|

മറ്റ് യുവതാരങ്ങള്‍ എന്നെ വിശ്വസിക്കാതിരുന്നപ്പോള്‍ ആ നടന്‍ മാത്രമാണ് എന്റെ കൈ മുറുകെ പിടിച്ചത്; അതൊരിക്കലും മറക്കില്ല: ജിസ് ജോയ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധായകന്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, അഭിനേതാവ് എന്നീ നിലകളില്‍ തന്റെ കഴിവ് തെളിയിച്ചയാളാണ് ജിസ് ജോയ്. തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുന്റെ മൊഴിമാറ്റചിത്രങ്ങളിലൂടെയാണ് ജിസ് ജോയ്യുടെ ശബ്ദം മലയാളികള്‍ക്ക് സുപരിചിതമായത്.

ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ബൈസിക്കിള്‍ തീവ്‌സ്. ചിത്രത്തിന്റെ കഥ ആദ്യം പല യുവതാരങ്ങളോടും പറഞ്ഞെന്നും എന്നാല്‍ പല കാര്യങ്ങള്‍ കൊണ്ടും അവരാരും സ്വീകരിച്ചില്ലെന്നും ജിസ് ജോയ് പറയുന്നു. ആസിഫ് അലിയുടെ അടുത്ത് കഥ പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് കഥ ഇഷ്ടമായെന്ന് പറഞ്ഞ് തന്റെ കൈ പിടിച്ചെന്നും അതൊരിക്കലും മറക്കില്ലെന്നും ജിസ് ജോയ് പറഞ്ഞു.

പല യുവതാരങ്ങളും തന്നെ വിശ്വസിക്കാതിരുന്നപ്പോള്‍ ആസിഫ് അലി മാത്രമാണ് വിശ്വസിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആ യുവതാരങ്ങളെ താന്‍ ഒരിക്കലും കുറ്റം പറയില്ലെന്നും ഓരോരുത്തര്‍ക്കും അവരുടേതായ സ്റ്റാന്‍ഡുകള്‍ ഉണ്ടെന്നും ജിസ് ജോയ് പറഞ്ഞു. സഫാരി ചാനലിനോട് സംസാരിക്കുകയായിരുന്നു ജിസ് ജോയ്.

‘ബൈസിക്കിള്‍ തീവ്‌സിന്റെ കഥ കേട്ട് കഴിഞ്ഞപ്പോള്‍ ആസിഫിന്റെ മുഖത്ത് മനോഹരമായിട്ടുള്ളൊരു ചിരി വന്നു. അദ്ദേഹം എന്റെ കൈ പിടിച്ച് ഷേക്ക് ഹാന്‍ഡ് തന്നിട്ട് ‘ഇതില്‍ മൊത്തം ട്വിസ്റ്റിന്റെ അയ്യര് കളിയാണ്. എന്നാലും നമ്മള്‍ ഇത് ചെയ്യും ചേട്ടാ. എനിക്ക് ഇങ്ങനത്തെ സിനിമകള്‍ ഭയങ്കര ഇഷ്ടമാണ്. നമുക്ക് എന്തായാലും ഇത് ചെയ്യാം’ എന്ന് പറഞ്ഞു.

അന്ന് ആസിഫ് എന്റെ കയ്യില്‍ പിടിച്ചൊരു പിടിയുണ്ടല്ലോ, അത് ഞാന്‍ മറക്കില്ല. മറ്റൊരു യുവ താരങ്ങളും എന്നെ വിശ്വസിക്കാതിരുന്ന ആ സമയത്ത് എന്നെ വിശ്വസിച്ചത് ആസിഫ് മാത്രമാണ്. ഞാന്‍ അവര്‍ ആരെയും തള്ളി പറയുന്നതല്ല. അവര്‍ക്കെല്ലാം അവരുടേതായ സ്റ്റാന്‍ഡുകള്‍ ഉണ്ട്.

അല്ലെങ്കില്‍ മറ്റ് പ്രൊജക്റ്റുകളില്‍ തിരക്കായതുകൊണ്ടായിരിക്കാം. നമുക്ക് ആര്‍ക്കും നമ്മളെ തേടി വരുന്ന എല്ലാ കഥകളോടും യെസ് പറയാന്‍ കഴിയണമെന്നില്ല. എല്ലാത്തിനും ഓരോ നിയോഗങ്ങള്‍ ഉണ്ട് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍,’ ജിസ് ജോയ് പറയുന്നു.

Content Highlight: Jis Joy Talks About Asif Ali