| Wednesday, 22nd May 2024, 9:26 am

പടം പൊട്ടിയാൽ ഈ പരിപാടി നിർത്തണമെന്ന് ദീപക്, പ്രിവ്യു കണ്ട് എല്ലാവരും നെഗറ്റീവ് പറഞ്ഞ ചിത്രം സൂപ്പർ ഹിറ്റായി: ജിസ് ജോയ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആസിഫ് അലിയുടെ കരിയറിൽ പ്രേക്ഷകർക്കിടയിൽ ഏറ്റവും റിപ്പീറ്റ് വാല്യൂ ഉള്ള ചിത്രങ്ങളിലൊന്നാണ് ജിസ് ജോയ് സംവിധാനം ചെയ്ത സൺ‌ഡേ ഹോളിഡേ. ബൈസിക്കിൾ തീവ്സ് എന്ന ചിത്രത്തിന് ശേഷം ജിസ് ജോയ് സംവിധാനം ചെയ്ത സിനിമയായിരുന്നു സൺ‌ഡേ ഹോളിഡേ.

ചിത്രത്തിന്റെ പ്രിവ്യൂ കഴിഞ്ഞതിന് ശേഷം സിനിമ പരാജയപ്പെടുമെന്നാണ് എല്ലാവരും പറഞ്ഞതെന്ന് ജിസ് ജോയ് പറയുന്നു. ഒരാൾ പോലും സൺ‌ഡേ ഹോളിഡേ തിയേറ്ററിൽ ഓടുമെന്ന് പറഞ്ഞില്ലെന്നും അതുകൊണ്ട് സിനിമ ഇറങ്ങുന്ന ദിവസം ഒരു പ്രതീക്ഷയും ഇല്ലായിരുന്നുവെന്നും ജിസ് ജോയ് പറയുന്നു. മാതൃഭൂമിയോട് സംസാരിക്കുകയായിരുന്നു ജിസ് ജോയ്.

‘സണ്‍ഡേ ഹോളിഡേയുടെ പ്രിവ്യു എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. ദീപക് ദേവിന്റെ സ്റ്റുഡിയോയില്‍ ആയിരുന്നു അന്ന് പ്രിവ്യു നടന്നത്. കൂടെ പത്ത് ഇരുപത്തിയഞ്ച് ആളുകള്‍ ഉണ്ടായിരുന്നു.

ആ പ്രിവ്യു കഴിഞ്ഞപ്പോള്‍ എല്ലാവരും എന്നെ വിഷമിപ്പിക്കാത്ത തരത്തില്‍ മാറ്റിനിര്‍ത്തി ആ സിനിമ പൊട്ടുമെന്നാണ് പറഞ്ഞത്. ഒരാളുപോലും ആ സിനിമ ഓടുമെന്ന് പറഞ്ഞിരുന്നില്ല. അന്ന് എല്ലാവരും പോയി കഴിഞ്ഞിട്ടും രണ്ട് മണിക്ക് ഞാനും ദീപക് ദേവും സ്റ്റുഡിയോയില്‍ തന്നെ ഇരുന്നു. നമ്മള്‍ വളരെ പ്രതീക്ഷയോടെ ചെയ്ത പാട്ടുകളും സിനിമയുമാണ്.

രണ്ടുപേര്‍ക്കും ഏറെ പ്രതീക്ഷയുള്ള സിനിമയായിരുന്നു സണ്‍ഡേ ഹോളിഡേ. പക്ഷെ ഒരാളെങ്കിലും അത് നല്ലതാണെന്ന് പറയണ്ടേ. അന്ന് ദീപക് എന്നോട് ഒരു കാര്യം പറഞ്ഞു. അത് ഇപ്പോഴും എനിക്ക് ഓര്‍മയുണ്ട്.

‘എടോ, ഈ പടം പൊട്ടികഴിഞ്ഞാല്‍ കുറച്ച് നാളത്തേക്ക് നമ്മള്‍ ഈ പരിപാടി നിര്‍ത്തണം. കാരണം നമ്മുടെ ജഡ്ജ്‌മെന്റില്‍ കാര്യമായ എന്തോ തകരാറുണ്ടെന്നാണ് നമ്മള്‍ മനസിലാക്കേണ്ടത്’ എന്നാണ് അവന്‍ പറഞ്ഞത്. അതുകൊണ്ട് ആ സിനിമ തിയേറ്ററില്‍ എത്തുന്ന ദിവസം പോലും പ്രതീക്ഷയുണ്ടായിരുന്നില്ല,’ ജിസ് ജോയ് പറഞ്ഞു.

അതേസമയം ആസിഫ് അലി, ബിജു മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിസ് ജോയ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം തലവൻ 24ന് റിലീസിന് ഒരുങ്ങുകയാണ്.

Content Highlight: Jis Joy Talk About  Sunday Holiday Movie preview  Experience

Latest Stories

We use cookies to give you the best possible experience. Learn more