എന്നാണ് ഉദ്ദേശിച്ചത്. അല്ലാതെ ചിരിപ്പിക്കുന്ന സിനിമയെന്നല്ല.

അതിപ്പോള്‍ ഏത് ഴോണറിലുമുള്ള സിനിമയുമാകാം. ഒരു ഹൊറര്‍ സിനിമയുമാകാം. ഏത് തരം ഴോണറിനാണോ ടിക്കറ്റ് എടുക്കുന്നത് അതിനോട് നൂറ് ശതമാനവും നീതി പുലര്‍ത്തുന്ന സിനിമ ചെയ്യാനാണ് എനിക്ക് താത്പര്യം. പക്ഷെ പണ്ടുമുതലേ ത്രില്ലര്‍ സിനിമകളോട് വലിയ താത്പര്യമുണ്ടായിരുന്നു.

അത് ബൈസിക്കിള്‍ തീവ്‌സ് കണ്ടാല്‍ തന്നെ മനസിലാകുമല്ലോ. ഇന്നത്തെ പോലെ സോഷ്യല്‍ മീഡിയ അന്ന് ഇല്ലാത്തത് കൊണ്ടാണ്. അന്ന് ബൈസിക്കിള്‍ തീവ്‌സിന് വന്ന കമന്റുകള്‍ ട്വിസ്റ്റിന്‍ മേല്‍ ട്വിസ്റ്റുള്ള സിനിമയെന്നാണ്. അത്രയേറെ ട്വിസ്റ്റുള്ള സിനിമയാണ് അത്.

സണ്‍ഡേ ഹോളിഡേയും വിജയ് സൂപ്പറും പൗര്‍ണമിയും ഫീല്‍ഗുഡ് സിനിമയായത് കൊണ്ടാകും ആളുകള്‍ എന്നെ ഫീല്‍ഗുഡുകളുടെ സംവിധായകനാക്കിയത്. അത്തരം സിനിമകളും എടുക്കാന്‍ ആഗ്രഹമുണ്ട്,’ ജിസ് ജോയ് പറഞ്ഞു.


Content Highlight: Jis Joy Talks About Bicycle Thieves Movie