എന്റെ കഥ പറച്ചിലിന്റെ കുഴപ്പമാകാം; വീട് അടച്ച് കോളിങ്ങ് ബെല്‍ പോലും ഊരിമാറ്റിയാണ് ആസിഫ് അത് കേട്ടത്: ജിസ് ജോയ്
Entertainment
എന്റെ കഥ പറച്ചിലിന്റെ കുഴപ്പമാകാം; വീട് അടച്ച് കോളിങ്ങ് ബെല്‍ പോലും ഊരിമാറ്റിയാണ് ആസിഫ് അത് കേട്ടത്: ജിസ് ജോയ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 5th June 2024, 9:57 pm

2017ല്‍ അപര്‍ണ ബാലമുരളി – ആസിഫ് അലി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജിസ് ജോയ് ഒരുക്കിയ ചിത്രമാണ് സണ്‍ഡേ ഹോളിഡേ. ദീപക് ദേവ് സംഗീതം ഒരുക്കിയ ചിത്രത്തില്‍ ശ്രീനിവാസന്‍, ലാല്‍ ജോസ്, ആശ ശരത്, സിദ്ദിഖ്, ശ്രുതി രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ള മികച്ച താരനിര തന്നെയുണ്ടായിരുന്നു.

ആസിഫ് അലിയുടെയും ജിസ് ജോയിയുടെയും മികച്ച സിനിമകളില്‍ ഒന്നായ സണ്‍ഡേ ഹോളിഡേ ഇന്നും പലരുടെയും പ്രിയപ്പെട്ട ചിത്രങ്ങളില്‍ ഒന്നാണ്. ആസിഫിന്റെ കരിയറില്‍ പ്രേക്ഷകര്‍ക്കിടയില്‍ ഏറ്റവും റിപ്പീറ്റ് വാല്യൂ ഉള്ള ചിത്രങ്ങളിലൊന്നു കൂടെയാണ് ഇത്.

ബൈസിക്കിള്‍ തീവ്‌സ് എന്ന ചിത്രത്തിന് ശേഷം ജിസ് ജോയ് സംവിധാനം ചെയ്ത സണ്‍ഡേ ഹോളിഡേയുടെ കഥ ആസിഫിന് ഇഷ്ടമായിരുന്നില്ലെന്ന് പറയുകയാണ് സംവിധായകന്‍. വീട് പൂര്‍ണമായും അടച്ച് കോളിങ്ങ് ബെല്‍ പോലും ഊരി മാറ്റിയാണ് ആസിഫ് ഈ സിനിമയുടെ കഥ കേട്ടതെന്നും അദ്ദേഹം പറയുന്നു.

‘സിനിമയുടെ മൊത്തം കഥ പറഞ്ഞിട്ടും ആസിഫിന് ഇഷ്ടപ്പെടാതെ പോയതാണ് സണ്‍ഡേ ഹോളിഡേ. വീട് പൂര്‍ണമായും അടച്ച് കോളിങ്ങ് ബെല്‍ പോലും ഊരി മാറ്റിയാണ് ആസിഫ് ആ സിനിമയുടെ കഥ കേള്‍ക്കുന്നത്. ചിലപ്പോള്‍ എന്റെ കഥ പറച്ചിലിന്റെ കുഴപ്പമാകാം.

ഡീറ്റൈല്‍ഡായി പറഞ്ഞു കഴിഞ്ഞിട്ടും അത് ഇഷ്ടമായില്ലെന്ന് അവന്റെ മുഖത്ത് നിന്ന് എനിക്ക് വ്യക്തമായിരുന്നു. ആ കഥ അവന് ഇഷ്ടപ്പെട്ടിട്ടേയില്ലെന്ന് വേണം പറയാന്‍. കാരണം ഒരാളോട് കഥ പറയുമ്പോള്‍ അയാളുടെ റിയാക്ഷനില്‍ നിന്ന് കാര്യം മനസിലാക്കാമല്ലോ. അന്ന് കഥ പറഞ്ഞ് കഴിഞ്ഞ് ഞങ്ങള്‍ രണ്ടുപേരും വീടിന്റെ പുറത്ത് കാര്‍ പോര്‍ച്ചില്‍ വന്നുനിന്നു.

ആ സമയത്ത് കഥ വര്‍ക്കായില്ലേയെന്ന് ഞാന്‍ ചോദിച്ചു. അവന്‍ കുറച്ചു നേരം മിണ്ടാതെയിരുന്നു. പിന്നെ ‘എടോ, ഞാന്‍ അങ്ങനെയൊന്നും നോക്കുന്നില്ല. ഞാന്‍ തന്നെയങ്ങ് ട്രസ്റ്റ് ചെയ്യുകയാണ്’ എന്ന് പറഞ്ഞു. അതോടെ കഥ ഇഷ്ടമായില്ലെന്ന് എനിക്ക് ഉറപ്പായി. പിന്നീട് പടം തിയേറ്ററില്‍ വന്നപ്പോള്‍ വമ്പന്‍ ഹിറ്റാകുകയാണ് ചെയ്തത്,’ ജിസ് ജോയ് പറഞ്ഞു.

Content Highlight: Jis Joy Talks About Asif Ali And Sunday Holiday Movie