ആസിഫ് അലി – ബിജു മേനോന്‍ എന്നിവര്‍ ഒന്നിച്ച് ഈ വര്‍ഷമെത്തിയ ഇന്‍വസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലര്‍ ചിത്രമായിരുന്നു തലവന്‍. ജിസ് ജോയ്‌യുടെ സംവിധാനത്തില്‍ എത്തിയ ചിത്രം തിയേറ്ററില്‍ മികച്ച പ്രതികരണമായിരുന്നു സ്വന്തമാക്കിയത്. ബൈസിക്കിള്‍ തീവ്സ്, സണ്‍ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്‍ണമിയും, ഇന്നലെ വരെ എന്നീ സിനിമകള്‍ക്ക് ശേഷം ആസിഫ് അലിയും ജിസ് ജോയ്‌യും ഒന്നിച്ച ചിത്രമെന്ന പ്രത്യേകതയും തലവന് ഉണ്ടായിരുന്നു.
ആനന്ദ് തേവര്‍ക്കാട്ട്, ശരത് പെരുമ്പാവൂര്‍ എന്നിവര്‍ തിരക്കഥ ഒരുക്കിയ സിനിമയില്‍ ചില ഡയലോഗുകള്‍ എഴുതിയത് സംവിധായകനായ ജിസ് ജോയ് തന്നെയായിരുന്നു. ഡയലോഗുകള്‍ എഴുതുന്നതിന്റെ ഇടയില്‍ തിരക്കഥയില്‍ ഇല്ലാതിരുന്ന സീനുകള്‍ കൂട്ടിച്ചേര്‍ത്തതിനെ കുറിച്ച് സംസാരിക്കുകയാണ് ജിസ് ജോയ്. സിനിമാപ്രാന്തന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അവരുടെ രണ്ടുപേരുടെയും (ആനന്ദ് തേവര്‍ക്കാട്ട്, ശരത് പെരുമ്പാവൂര്‍) കയ്യില്‍ വ്യക്തമായ തിരക്കഥ ഉണ്ടായിരുന്നു. എന്നെ സംബന്ധിച്ച് അതൊന്ന് ഓര്‍ഡറില്‍ ആക്കേണ്ട പണിയായിരുന്നു പിന്നീട് ഉണ്ടായിരുന്നത്. സീനുകള്‍ അങ്ങോട്ടും ഇങ്ങോട്ടുമായി നന്നായി ഷഫിള്‍ ചെയ്തിരുന്നു. പിന്നെ ഡയലോഗ് എഴുതി വരുമ്പോള്‍ നമ്മുക്ക് മനസില്‍ തോന്നുന്ന ചില സീനുകള്‍ ഉണ്ടാകാം. ഇങ്ങനെ വന്നാല്‍ നന്നായിരിക്കുമെന്ന് തോന്നും. അത് ചിലപ്പോള്‍ തിരക്കഥയില്‍ ഉണ്ടാകാണമെന്നില്ല. അങ്ങനെ എഴുതിയ ഒരുപാട് സീനുകളുണ്ട്.
ഉദാഹരണത്തിന് പൊലീസ് ലോഡ്ജില്‍ റെയ്ഡിന് വരുന്ന സീന്‍. ക്ലൈമാക്‌സിനോട് അടുക്കുമ്പോഴാണ് ആ സീന്‍ സിനിമയില്‍ വരുന്നത്. അങ്ങനെയൊരു സീന്‍ തിരക്കഥയില്‍ ഉണ്ടായിരുന്നില്ല. അത്തരത്തില്‍ കുറെ സീനുകള്‍ സത്യത്തില്‍ ആ സിനിമയില്‍ ഉണ്ടായിരുന്നു. ഡയലോഗ് എഴുതി വരുമ്പോള്‍ മനസില്‍ തോന്നുന്ന സീനുകളാണ് അവയൊക്കെ. നമ്മള്‍ രണ്ടുമൂന്ന് മാസം ഒരു തിരക്കഥയില്‍ മാത്രം ജീവിക്കുകയാണല്ലോ. സംവിധായകനെ സംബന്ധിച്ച് ആ സമയത്ത് വേറെ ഒന്നും മനസില്‍ ഉണ്ടാകില്ല. നമ്മുടെ കഥാപാത്രങ്ങള്‍ മാത്രമേ മനസില്‍ ഉണ്ടാകുള്ളൂ. ആ സിനിമയും കഥാപാത്രങ്ങളും പ്രദേശവും മാത്രമേ മനസില്‍ ഉണ്ടാകുകയുള്ളൂ,’ ജിസ് ജോയ് പറഞ്ഞു.
Content Highlight: Jis Joy Talks About Adding Scenes That Were Not In The Script While Writing Dialogues In Thalavan