| Sunday, 14th July 2024, 6:22 pm

ആസിഫിനെ കമല്‍ സാറിന് അറിയുമോയെന്ന് ഞങ്ങള്‍ സംശയിച്ചിരുന്നു; അദ്ദേഹം അന്ന് ഞെട്ടിച്ചു: ജിസ് ജോയ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജിസ് ജോയ്‌യുടെ സംവിധാനത്തില്‍ ആസിഫ് അലി – ബിജു മേനോന്‍ എന്നിവര്‍ ഒന്നിച്ച ഇന്‍വസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലര്‍ ചിത്രമായിരുന്നു തലവന്‍. സിനിമക്ക് തിയേറ്ററില്‍ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. തലവന്‍ സിനിമ ഉലകനായകന്‍ കമല്‍ ഹാസന്‍ കാണുകയും ചെന്നൈയില്‍ വെച്ച് സിനിമയുടെ ടീമിനെ അദ്ദേഹം നേരിട്ട് കണ്ട് സംസാരിക്കുകയും ചെയ്തിരുന്നു.

അന്ന് കമല്‍ ഹാസനെ കാണുമ്പോള്‍ അദ്ദേഹത്തിന് നടന്‍ ആസിഫ് അലിയെ അറിയുമോ എന്ന സംശയം തങ്ങള്‍ക്ക് ഉണ്ടായിരുന്നുവെന്ന് പറയുകയാണ് ജിസ് ജോയ്. മോളിവുഡ് മീഡിയ മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്‍. എന്നാല്‍ ആസിഫ് കമല്‍ ഹാസന് മുന്നില്‍ സ്വയം പരിചയപ്പെടുത്തിയപ്പോള്‍ അദ്ദേഹം ആസിഫിനെ തനിക്ക് അറിയാമെന്ന് പറഞ്ഞുവെന്നും ജിസ് ജോയ് കൂട്ടിച്ചേര്‍ത്തു.

‘അന്ന് ഞങ്ങള്‍ കമല്‍ സാറിന് അടുത്തേക്ക് പോകുമ്പോള്‍ അദ്ദേഹത്തിന് ആസിഫിനെ അറിയുമോ എന്ന സംശയം ഉണ്ടായിരുന്നു. അവന്‍ അദ്ദേഹത്തോട് വളരെ ഭവ്യതയോടെ ഞാന്‍ ആസിഫ് അലി എന്ന് പറഞ്ഞതും അദ്ദേഹം ‘എന്തായിത്? എനിക്ക് നിങ്ങളെ അറിയാം. ഞാന്‍ നിങ്ങളുടെ ഉയരെ കണ്ടിട്ടുണ്ട്’ എന്നായിരുന്നു പറഞ്ഞത്,’ ജിസ് ജോയ് പറഞ്ഞു.

അതേസമയം, ആസിഫ് അലി – ബിജു മേനോന്‍ കൂട്ടുക്കെട്ടില്‍ എത്തിയ തലവന്‍ ഒ.ടി.ടിയില്‍ എത്തുന്നത് കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ബൈസിക്കിള്‍ തീവ്‌സ്, സണ്‍ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്‍ണമിയും, ഇന്നലെ വരെ എന്നീ സിനിമകള്‍ക്ക് ശേഷം ആസിഫ് അലിയും ജിസ് ജോയ്യും ഒന്നിച്ച ചിത്രമെന്ന പ്രത്യേകതയും തലവന് ഉണ്ടായിരുന്നു. ആനന്ദ് തേവര്‍ക്കാട്ട്, ശരത് പെരുമ്പാവൂര്‍ എന്നിവര്‍ തിരക്കഥ ഒരുക്കിയ സിനിമയില്‍ ചില ഡയലോഗുകള്‍ എഴുതിയത് സംവിധായകനായ ജിസ് ജോയ് തന്നെയായിരുന്നു


Content Highlight: Jis Joy Talks About Asif Ali And Kamal Haasan

We use cookies to give you the best possible experience. Learn more