Entertainment
ആസിഫിന്റെ ബോയ് നെക്‌സ്റ്റ് ഡോര്‍ ഇമേജ്; അവന്‍ മാറി തുടങ്ങുന്നത് ആ സിനിമയിലൂടെ: ജിസ് ജോയ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 May 26, 02:58 am
Sunday, 26th May 2024, 8:28 am

ആസിഫ് അലി എപ്പോഴും അടുത്ത വീട്ടിലെ പയ്യനെന്ന ഇമേജില്‍ നില്‍ക്കുന്ന ആളായിരുന്നു എന്ന് പറയുകയാണ് സംവിധായകന്‍ ജിസ് ജോയ്. മുമ്പ് ആസിഫിന്റെ പേര്‍ ഓര്‍ക്കുമ്പോള്‍ സോള്‍ട്ട് എന്‍ പെപ്പറിലെ ട്രെയിന്‍ സീന്‍ ആയിരുന്നു ഓര്‍മയില്‍ വരികയെന്നും അദ്ദേഹം പറഞ്ഞു.

തന്റെ ഏറ്റവും പുതിയ തലവന്‍ എന്ന സിനിമയുടെ ഭാഗമായി പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്‍. മധുപാല്‍ സംവിധാനം ചെയ്ത ഒഴിമുറി മുതലാണ് ആസിഫ് അലിയുടെ ബോയ് എന്ന ഇമേജ് മാറി തുടങ്ങുന്നതെന്നും ജിസ് ജോയ് കൂട്ടിച്ചേര്‍ത്തു.

‘ആസിഫ് അലി എപ്പോഴും ബോയ് നെക്‌സ്റ്റ് ഡോര്‍ ഇമേജില്‍ നില്‍ക്കുന്ന ആളാണ്. മുമ്പൊക്കെ അവന്റെ പേര് ആലോചിക്കുമ്പോള്‍ സോള്‍ട്ട് എന്‍ പെപ്പറിലെ ട്രെയിന്‍ സീന്‍ ആയിരുന്നു ഓര്‍മയില്‍ വരിക.

എനിക്ക് ഏറ്റവും സന്തോഷമുള്ള കാര്യം, ബിജു ചേട്ടനൊപ്പം നില്‍ക്കുന്ന കാര്‍ത്തിക് എന്ന വളരെ ടഫ് ആയിട്ടുള്ള കഥാപാത്രത്തെ മെച്ചുവേര്‍ഡായിട്ടാണ് ആസിഫ് ചെയ്തത് എന്നതാണ്. തലവനില്‍ ഒപ്പത്തിനൊപ്പം ഇടിച്ചു നില്‍ക്കുന്ന കഥാപാത്രങ്ങളായിരുന്നു ആസിഫിന്റെയും ബിജു ചേട്ടന്റെയും.

എന്നെ സിനിമ കണ്ട് മധുപാല്‍ ചേട്ടന്‍ (സംവിധായകന്‍) വിളിച്ചിരുന്നു. അദ്ദേഹം ഒരുപാട് നേരം സംസാരിച്ചത് ആസിഫിനെ കുറിച്ചാണ്. അവന് വന്ന മാറ്റത്തെ പറ്റിയാണ് പറഞ്ഞത്. അപ്പോള്‍ ഞാന്‍ അദ്ദേഹത്തോട്
‘ചേട്ടാ എനിക്ക് തോന്നുന്നത് ആസിഫിന് ആ മാറ്റം തുടങ്ങുന്നത് ചേട്ടന്റെ ഒഴിമുറി സിനിമ മുതലാണ്’ എന്ന് പറഞ്ഞു.

ആ സിനിമയിലാണ് ബോയ് എന്നത് മാറി ആസിഫ് മെച്ചുവേര്‍ഡാകുന്നത്. എനിക്ക് അതില്‍ ഒരുപാട് സന്തോഷം തോന്നി. എന്താണോ ഞാന്‍ കാര്‍ത്തിക് എന്ന കഥാപാത്രത്തിന് വേണ്ടി എഴുതിയത് അത് നൂറ്റമ്പത് ശതമാനവും ഭംഗിയായിട്ടാണ് ആസിഫ് ചെയ്തത്,’ ജിസ് ജോയ് പറഞ്ഞു.

Content Highlight: Jis Joy Talks About Asif Ali’s Boy Next Door Image