| Tuesday, 11th June 2024, 5:26 pm

ആ സിനിമ കാണുമ്പോള്‍ എനിക്ക് പൃഥ്വിയോട് റെസ്‌പെക്ട് തോന്നാറുണ്ട്; അങ്ങനെ തോറ്റു കൊടുക്കുന്നത് ചെറിയ കാര്യമല്ല: ജിസ് ജോയ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അയ്യപ്പനും കോശിയുമെന്ന സിനിമ കാണുമ്പോള്‍ തനിക്ക് പൃഥ്വിരാജ് സുകുമാരനോട് ബഹുമാനം തോന്നാറുണ്ടെന്ന് പറയുകയാണ് സംവിധായകന്‍ ജിസ് ജോയ്. അദ്ദേഹം ആ സിനിമയില്‍ തന്റെ കഥാപാത്രത്തെ വളരെ നന്നായി ചെയ്തിട്ടുണ്ടെന്നും വലിയ എഫേര്‍ട്ട് ഇട്ടിട്ടുണ്ടെന്നും ജിസ് പറയുന്നു.

ഒപ്പം അഭിനയിച്ച ബിജു മേനോനേക്കാള്‍ വലിയ മാസ് പടങ്ങള്‍ ചെയ്യുന്നത് പൃഥ്വിയാണെന്നും എന്നിട്ടും അയ്യപ്പന്റെ മുന്നില്‍ തോറ്റു കൊടുക്കാന്‍ തയ്യാറാകുന്നത് ചെറിയ കാര്യമല്ലെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു. തന്റെ ഏറ്റവും പുതിയ ചിത്രമായ തലവന്റെ ഭാഗമായി മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജിസ് ജോയ്.

‘ആസിഫ് അലിയെ ഒരു മെച്ചുവേര്‍ഡ്മാനാക്കണം എന്നതായിരുന്നു ഞാന്‍ തലവനില്‍ ആദ്യം അണ്ടര്‍ലൈന്‍ ചെയ്ത കാര്യം. ആ കാര്യം ഞാന്‍ ആരോടും പറഞ്ഞിരുന്നില്ല. ആസിഫിനോട് പോലും അത് പറഞ്ഞില്ല. പ്രേക്ഷകരുടെ ഉള്ളില്‍ ആസിഫ് അലിയെന്ന നടന്‍ അടുത്ത വീട്ടിലെ പയ്യനാണ്.

ഉയരെ, കെട്ട്യോളാണ് എന്റെ മാലാഖ ഉള്‍പെടെയുള്ള ഒരുപാട് നല്ല സിനിമകള്‍ അവന്‍ ചെയ്തിട്ടുണ്ട്. കെട്ട്യോളാണ് എന്റെ മാലാഖ വിജയിച്ചു നില്‍ക്കുമ്പോഴും ആളുകള്‍ കണ്ണടച്ച് ആസിഫിനെ കുറിച്ച് ആലോചിക്കുമ്പോള്‍ മനസില്‍ വരിക ചിലപ്പോള്‍ സോള്‍ട്ട് എന്‍ പെപ്പറിലൊക്കെ കണ്ട പയ്യനാണ്.

ഞാന്‍ ശരിക്കും ഇതൊരു ചലഞ്ചായി ഏറ്റെടുത്തിരുന്നു. കാരണം അവന്റെ എതിരെ നില്‍ക്കുന്നത് ബിജു മേനോന്‍ എന്ന നടനാണ്. അദ്ദേഹത്തിന് ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ അത് ശ്രമകരമായി തോന്നില്ല.

ബിജു ചേട്ടന്റെ സ്റ്റൈലും ബോഡി ലാഗ്വേജുമൊക്കെ വെച്ചിട്ട് എതിരെയുള്ള ആര്‍ട്ടിസ്റ്റിന് പിടിച്ച് നില്‍ക്കാന്‍ പറ്റുകയെന്ന് പറയുന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. അദ്ദേഹത്തിന്റെ അയ്യപ്പനും കോശിയുമൊക്കെ കണ്ടാല്‍ നമുക്ക് ആ കാര്യം മനസിലാകും.

പൃഥ്വിരാജ് ആ സിനിമയില്‍ വലിയ എഫേര്‍ട്ട് ഇട്ടിട്ടുണ്ട്. ചിലപ്പോള്‍ അതുകൊണ്ടാകും അയ്യപ്പനും കോശിയും കാണുമ്പോള്‍ എനിക്ക് പൃഥ്വിയോട് റെസ്‌പെക്ട് തോന്നുന്നത്. അവന്‍ ആ സിനിമയില്‍ തന്റെ കഥാപാത്രത്തെ വളരെ നന്നായി ചെയ്തിട്ടുണ്ട്.

പക്ഷെ അവസാനം രാജു തോറ്റു കൊടുക്കുകയാണ്. അവന്‍ വളരെ വലിയ മാസ് പടങ്ങള്‍ ചെയ്യുന്ന ആളാണ്. ഒരുപക്ഷെ ബിജു മേനോനേക്കാള്‍ വലിയ മാസ് പടങ്ങള്‍ ചെയ്യുന്നത് രാജുവാണെന്ന് വേണം പറയാന്‍. അങ്ങനെയൊരു ആര്‍ട്ടിസ്റ്റ് അയ്യപ്പന്റെ മുന്നില്‍ തോറ്റു കൊടുക്കാന്‍ തയ്യാറാകുന്നത് ചെറിയ കാര്യമല്ല,’ ജിസ് ജോയ് പറഞ്ഞു.


Content Highlight: Jis Joy Talks About Ayyappanum Koshiyum Movie

We use cookies to give you the best possible experience. Learn more