ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് പ്രേമലു. കേരളത്തിന് പുറമെ ആന്ധ്രയിലും, തമിഴ്‌നാട്ടിലും ചിത്രം ഗംഭീര വിജയമായിരുന്നു. 135 കോടിയോളം ചിത്രം കളക്ട് ചെയ്തു. പ്രേമലുവിന്റെ വിജയത്തിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ജിസ് ജോയ്. എല്ലാ സിനിമകള്‍ക്കും ചിലരെങ്കിലും നെഗറ്റീവ് പറയുമെന്നും എന്നാല്‍ ആരും നെഗറ്റീവ് പറയാതെ എല്ലാവര്‍ക്കും ഇഷ്ടമായ സിനിമയാണ് പ്രേമലുവെന്നും ജിസ് ജോയ് പറഞ്ഞു.
പുതിയ ചിത്രമായ തലവന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് ജിസ് ജോയ് ഇക്കാര്യം പറഞ്ഞത്.
പ്രേമലുവിന്റെ ഡബ്ബിങ്ങൊക്കെ കഴിഞ്ഞ സമയത്ത് അതിന്റെ ട്രെയ്‌ലര്‍ ദിലീഷ് തനിക്കാണ് അയച്ചു തന്നതെന്നും അതിലെ പല സീനുകളും ആ ട്രെയ്‌ലറില്‍ ഉണ്ടായിരുന്നെന്നും ജിസ് ജോയ് പറഞ്ഞു.
പല ഡയലോഗുകളും കേട്ട് താന്‍ പൊട്ടിച്ചിരിച്ചുവെന്നും അത് കണ്ട് ഓര്‍ഗാനിക്കായിട്ട് ചിരിച്ചതാണോ എന്ന് ദിലീഷ് തന്നോട് ചോദിച്ചുവെന്നും ജിസ് ജോയ് പറഞ്ഞു. താന്‍ ഓര്‍ഗാനിക്കായി ചിരിച്ചതാണെന്ന് അറിഞ്ഞപ്പോള്‍ ആ സീനൊക്കെ വര്‍ക്കാകുമെന്ന് ദിലീഷിന് മനസിലായെന്നും ജിസ് ജോയ് കൂട്ടിച്ചേര്‍ത്തു.
‘എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന സിനിമകള്‍ അങ്ങനെ ഉണ്ടാകാറില്ല. പക്ഷേ പ്രേമലുവും മഞ്ഞുമ്മല്‍ ബോയ്‌സും മാത്രമാണ് എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട സിനിമകള്‍. പ്രേമലുവിന്റെ റിലീസിന് ഒരു മാസം മുമ്പ് അതിന്റെ ഒരു ട്രെയ്‌ലര്‍ ദിലീഷ് എനിക്ക് അയച്ചു തന്നിരുന്നു. ഒറിജിനല്‍ മ്യൂസിക്കിന് പകരം, ഡമ്മി മ്യൂസിക്ക് വെച്ചിട്ടുള്ള വീഡിയോ ആയിരുന്നു.
അതിലെന്നെ ഏറ്റവും ചിരിപ്പിച്ച ഡയലോഗായിരുന്നു ‘നമ്മളിനി എന്ത് ചെയ്യും മല്ലയ്യ’യും, ‘ബീന ടീച്ചറുടെ മോന്‍ എല്ലാം പഠിച്ചു, പെണ്ണുങ്ങളെ വളക്കാന്‍ മാത്രം പഠിച്ചില്ല’ ഇതൊക്കെ കണ്ട് ഞാന്‍ ഭയങ്കര ചിരിയായിരുന്നു. ദിലീഷ് ഇത് കണ്ട് എന്നോട് ചോദിച്ചു, ‘ഈ ചിരി ഓര്‍ഗാനിക്കായിട്ട് ചിരിച്ചതാണോ അതോ എന്നെ കാണിക്കാന്‍ വേണ്ടി ചിരിച്ചതാണോ’ എന്ന്. ഞാന്‍ മനസ്സറിഞ്ഞ് ചിരിച്ചതാണെന്ന് ദിലീഷിനോട് പറഞ്ഞപ്പോഴാണ് ആ സീനൊക്കെ വര്‍ക്കാകുമെന്ന് ദിലീഷിന് മനസിലായത്,’ ജിസ് ജോയ് പറഞ്ഞു.
Content Highlight: Jis Joy talking about Premalu movie