കുറഞ്ഞ ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യനായ സംവിധായകനാണ് ജിസ് ജോയ്. ഇന്ന് മലയാള സിനിമയിലെ മുന്‍നിര സംവിധായകരില്‍ ഒരാളാവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ബൈസിക്കിള്‍ തീവ്‌സ് എന്ന സിനിമയിലൂടെയാണ് ജിസ് ജോയ് സംവിധായകനാകുന്നത്.
അഞ്ച് സിനിമകളാണ് ഇതുവരെ ജിസ് ജോയ്‌യുടെ സംവിധാനത്തില്‍ എത്തിയിട്ടുള്ളത്. ബൈസിക്കിള്‍ തീവ്‌സ്, സണ്‍ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്‍ണമിയും, മോഹന്‍ കുമാര്‍ ഫാന്‍സ്, ഇന്നലെ വരെ എന്നിവയാണ് ആ സിനിമകള്‍.
അതില്‍ മോഹന്‍ കുമാര്‍ ഫാന്‍സ് ഒഴികെയുള്ള സിനിമകളിലെല്ലാം നായകനായത് ആസിഫ് അലിയായിരുന്നു. കുഞ്ചാക്കോ ബോബന്‍ കേന്ദ്രകഥാപാത്രമായ മോഹന്‍ കുമാര്‍ ഫാന്‍സില്‍ ആസിഫ് കാമിയോ റോളില്‍ എത്തിയിരുന്നു.
പലപ്പോഴും താരത്തിന് വലിയ വിജയങ്ങളൊന്നും ഇല്ലാത്ത സമയത്താണ് ജിസ് ജോയ്‌യുടെ പടത്തില്‍ നായകനായി എത്താറുള്ളത്. ആ പടങ്ങള്‍ വിജയമാകാറുമുണ്ട്. നിവിന്‍ പോളിക്ക് വിനീത് ശ്രീനിവാസനെ പോലെ ആസിഫ് അലിക്ക് ജിസ് ജോയ് ആണോ താങ്ങായി വരുന്നതെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് സംവിധായകന്‍.
‘അത് നല്ല ഒരു കോംപ്ലിമെന്റാണ്. പക്ഷെ അങ്ങനെയല്ല, പലപ്പോഴും ആസിഫ് എനിക്ക് താങ്ങാണെന്നാണ് തോന്നിയിട്ടുള്ളത്. കാരണം ബൈസിക്കിള്‍ തീവ്‌സ് മുതല്‍ എത്രയോ ആര്‍ട്ടിസ്റ്റുകളോട് പറഞ്ഞിട്ടും അവര്‍ക്ക് മനസിലാകാത്ത സിനിമയാണ് ആസിഫിന് മനസിലായത്.
ഞാന്‍ ഡിപ്ലോമസി കൊണ്ടു പറയുകയല്ല, എനിക്ക് പലപ്പോഴും നിങ്ങള്‍ പറഞ്ഞതില്‍ നിന്ന് തിരിച്ചാണ് തോന്നാറുള്ളത്. ഒന്നര വര്‍ഷം കൂടുമ്പോഴെങ്കിലും എനിക്ക് ഒരു സിനിമ ചെയ്യാന്‍ അദ്ദേഹം ഉള്ളത് കൊണ്ടാണ് കഴിയുന്നത്,’ ജിസ് ജോയ് പറഞ്ഞു.
അദ്ദേഹത്തിന്റെ സംവിധാനത്തില്‍ എത്തുന്ന അടുത്ത സിനിമയാണ് തലവന്‍. ഇതില്‍ ആസിഫ് അലി – ബിജു മേനോന്‍ എന്നിവരാണ് നായകന്മാരാകുന്നത്. മെയ് 24ന് തിയേറ്ററില്‍ എത്തുന്ന ചിത്രം രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പൊലീസ് ഓഫീസര്‍മാരുടെ ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് പറയുന്നത്.