| Tuesday, 4th June 2024, 6:02 pm

മമ്മൂക്കയുടെ ബിലാലിനെ പോലെയാണ് തലവനിലെ ആസിഫ് അലി; അത് ആദ്യമേ തീരുമാനിച്ചിരുന്നു: ജിസ് ജോയ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അമല്‍ നീരദ് സംവിധാനം ചെയ്ത് 2007ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ബിഗ് ബി. മമ്മൂട്ടി നായകനായ ചിത്രം ഇന്നും പല സിനിമാപ്രേമികള്‍ക്കും പ്രിയപ്പെട്ടതാണ്. ബിഗ് ബിയിലെ മമ്മൂട്ടിയുടെ ബിലാല്‍ എന്ന കഥാപാത്രത്തിന്റെ ചിരി പോലും വലിയ ചര്‍ച്ചയായിരുന്നു. ബിലാല്‍ ആ സിനിമയില്‍ ആകെ ചിരിക്കുന്നത് ഒരു സീനില്‍ മാത്രമാണ്. മറ്റു സീനുകളിലൊന്നും അദ്ദേഹം ചിരിക്കുന്നില്ല.

ആസിഫ് അലി നായകനായ ഈ വര്‍ഷത്തെ ആദ്യ സിനിമയാണ് തലവന്‍. ജിസ് ജോയ് ഒരുക്കിയ ചിത്രം ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറാണ്. തലവനില്‍ ആസിഫിന്റെ കാര്‍ത്തിക് എന്ന കഥാപാത്രം ഒരു തവണ മാത്രമാണ് ചിരിച്ചിട്ടുള്ളത്. മന്ത്രിയായ അമ്മാവനെ കാണുന്ന സീനിലാണ് കാര്‍ത്തിക് ചിരിക്കുന്നത്.

ഇത്രയും നല്ല ചിരിയുള്ള ആസിഫ് അലി എന്തുകൊണ്ടാണ് ബിഗ് ബിയിലെ മമ്മൂട്ടിയെ പോലെ തലവനില്‍ അധികം ചിരിക്കാതിരുന്നത് എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് സംവിധായകന്‍ ജിസ് ജോയ്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജിസ് ജോയ്.

‘ശരിയാണ് ബിഗ് ബിയില്‍ മമ്മൂക്ക ഒരു സീനില്‍ മാത്രമേ ചിരിക്കുന്നുള്ളൂ. തലവനിലെ ആസിഫിന്റെ ചിരിയെ കുറിച്ച് ചോദിച്ചാല്‍, ആദ്യം ആ കഥാപാത്രത്തെ കുറിച്ച് പറയുമ്പോള്‍ തന്നെ അവന്റെ ചിരി പോലും കുറച്ച് ഇന്‍സ്‌റ്റോള്‍മെന്റായി കൊടുത്താല്‍ മതിയെന്ന് തീരുമാനിച്ചിരുന്നു.

സണ്‍ഡേ ഹോളിഡേയിലും അങ്ങനെയൊന്ന് ഉണ്ടായിരുന്നു. ഒരു പെണ്‍കുട്ടി വിട്ടിട്ട് പോയതോടെ എല്ലാ പെണ്‍കുട്ടികളെയും വെറുത്ത് നില്‍ക്കുകയാണ് അമല്‍. ആ സിനിമയില്‍ സിദ്ദിഖ് ഇക്ക ചോദിക്കുന്നുണ്ട് ‘നിന്റെ മുഖമെന്താടാ എപ്പോഴും കടന്നല്‍ കുത്തിയത് പോലെയിരിക്കുന്നത്’ എന്ന്. അതോക്കെ ആദ്യമേ തന്നെ തീരുമാനിച്ചതായിരുന്നു,’ ജിസ് ജോയ് പറഞ്ഞു.

ബൈസിക്കിള്‍ തീവ്സ്, സണ്‍ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്‍ണമിയും, ഇന്നലെ വരെ എന്നീ സിനിമകള്‍ക്ക് ശേഷം ആസിഫ് അലിയും ജിസ് ജോയ് യും ഒന്നിക്കുന്ന ചിത്രമാണ് തലവന്‍. ആസിഫ് അലിക്ക് പുറമെ ബിജു മേനോനും ചിത്രത്തില്‍ നായകനായിട്ടുണ്ട്. ചിത്രത്തിന് തിയേറ്ററില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ആസിഫ് അലിക്കും ബിജു മേനോനും പുറമെ അനുശ്രീ, മിയ ജോര്‍ജ്, ദിലീഷ് പോത്തന്‍, കോട്ടയം നസീര്‍, ശങ്കര്‍ രാമകൃഷ്ണന്‍, ജോജി കെ. ജോണ്‍, സംവിധായകന്‍ രഞ്ജിത്ത്, ജാഫര്‍ ഇടുക്കി, ടെസ, ദിനേശ്, അനുരൂപ്, നന്ദന്‍ ഉണ്ണി, ബിലാസ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.


Content Highlight: Jis Joy Talks About Asif Ali’s Smile In Thalavan Movie

We use cookies to give you the best possible experience. Learn more